പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
കോഴിക്കോട്: സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷയില്‍ ഓപ്ഷനുകള്‍ പരിമിതപ്പെടുത്തിക്കൊണ്ട് ചോദ്യക്രമീകരണം. പ്ലസ്ടു പരീക്ഷയിലുണ്ടായിരുന്നതുപോലെ ഇരട്ടിമാര്ക്കിനുള്ള ചോദ്യങ്ങള്‍ നല്‍കുകയും അതെല്ലാം മൂല്യനിര്‍ണയം നടത്തുകയും ചെയ്യുന്ന രീതി ഒഴിവാക്കിക്കൊണ്ടാണിത്.
ഇതുവരെ നേരിട്ട് സ്കൂളിലെത്തുകയോ ഒരു ക്ലാസെങ്കിലും കിട്ടുകയോ ചെയ്യാത്തവരാണ് സെപ്റ്റംബറില്‍ പരീക്ഷ നേരിടേണ്ടത്. ഇവര്‍ക്ക് ഓപ്ഷനുകള്‍ പരിമിതപ്പെടുത്തുന്നത് വിവേചനമാണെന്നാണ് ആക്ഷേപം.
പ്ലസ്ടു പരീക്ഷയില്‍ ഓരോ വിഭാഗത്തിലും എല്ലാ ഓപ്ഷനുകള്‍ക്കും ഉത്തരമെഴുതാനുള്ള അവസരം നല്‍കുകയും അതെല്ലാം മൂല്യനിര്‍ണയത്തിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇരട്ടി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ലഭിക്കുകയും എഴുതുന്നതു മുഴുവന്‍ മൂല്യനിര്‍ണയം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഇതിലൂടെ ഒട്ടേറെ കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്ക് നേടാനായി.
ഒരുവര്‍ഷം പൂര്‍ണമായി ക്ലാസ് ലഭിക്കുകയും പരീക്ഷയെഴുതാന്‍ പരിശീലനം കിട്ടുകയും ചെയ്തവരാണ് ഇക്കൊല്ലം പ്ലസ്ടു കഴിഞ്ഞുപോകുന്നവര്‍. പ്ലസ്ടു പരീക്ഷയെഴുതുന്നവരോട് കാട്ടിയ ഉദാരസമീപനം പ്ലസ്വണ് പരീക്ഷയെഴുതുന്നവര്‍ക്ക് നിഷേധിക്കാനാണ് നീക്കമെന്നാണ് ആക്ഷേപം.
ഇരട്ടിമാര്ക്കിനുള്ള ചോദ്യങ്ങള്‍ മുഴുവന്‍ മൂല്യനിര്‍ണയം നടത്തുന്നതില്‍ ഒരുവിഭാഗം അധ്യാപകര്‍ പരാതി ഉന്നയിച്ചിരുന്നു. മൂല്യനിര്‍ണയത്തിന് അധികസമയം വേണ്ടിവരുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇതു പരിഗണിച്ചാണ് നിശ്ചിത എണ്ണം ചോദ്യങ്ങളുടെ ഉത്തരങ്ങള്മാത്രം മൂല്യനിര്‍ണയം നടത്താന്‍ പാകത്തിന് ഓപ്ഷനുകള്‍ കുറയ്ക്കുന്നത്.
Content Highlights: Number of options decreased for plusone exam, Students under pressure
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..