Representational Image| Photo: canva.com
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഉന്നതവിദ്യാഭ്യാസത്തിനായി രാജ്യം വിട്ടത് 30 ലക്ഷം വിദ്യാര്‍ഥികളെന്ന് കേന്ദ്രം. തിങ്കളാഴ്ച കേന്ദ്രസഹമന്ത്രി സുഭാസ് സര്‍ക്കാരാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. എം.പി രാജീവ് രഞ്ജന്‍ സിങ്ങിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം
ആഭ്യന്തര മന്ത്രാലയത്തിന്റെ ബ്യൂറോ ഓഫ് ഇമിഗ്രേഷന്‍ സൂക്ഷിക്കുന്ന രേഖകളല്ലാതെ ഉന്നതവിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാര്‍ഥികളുടെ കൃത്യമായ കണക്ക് സര്‍ക്കാര്‍ സൂക്ഷിച്ചിട്ടില്ല. വിസാ പ്രോസസുമായി ബന്ധപ്പെട്ട് നല്‍കിയ വിവരങ്ങള്‍ യാത്രാ ആവശ്യം, പോകേണ്ട രാജ്യത്തിന്റെ വിസയുടെ തരം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ഈ കണക്കുകള്‍. ഇതുപ്രകാരം 2022-ല്‍ മാത്രം സ്റ്റുഡന്റ് വിസയില്‍ വിദേശത്തേക്ക് പോയത് 7.5 ലക്ഷം പേരാണ്. 4.4 ലക്ഷം(2021), 2.59 ലക്ഷം (2020), 5.86 ലക്ഷം (2019), 5.17 ലക്ഷം (2018) എന്നിങ്ങനെയാണ് മറ്റ് വര്‍ഷങ്ങളിലെ കണക്കുകള്‍.
വിദ്യാഭ്യാസാവശ്യത്തിനായി രാജ്യത്ത് ചെലവഴിക്കുന്ന തുകയേക്കാള്‍ അധികമാണ് വിദ്യാര്‍ഥികള്‍ക്ക് വിദേശത്ത് ചെലവഴിക്കേണ്ടിവരുന്ന തുക. അങ്ങനെയെങ്കില്‍ രാജ്യത്ത് ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൈസ്റ്റാന്‍ഡേര്‍ഡ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും എം.പി ചോദിച്ചു. എന്നാല്‍ അങ്ങനെ ഒരു തീരുമാനം നിലവിലില്ലെന്ന് മന്ത്രി അറിയിച്ചു എന്നിരുന്നാലും വിദേശസര്‍വകലാശാലാ കാമ്പസ് വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ജി.സിയെന്നും മന്ത്രി അറിയിച്ചു. വിദേശ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസ് അനുവദിക്കാനുള്ള കരടു മാര്‍ഗനിര്‍ദേശം യു.ജി.സി. ജനുവരി അഞ്ചിനു പുറത്തിറക്കിയിരുന്നു. ഫെബ്രുവരി 20 വരെ ഇത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാം
15 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഈവര്‍ഷം വിദേശത്തു പഠിക്കാന്‍ പോകാനായി തയ്യാറെടുക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രണ്ടുലക്ഷമാണ് വര്‍ധന.
Content Highlights: Over 30 Lakh Indians Went Abroad During 2017-22 for Higher Education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..