
-
കല്പറ്റ: സംസ്ഥാനത്ത് പട്ടികജാതി വിദ്യാർഥികൾക്ക് വീടുകളിൽ പഠനസൗകര്യമൊരുക്കാൻ കോടികൾ ചെലവഴിച്ചിട്ടും ഓൺലൈൻ പഠനസൗകര്യം ഇപ്പോഴും അന്യം. 2017 -18 സാമ്പത്തികവർഷംമുതൽ ഹൈസ്കൂൾ, ഹയർസെക്കൻഡറി ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷ നൽകിയാൽ വീടിനോടുചേർന്ന് പ്രത്യേക പഠനമുറി നിർമിക്കുന്നതിന് രണ്ടുലക്ഷം രൂപയാണ് സർക്കാർ അനുവദിക്കുന്നത്.
332 കോടിരൂപയുടെ ഭരണാനുമതിയുമായിട്ടുണ്ട്. ഇതുവരെ 92.25 കോടിരൂപ സർക്കാർ ഈ ഇനത്തിൽ ചെലവഴിച്ചുകഴിഞ്ഞു. അനുവദിച്ച പഠനമുറികളുടെ നിർമാണം പൂർത്തിയാവുകയോ, പുരോഗമിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്രയുംതുക ചെലവഴിച്ചിട്ടും ഈ പഠനമുറികളിലൊന്നും ഓൺലൈൻ സൗകര്യങ്ങളില്ലാത്ത സ്ഥിതിയാണ്. വകുപ്പിന്റെതന്നെ കണക്കിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട 16,000-ത്തിലധികം സ്കൂൾകുട്ടികൾക്ക് ഇപ്പോഴും ഓൺലൈൻ പഠനസൗകര്യങ്ങൾ ലഭ്യമല്ല.
ഇരുന്നുപഠിക്കാൻ പഠനസൗകര്യമില്ലെന്നത് തിരിച്ചറിഞ്ഞ് 2017-18 വർഷത്തിലാണ് വിദ്യാർഥികൾക്കായി പഠനമുറി അനുവദിക്കുന്ന പദ്ധതി തുടങ്ങിയത്. 800 ചതുരശ്ര അടിയിൽ താഴെ വിസ്തീർണമുള്ള വീടുള്ള, ഒരുലക്ഷം രൂപയിൽ കുറവ് വാർഷികവരുമാനമുള്ള കുടുംബങ്ങളിലെ സ്കൂൾവിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ഇതുവരെ 16,600 പേർക്കാണ് പഠനമുറികൾ അനുവദിച്ചത്. 120 ചതുരശ്രയടി വിസ്തീർണത്തിൽ വാർപ്പിട്ട മുറിയാണ് പണിയേണ്ടത്. നിലത്ത് ടൈൽ വിരിക്കണം. ഫാനും പുസ്തകങ്ങൾവെയ്ക്കാൻ ഷെൽഫും ഉണ്ടായിരിക്കും എന്നിങ്ങനെയായിരുന്നു മാനദണ്ഡങ്ങൾ. കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ പ്ലഗ്പോയന്റ് വേണമെന്നുമുണ്ട്. ഇതുവരെ 4553 വീടുകളിൽ നിർമാണം പൂർത്തിയായി. ശേഷിക്കുന്നവയുടെ നിർമാണം പുരോഗമിക്കുകയാണ്.
പദ്ധതിയിൽ സാമ്പത്തികപ്രതിസന്ധി അനുഭവപ്പെടരുതെന്ന നിർദേശത്തെ തുടർന്നാണ് ഒരുമുറി പണിയാൻ രണ്ടുലക്ഷം രൂപ അനുവദിച്ചത്. പ്രളയപുനരധിവാസപ്രവർത്തനങ്ങളിൽപോലും ഒരുവീട് നിർമിക്കാൻ നാലുലക്ഷം രൂപമാത്രം സഹായധനം അനുവദിക്കുമ്പോഴാണിത്. വയൽപ്രദേശങ്ങളിലും വനഗ്രാമങ്ങളിലും യാത്രാസൗകര്യമില്ലാത്ത പ്രദേശങ്ങളിലുമുള്ള വീടുകളിൽ താമസിക്കുന്നവർക്ക് പഠനമുറിയുടെ നിർമാണത്തിന് ഈ തുക ആവശ്യമായി വരുന്നുണ്ട്. എന്നാൽ പേരിനൊരുമുറിയുണ്ടാക്കി ശേഷിക്കുന്ന തുക വീടുകളുടെ നവീകരണത്തിനും മറ്റു പണികൾക്കും ഉപയോഗിക്കുന്നവരും കുറവല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഈ പഠനമുറികളിലേക്ക് ആവശ്യമായ പഠനസാമഗ്രികൾ നൽകുന്ന പദ്ധതികൂടിയുണ്ട്.
മാറിയസാഹചര്യത്തിൽ ഓൺലൈൻ വിദ്യാഭ്യാസം അനിവാര്യമായതിനാൽ പഠനമുറി അനുവദിക്കുന്നതിനൊപ്പം കംപ്യൂട്ടർ, അല്ലെങ്കിൽ ടാബുകൂടി വിദ്യാർഥികൾക്കായി ലഭ്യമാക്കണമെന്നാണ് ആവശ്യം. ആവശ്യമുള്ളവർക്കുമാത്രം അധികത്തുക അനുവദിച്ചാൽ മതിയാകുമെന്നും ഉദ്യോഗസ്ഥർ നിർദേശിക്കുന്നു. അല്ലെങ്കിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ വഴി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കണമെന്നും വിദ്യാർഥികളിൽനിന്ന് ആവശ്യമുയരുന്നു.
Content Highlights: Online learning still not available for sc st kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..