.
തിരുവനന്തപുരം: തമിഴ്നാട് അണ്ണാമലൈ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അംഗീകാരം നല്‍കാതെ കേരളത്തിലെ സര്‍വകലാശാലകള്‍. 2015-2022 കാലത്തിനിടയില്‍ അണ്ണാമലൈ സര്‍വകലാശാലയില്‍ നിന്ന് ബിരുദ- ബിരുദാനന്തര പരീക്ഷകള്‍ പാസായവര്‍ക്ക് ഇതേതുടര്‍ന്ന് കേരളത്തില്‍ തുടര്‍പഠനത്തിനോ സര്‍ക്കാര്‍ ജോലിക്കോ പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാണിക്കുന്നു.
അണ്ണാമലൈ സര്‍വകലാശാല 2015-2022 കാലയളവില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കാണ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയത്. ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് മോഡ് പ്രകാരം പഠിച്ചവര്‍ക്ക് നല്‍കിയ ഈ സര്‍ട്ടിഫിക്കറ്റുകളാണ് ഇപ്പോള്‍ പ്രശ്നം. കോഴ്സ് നടത്തുന്നതിന് യുജിസി അംഗീകാരം നല്‍കിയിരുന്നില്ല. അതിനാല്‍ അന്ന് നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതയില്ല എന്നാണ് യുജിസി 2022 മാര്‍ച്ച് 25ന് ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. ഇതുചൂണ്ടിക്കാട്ടിയാണ് കേരളത്തിലെ സര്‍വകലാശാലകള്‍ ആ കാലയളവില്‍ പഠിച്ച് പാസായവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തുല്യത നല്‍കാന്‍ വിസമ്മതിക്കുന്നത്.
യുജിസിയുടെ തീരുമാനത്തിനെതിരെ അണ്ണാമലൈ സര്‍വകലാശാല മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി യുജിസി തീരുമാനം മരവിപ്പിക്കുകയും കോഴ്സുമായി മുന്നോട്ട് പോകാന്‍ ഇടക്കാല അനുമതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് ശേഷം 2023 ജനുവരി 20ന് സര്‍ട്ടിഫിക്കറ്റുകള്‍ സാധുതയുള്ളതാണെന്ന് കോടതി അന്തിമ വിധി പ്രഖ്യാപിക്കുകയും ചെയ്തു.
മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ യുജിസി അപ്പീല്‍ പോകാത്ത സാഹചര്യത്തില്‍ അണ്ണാമലൈ സര്‍വകലാശാല ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ് മോഡ് പ്രകാരം 2015-2022 കാലയളവില്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സാധുതയുണ്ട്. എന്നാല്‍ ഇതംഗീകരിക്കാന്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തയ്യാറാകുന്നില്ല എന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. കേരളത്തിലെ സര്‍വകലാശാലകളുടെ നിലപാട് മൂലം നിരവധി വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനമോ സര്‍ക്കാര്‍ ജോലിയോ അസാധ്യമാകുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
Content Highlights: No Kerala University yet approved degree certificates issued by Annamalai University
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..