Photo Courtesy: Getty images
കരിവെള്ളൂർ/കണ്ണൂർ: കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം അധ്യാപനമേഖലയിലേക്കുള്ള ഉദ്യോഗാർഥികളുടെ വരവിൽ വൻ വർധന. അധ്യാപക വിദ്യാർഥികളെ കിട്ടാത്തതുമൂലം 25- ഓളം സ്വാശ്രയ ടി.ടി.ഐ.കൾ അടച്ചുപൂട്ടിയ അവസ്ഥ 10 വർഷം മുൻപ് സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാൽ, ഇന്ന് സ്വാശ്രയ ഐ.ടി.ഇ. (ഇൻസ്റ്റിട്യൂട്ട് ഓഫ് ടീച്ചർ എഡ്യുക്കേഷൻ-ടി.ടി.ഐ.കളുടെ ഇപ്പോഴത്തെ പേര്)കളിൽ സീറ്റ് ലഭിക്കണമെങ്കിൽ ഒരു വർഷം മുൻപുതന്നെ ബുക്ക് ചെയ്യേണ്ട രീതിയിലേക്ക് മാറി.
സർക്കാർ, എയ്‌ഡഡ് ഐ.ടി.ഇ.കളുടെ സ്ഥിതിയും വ്യത്യസ്തമല്ല. പ്ലസ് ടുവിൽ ഉയർന്ന ഗ്രേഡ് വാങ്ങിയവർക്കുമാത്രമേ ഇപ്പോൾ അധ്യാപകപരിശീലന കേന്ദ്രത്തിൽ പ്രവേശനം ലഭിക്കുകയുള്ളൂ. സംസ്ഥാനത്ത് 101 സർക്കാർ, എയ്‌ഡഡ് ഐ.ടി.ഇ.കളും 75-ഓളം സ്വാശ്രയ ഐ.ടി.ഇ.കളുമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. 140-ഓളം ബി.എഡ്. കോളേജുകളുമുണ്ട്. 2015 മുതൽ ബി.എഡ്. പഠനത്തിന്റെ ദൈർഘ്യം രണ്ടുവർഷമാക്കിയെങ്കിലും വിദ്യാർഥികളുടെ വരവിൽ ഇപ്പോൾ ഒരു കുറവുമില്ല.
എൻജിനീയറിങ് പോലുള്ള ചില പ്രൊഫഷണൽ ഡിഗ്രികളുടെ ആകർഷണം കുറഞ്ഞതും അധ്യാപകമേഖലയിൽ ജോലിസാധ്യത കൂടിയതുമാണ് അധ്യാപനജോലിക്ക് ഇപ്പോൾ ഡിമാൻഡ് കൂടാൻ കാരണം. ദേശീയവിദ്യാഭ്യാസനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അധ്യാപക-വിദ്യാർഥി അനുപാതം ഒന്നു മുതൽ അഞ്ചുവരെ 1:30, ആറ് മുതൽ എട്ടുവരെ 1:35 എന്നിങ്ങനെ കുറച്ചതുമൂലം നൂറുകണക്കിന് പുതിയ അധ്യാപകതസ്തികകളാണ് പുതുതായി ഓരോ ജില്ലകളിലും അനുവദിച്ചത്.
കൂടാതെ, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കൂടുതൽ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലെത്തിയതോടെ കൂടുതൽ അധ്യാപകതസ്തികകൾ ഉണ്ടായി. ഓരോ ജില്ലയിലും 500 മുതൽ 1000 വരെ അധ്യാപക നിയമനങ്ങൾ നടന്നു. പ്ലസ് ടുവാണ് അടിസ്ഥാനയോഗ്യതയെങ്കിലും ബിരുദവും ബിരുദാനന്തര ബിരുദവും എൻജിനീയറിങ് ഡിഗ്രിയുള്ളവരും ഇന്ന് ഐ.ടി.ഇ.കളിൽ അധ്യാപക വിദ്യാർഥികളായി പഠിക്കുന്നുണ്ട്.
Content Highlights: Number of students enrolling for teachers education are increasing day by day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..