Image: Getty images
മലപ്പുറം: ഓണ്‍ലൈന്‍ പഠനം ജി-സ്വീറ്റിലേക്കു മാറുന്നതോടൊപ്പം വീടുതന്നെ വിദ്യാലയമെന്ന ലക്ഷ്യത്തിനായുള്ള മാര്‍ഗരേഖകള്‍ വിദ്യാഭ്യാസവകുപ്പ് ആവിഷ്കരിച്ചു. പാഠപുസ്തകങ്ങള്‍ക്കുപകരം ഡിജിറ്റല്‍ ഉപകരണങ്ങളും സൗകര്യങ്ങളും എല്ലാവരിലുമെത്തിക്കുന്നതിനാകും ഇതോടെ പ്രഥമ പരിഗണന.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും സംവാദാത്മക ക്ലാസുകള്‍ ലഭ്യമാക്കാനുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനാണ് വിദ്യാഭ്യാസവകുപ്പിന്റെ ലക്ഷ്യം. ഓരോ കുട്ടിയുടെയും സവിശേഷതകളും പോരായ്മകളും തിരിച്ചറിഞ്ഞു സ്കൂളിലെ അധ്യാപകര്‍തന്നെ ക്ലാസെടുക്കുന്ന രീതി ഇതോടെ നിലവില്‍വരും. ടാബ്, ലാപ്ടോപ്, മറ്റനുയോജ്യ ഉപകരണങ്ങള്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി, വൈദ്യുതിലഭ്യത, ഉപകരണങ്ങളുടെ കേടുപാടുകളും അറ്റകുറ്റപ്പണികളും തീര്‍ക്കല്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമാകും.
അതോടൊപ്പം കുട്ടികളുടെ നേത്രസംരക്ഷണം, സ്ക്രീന്‍ അഡിക്ഷന്, സൈബര്‍ കുറ്റകൃത്യങ്ങളിലകപ്പെടല് എന്നിവ തിരിച്ചറിയാനുള്ള വഴികളും തേടും. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബോധവത്കരണം നല്‍കും.
ഡിജിറ്റല്‍ ഉപകരണങ്ങള്‍ സ്വന്തമായി വാങ്ങാന്‍ കഴിവുള്ളവര്‍, വായ്പ ആവശ്യമുള്ളവര്‍, ഗുണഭോക്തൃവിഹിതം നല്കാന് കഴിവുള്ളവര്‍, പൂര്‍ണമായും സൗജന്യമായി നല്കേണ്ടവര് എന്നിവ കണ്ടെത്തും. ഇതിനായി സംസ്ഥാനത്തെ എല്ലാ വീടുകളും സന്ദര്‍ശിച്ച് വിഭവസമാഹരണ കാമ്പയിന് നടത്തും. ജനപ്രതിനിധികള്‍, സന്നദ്ധ-സാമൂഹിക-പ്രവാസി സംഘടനകള്‍ എന്നിവരുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹായവും തേടും.
സംഘാടനത്തിനു സമിതികള്‍
മുഖ്യമന്ത്രി അധ്യക്ഷനും വിദ്യാഭ്യാസമന്ത്രി സഹാധ്യക്ഷനും പ്രതിപക്ഷനേതാവ്, വിദ്യാഭ്യാസ സെക്രട്ടറി എന്നിവരുമുള്ക്കൊള്ളുന്ന സംസ്ഥാനതല സമിതി. ജില്ലാ ആസൂത്രണസമിതി ചെയര്‍പേഴ്സണ്‍, കളക്ടര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാസമിതി. മുനിസിപ്പല്‍, കോര്പ്പറേഷന്, ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ്, സ്കൂള്‍ എന്നീതലങ്ങളില് അതത് ഭാരവാഹികളുടെ അധ്യക്ഷതയിലും കമ്മിറ്റികള്‍.
Content Highlights: Online class 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..