Representational Image | Photo: freepik.com
ന്യൂഡല്‍ഹി: ഗാന്ധിവധം, മുഗള്‍ ചരിത്രം, ഗുജറാത്ത് കലാപം, ഡാര്‍വിന്‍റെ പരിണാമസിദ്ധാന്തം എന്നിവയ്ക്ക് പിന്നാലെ പിരിയോഡിക് ടേബിള്‍, ജനാധിപത്യം, ഊര്‍ജസ്രോതസ്സുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ കൂടി ഒഴിവാക്കാനൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി. വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കരണമെന്നാണ് എന്‍.സി.ഇ.ആര്‍.ടി വാദം.
ശാസ്ത്രവിഷയങ്ങളില്‍ ഡാര്‍വിന്റെ ജീവപരിണാമസിദ്ധാന്തമടക്കമുള്ള പാഠഭാഗങ്ങള്‍ ഒഴിവാക്കിയതിനെതിരേയുള്ള പ്രതിഷേധം ശക്തമായി നിലനില്‍ക്കേയാണ് പിരിയോഡിക് ടേബിളും ഊര്‍ജസ്രോതസുമടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്. പരിസ്ഥിതി സുസ്ഥിരത (environmental sustainability) സംബന്ധിച്ച പാഠഭാഗവും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഇതുകൂടാതെ പത്താം ക്ലാസ് പാഠപുസ്തകത്തിലെ ജനാധിപത്യത്തെ കുറിച്ച് പ്രതിപാദിക്കുന്ന മുഴുവന്‍ പാഠഭാഗവും നീക്കി. ജനാധിപത്യം, ജനാധിപത്യത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുള്ള വെല്ലുവിളികള്‍ എന്നിവയാണ് നീക്കംചെയ്തത്.
പിരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട മൂലകങ്ങളുടെ ആനുകാലിക വർഗീകരണം, ഊർജസ്രോതസ്സുകൾ, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര മാനേജ്‌മെന്റ് എന്നിവയും നീക്കി. വിവാദം കനക്കുമ്പോൾ താത്‌പര്യമുള്ളവർക്ക് 11, 12 ക്ലാസുകളിൽ തിരഞ്ഞെടുക്കുന്ന സ്ട്രീം അനുസരിച്ച് ഇവ പഠിക്കാമെന്നാണ് ബോർഡിന്റെ നിലപാട്. പത്താംക്ലാസ് പാസായശേഷം ആർട്‌സ് ആൻഡ് ഹ്യുമാനിറ്റീസ് തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് ജനാധിപത്യവും സയൻസ് തിരഞ്ഞെടുക്കുന്നവർക്ക് പിരിയോഡിക് ടേബിളും പഠിക്കാനാകുമെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് കാലത്ത് വിദ്യാര്‍ഥികളുടെ പഠനഭാരം കുറയ്ക്കുക, ഓവര്‍ലാപ്പിങ് ഒഴിവാക്കുക, അപ്രസക്തമായതും പ്രയാസമേറിയതുമായ ഭാഗങ്ങൾ ഒഴിവാക്കുക എന്നീ കാരണങ്ങളാണ് പാഠഭാഗങ്ങള്‍ പിന്‍വലിക്കുന്നതിനായി എന്‍.സി.ഇ.ആര്‍.ടി നിരത്തിയ വാദങ്ങള്‍. പരിണാമസിദ്ധാന്തം ഒഴിവാക്കിയതിനെതിരേ 1800-ഓളം വിദഗ്ധര്‍ സര്‍ക്കാരിന് തുറന്നകത്തെഴുതി പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇവരുന്നയിച്ച വിമര്‍ശനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു.
കോവിഡ് കാരണം കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സര്‍ക്കാര്‍ പറഞ്ഞു. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡാര്‍വിന്‍ സിദ്ധാന്തം വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. കൂടാതെ ഈ ഭാഗങ്ങൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്താം ക്ലാസില്‍ ഇതുവരെ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ ഇവയാണ്:
സയന്‍സ്
ചാപ്റ്റര്‍ 5 - പിരിയോഡിക് ക്ലാസിഫിക്കേഷന്‍ ഓഫ് എലമെന്റ്‌സ്
ചാപ്റ്റര്‍ 14- സോഴ്‌സ് ഓഫ് എനര്‍ജി
ചാപ്റ്റര്‍ 16- സസ്റ്റെയ്‌നബിള്‍ മാനേജ്‌മെന്റ് ഓഫ് നാച്ചുറല്‍ റിസോഴ്‌സസ്
ഡെമോക്രാറ്റിക് പൊളിറ്റിക്‌സ്
ചാപ്റ്റര്‍ 5 - പോപ്പുലര്‍ സ്ട്രഗിള്‍സ് & മൂവ്‌മെന്റ്‌സ്
ചാപ്റ്റര്‍ 6 - പൊളിറ്റിക്കല്‍ പാര്‍ട്ടീസ്
ചാപ്റ്റര്‍ 8 - ചാലഞ്ചസ് ടു ഡെമോക്രസി
പ്രധാന ഒഴിവാക്കലുകൾ
- പതിനഞ്ചുവർഷത്തിലേറെയായി പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികൾക്ക് പഠിക്കാനുണ്ടായിരുന്ന ഗാന്ധിജിയെക്കുറിച്ചുള്ള പാഠങ്ങൾ.
- ഗാന്ധിവധത്തിനു പിന്നാലെയുണ്ടായ ആർ.എസ്.എസ്. നിരോധനം. ആർ.എസ്.എസ്. ആരോപണവിധേയമായ ചരിത്രസംഭവങ്ങൾ.
- പന്ത്രണ്ടാംക്ലാസിലെ ചരിത്രപുസ്തകമായ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി- പാർട്ട് രണ്ടിലെ മുഗൾ സാമ്രാജ്യത്തെക്കുറിച്ചുള്ള ‘കിങ്സ് ആൻഡ് ക്രോണിക്കിൾസ്’; ‘ദി മുഗൾ കോർട്ട്സ്’. പന്ത്രണ്ടാംക്ലാസ് സിവിക്സ് പുസ്തകത്തിൽനിന്ന് ‘അമേരിക്കൻ ഹെജിമണി ഇൻ വേൾഡ് പൊളിറ്റിക്സ്’, ‘കോൾഡ് വാർ ഇറ’ അധ്യായങ്ങൾ.
- പന്ത്രണ്ടാംക്ലാസ് പൊളിറ്റിക്കൽ സയൻസ് പാഠ്യപദ്ധതിയിൽനിന്ന് ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള പാഠങ്ങൾ. നക്സലൈറ്റ് പ്രസ്ഥാനം സംബന്ധിച്ച ഭാഗം, അടിയന്തരാവസ്ഥ സംബന്ധിച്ച വിവാദങ്ങൾ എന്നിവയും പിൻവലിച്ചു.
- പതിനൊന്നാംക്ലാസിലെ ഇസ്‌ലാമിക ചരിത്രവും മുസ്‌ലിം ഭരണാധികാരികളും ഇതിവൃത്തമായ സെൻട്രൽ ഇസ്‌ലാമിക് ലാൻഡ്സ് എന്ന പാഠഭാഗം.
- പത്താംക്ലാസ് ശാസ്ത്രപുസ്തകങ്ങളിൽനിന്ന് ഡാർവിന്റെ പരിണാമസിദ്ധാന്തം. ഇതുമായി ബന്ധപ്പെട്ട് ഒമ്പതാംക്ലാസിലെ പാഠങ്ങളും ഒഴിവാക്കി.
- സ്വാതന്ത്ര്യസമരസേനാനിയും ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയുമായ മൗലാനാ അബ്ദുൽ കലാം ആസാദിനെയും ഒഴിവാക്കി.
Content Highlights: Now, Periodic Table, Democracy Dropped From NCERT Textbooks For Class 10
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..