Representative image/PTI
പൈലറ്റാകാൻ കേരളത്തിൽ പഠിക്കാം. ഇൻസ്ട്രുമെന്റ് റേറ്റിങ്ങോടെ ലൈസൻസ് ലഭിക്കുന്ന, കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) കോഴ്സ് പ്രവേശനത്തിന് തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി അപേക്ഷ ക്ഷണിച്ചു. വിമാനത്തിന്റെ ഫ്ലൈറ്റ് അവസ്ഥ വ്യക്തമാക്കുന്ന ഡേറ്റ നൽകുന്ന കോക്പിറ്റ് ഉപകരണങ്ങളാണ് ഫ്ലൈറ്റ് ഇൻസ്ട്രുമെൻറുകൾ. ഇൻസ്ട്രുമെൻറ് ഫ്ലൈറ്റ് റൂൾസ് (ഐ.എഫ്.ആർ.) പ്രകാരം വിമാനം പറപ്പിക്കാൻവേണ്ട യോഗ്യതയാണ് ഇൻസ്ട്രുമെൻറ് റേറ്റിങ് (ഐ.ആർ.)
യാത്രാ, ചരക്കു വിമാനങ്ങൾ
സിംഗിൾ, മൾട്ടി എൻജിൻ എയർക്രാഫ്റ്റുകൾ പറത്താനാവശ്യമായ പരിശീലനം ലഭിക്കുന്ന ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് യാത്രാ, ചരക്കു വിമാനങ്ങളിൽ പൈലറ്റാകാൻവേണ്ട ലൈസൻസ് ലഭിക്കുന്നു. കോഴ്സ് മൂന്നുവർഷം നീണ്ടുനിൽക്കാം.
യോഗ്യത
പ്ലസ്ടു/തത്തുല്യ പരീക്ഷ മൊത്തത്തിൽ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം. മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയ്ക്ക് മൂന്നിനുംകൂടി മൊത്തത്തിൽ 55 ശതമാനം മാർക്ക് നേടണം. പട്ടികവിഭാഗക്കാർക്ക് യഥാക്രമം 45 ശതമാനം, 50 ശതമാനം മാർക്ക് വേണം. 2023 ഏപ്രിൽ ഒന്നിന് 17 വയസ്സ് പൂർത്തിയാക്കണം.
പ്രവേശനം
അപേക്ഷകരുടെ എണ്ണത്തിനനുസരിച്ച് എഴുത്തുപരീക്ഷ, അഭിമുഖം എന്നിവരണ്ടും അടിസ്ഥാനമാക്കിയോ അഭിമുഖംമാത്രം അടിസ്ഥാനമാക്കിയോ ആകും തിരഞ്ഞെടുപ്പ്. എഴുത്തുപരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, ഫിസിക്സ്, ജ്യോഗ്രഫി, റീസണിങ് (ഐ.ക്യു.), ജനറൽ ഏവിയേഷൻ എന്നീ വിഷയങ്ങളിൽനിന്നും പ്ലസ്ടു നിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. യോഗ്യതനേടാൻ കട്ട് ഓഫ് നിശ്ചയിക്കും. ജനറൽവിഭാഗക്കാർക്കു നിശ്ചയിക്കുന്ന കട്ട് ഓഫിനെക്കാൾ അഞ്ച് ശതമാനം കുറവായിരിക്കും പട്ടികവിഭാഗക്കാർക്കു നിശ്ചയിക്കുന്ന കട്ട് ഓഫ്. എഴുത്തുപരീക്ഷ അടിസ്ഥാനമാക്കിയോ, ലഭിക്കുന്ന മൊത്തം അപേക്ഷകൾ പരിഗണിച്ചോ അപേക്ഷകരെ അഭിമുഖത്തിന് ഷോർട്ട്ലിസ്റ്റ് ചെയ്യും. അന്തിമ മെറിറ്റ് പട്ടികയുടെ അടിസ്ഥാനത്തിൽ, 2023 ഏപ്രിൽ/മേയ് മാസത്തിൽ തുടങ്ങുന്ന കോഴ്സിലേക്ക് പ്രവേശനം നൽകും. പട്ടികവിഭാഗക്കാർക്ക് സീറ്റ് സംവരണം ഉണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണം. സിംഗിൾ എൻജിൻ പരിശീലനത്തിന് മൊത്തം ഫീസായ 28,70,000 രൂപ അഞ്ച് ഗഡുക്കളായി അടയ്ക്കണം. മൾട്ടി എൻജിൻ പരിശീലനത്തിന് അധികഫീസ് ഉണ്ട്.
അപേക്ഷ
അപേക്ഷ rajivgandhiacademyforaviationtechnology.org യിൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ‘രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജി, ട്രിവാൻഡ്രം ഇൻറർനാഷണൽ എയർപോർട്ട്, ചാക്ക ഐ.ടി. ഐ. ജങ്ഷൻ, ബീച്ച് (പി.ഒ,), തിരുവനന്തപുരം-695 007’ എന്ന വിലാസത്തിൽ ജനുവരി 30-നകം ലഭിക്കണം.
Content Highlights: Pilot training at rajiv gandhi academy for aviation technology
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..