പ്രതീകാത്മക ചിത്രം | Photo-Gettyimages
കേരളത്തില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍ നടത്തുന്ന 2021-ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്ട്മെന്റിന്റെ രണ്ടാംഘട്ടത്തിനുശേഷം ഒഴിവുള്ള സീറ്റുകള്‍ നികത്തുവാനായി നടത്തുന്ന മോപ് അപ് റൗണ്ട് അലോട്ട്മെന്റിന് മാര്‍ച്ച് 30 രാവിലെ 10 വരെ www.cee.kerala.gov.in വഴി ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യാം. നീറ്റ് യു.ജി. 2021 യോഗ്യതയുള്ള, കേരള മെഡിക്കല്‍ റാങ്ക് പട്ടികയില്‍ ഉള്ളവര്‍ക്ക് അവരുടെ ഹോംപേജില്ചെന്ന് ഓപ്ഷനുകള്‍ നല്‍കാം.
വ്യവസ്ഥകള്‍
1) അഖിലേന്ത്യ കൗണ്‍സലിങ്ങിലൂടെ എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനം നേടിയവര്‍ക്ക് മോപ് അപ് റൗണ്ടില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ല.
2) കോളേജ് മാറ്റവും കോഴ്സ് മാറ്റവും മോപ് അപ് റൗണ്ടില്‍ അനുവദിക്കും.
3) നിലവില്‍ പ്രവേശനപരീക്ഷാ കമ്മിഷണര്‍വഴി എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്ട്മെന്റ് ഉള്ളവര്‍ക്ക് മോപ് അപ് റൗണ്ടില്‍ അലോട്ട്മെന്റ് ലഭിച്ചാല്‍ നിലവിലെ അവരുടെ അലോട്ട്മെന്റ് റദ്ദാക്കും.
4) മോപ് അപ് റൗണ്ടില്‍ ലഭിക്കുന്ന അലോട്ട്മെന്റില്നിന്നും പിന്നീട് മാറ്റം അനുവദിക്കുന്നതല്ല.
രജിസ്ട്രേഷന് ഫീസ്
മോപ് അപ് റൗണ്ടില്‍ ഓപ്ഷന് രജിസ്റ്റര്‍ചെയ്യാന്‍ താത്പര്യമുള്ളവര്‍ നിര്‍ബന്ധമായും രജിസ്ട്രേഷന് ഫീസ് അടയ്ക്കണം.
1) ഗവണ്മെന്റ് എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റിലേക്കുമാത്രം ഓപ്ഷന് കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഫീസ് 10,000 രൂപ.
2) സ്വാശ്രയ എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റിലേക്കുമാത്രം ഓപ്ഷന് കൊടുക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഫീസ് 1,00,000 രൂപ.
3) സര്‍ക്കാരിലും സ്വാശ്രയത്തിലും ഓപ്ഷന് രജിസ്റ്റര്‍ചെയ്യാന്‍ 1,00,000 രൂപയാണ് ഫീസ്.
4) എസ്.സി./എസ്.ടി./ഒ.ഇ.സി./ മത്സ്യത്തൊഴിലാളികളുടെ മക്കള്‍/ഒ.ഇ.സി. ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളവര്‍/നിശ്ചിത സര്‍ക്കാര്‍ ഉത്തരവുകള്പ്രകാരം ഫീസ് ആനുകൂല്യത്തിന് അര്‍ഹതയുള്ളവര്‍, ശ്രീചിത്രാ ഹോം/ജുവനൈല്‍ ഹോം/നിര്‍ഭയ ഹോം വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ഫീസ്-5000 രൂപ. പക്ഷേ ഇവര്‍ സ്വാശ്രയ കോളേജിലെ എന്‍.ആര്.ഐ./മൈനോറിറ്റി സീറ്റുകളിലേക്ക് ഓപ്ഷന് രജിസ്റ്റര്‍ചെയ്യാന്‍ ഉദ്ദേശിക്കുന്നപക്ഷം, സ്വാശ്രയവിഭാഗത്തിനു ബാധകമായ രജിസ്ട്രേഷന് ഫീസ് അടയ്ക്കണം.
5) ഇതിനകം എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്ട്മെന്റ് കിട്ടി എന്‍ട്രന്‍സ് കമ്മിഷണര്‍ക്ക് തുക അടച്ചവര്‍, അടച്ച തുക രജിസ്ട്രേഷന് ഫീസിനെക്കാള്‍ അധികമെങ്കില്‍ വീണ്ടും രജിസ്ട്രേഷന് ഫീസ് അടയ്ക്കേണ്ടതില്ല; കുറവെങ്കില്‍ ബാക്കി തുക അടച്ചാല്‍മതി
6) എം.ബി.ബി.എസ്./ബി.ഡി.എസ്. ഒഴികെയുള്ള കോഴ്സുകളിലേക്ക് പ്രവേശനപരീക്ഷാ കമ്മിഷണര്‍ വഴി അലോട്ട്മെന്റ് ലഭിച്ചവര്‍, അതിന്റെ ഭാഗമായി കമ്മിഷണര്‍ക്ക് അടച്ച തുക, മോപ് അപ് റൗണ്ട് രജിസ്ട്രേഷന് ഫീസിനത്തില്‍ വകയിരുത്തുന്നതല്ല. അവര്‍ ബാധകമായ തുക ഇപ്പോള്‍ അടച്ച് ഓപ്ഷന് നല്‍കണം.
7) ഹോംപേജില്‍ മോപ് അപ് രജിസ്ട്രേഷന് പേജില്‍ നല്കുന്ന വിവരങ്ങള്‍ പരിഗണിച്ചാണ് ഫീസ് നിശ്ചയിച്ചുനല്‍കുന്നത്
8) ഫീസ് അടച്ചശേഷമേ മോപ് അപ് റൗണ്ട് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ
9) അലോട്ട്മെന്റ് ലഭിച്ചാല്‍ രജിസ്ട്രേഷന് ഫീസ്, കോഴ്സ് ഫീസില്‍ വകയിരുത്തും
10) അലോട്ട്മെന്റ് ലഭിച്ചില്ലെങ്കില്‍ രജിസ്ട്രേഷന് ഫീസ് തിരികെ നല്‍കും.
11) മോപ് അപ് റൗണ്ടില്‍ അലോട്ട്മെന്റ് ലഭിക്കുന്നവര്‍ അത് സ്വീകരിക്കാതിരുന്നാലും സ്വീകരിച്ചശേഷം പിന്നീട് കോഴ്സില്‍നിന്നും വിടുതല്‍ വാങ്ങിയാലും രജിസ്ട്രേഷന് ഫീസ് നഷ്ടപ്പെടും. ഇവര്‍ പ്രോസ്പെക്ടസ് ക്ലോസ് 12.2.4 പ്രകാരം പിഴയും നല്‍കേണ്ടിവരും.
12) അലോട്ട്മെന്റ് ലഭിച്ചാല്‍ ചേരുമെന്ന് ഉറപ്പുള്ള ഓപ്ഷനുകള്‍ മാത്രം രജിസ്റ്റര്‍ചെയ്യുക.
13) എല്ലാവരും പുതിയ ഓപ്ഷനുകള്‍ രജിസ്റ്റര്‍ചെയ്യണം. ആദ്യ രണ്ടു റൗണ്ടുകള്‍ക്കു നല്കിയ ഓപ്ഷനുകള്‍/അവശേഷിക്കുന്ന ഓപ്ഷനുകള്‍ എന്നിവ മോപ് അപ് റൗണ്ടിലേക്ക് പരിഗണിക്കില്ല.
ഏപ്രില്‍ ഒന്നിന് മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധപ്പെടുത്തും. ഫീസ്/ബാക്കി തുക (ബാധകമെങ്കില്‍) അടച്ചശേഷം കോളേജില്‍ പ്രവേശനം നേടാന്‍ ഏപ്രില്‍ നാലുമുതല്‍ ആറിന് ഉച്ചയ്ക്ക് രണ്ടുവരെ സമയമുണ്ടാകും.
സ്ട്രേ വേക്കൻസി റൗണ്ട്
മോപ് അപ് റൗണ്ടിനുശേഷമുള്ള ഒഴിവുകൾ സ്ട്രേ വേക്കൻസി അലോട്ട്മെൻറിലൂടെ നികത്തും. മോപ് അപ് റൗണ്ടിൽ അലോട്ട്മെൻറ് ലഭിക്കാത്തവരെ മാത്രമേ, അവർ മോപ് അപ് റൗണ്ടിനു നൽകിയ ഓപ്ഷനുകൾ പരിഗണിച്ച് സ്ട്രേ റൗണ്ടിലേക്ക് പരിഗണിക്കൂ. മോപ് അപ് റൗണ്ടിൽ അലോട്ട്മെൻറ് ലഭിക്കുന്നവർ പ്രവേശനം നേടാതിരിക്കുകയോ നേടിയശേഷം പിന്നീട് കോഴ്സിൽനിന്നും വിടുതൽ വാങ്ങുകയോ ചെയ്യുന്നപക്ഷം അവരെ സ്ട്രേ വേക്കൻസി റൗണ്ടിലേക്കു പരിഗണിക്കുന്നതല്ല. ഇതിലേക്കുള്ള വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധപ്പെടുത്തും.
Content Highlights: options for mop up round can be given in march 30
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..