Photo: mathrubhumi
കോഴിക്കോട്: മറ്റു സര്‍വകലാശാലകളില്‍ വിദ്യാര്‍ഥി യൂണിയന് തിരഞ്ഞെടുപ്പും കലോത്സവവും നടന്നിട്ടും അതൊന്നുമില്ലാതെ കാലിക്കറ്റ് സര്‍വകലാശാല. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും നടന്നില്ല. ഇക്കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കലാ-കായിക-സാഹിത്യ മേഖലകളില്‍ അവസരം നഷ്ടമായി. കലോത്സവം നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും.
കോവിഡിന്റെ പേരുപറഞ്ഞാണ് കാലിക്കറ്റില്‍ തിരഞ്ഞെടുപ്പ് നടത്താത്തതെങ്കില് കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും അത് ബാധമാകേണ്ടതല്ലേ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. 2022-ലെ ആദ്യ മൂന്നുമാസങ്ങളിലായി കേരള, കണ്ണൂര്‍, എം.ജി. യൂണിവേഴ്സിറ്റികളില്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് കലോത്സവവും നടന്നിരുന്നു. കാലിക്കറ്റില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും അനക്കമൊന്നുമില്ല.
കോളേജ് യൂണിയന് തിരഞ്ഞെടുപ്പ് നടക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് സാമൂഹികഇടപെടലിനുള്ള അവസരങ്ങള്‍ കുറയ്ക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു പരിപാടിയും നടക്കാത്ത, നിര്‍ജീവമായ കാമ്പസ്ജീവിതംകൊണ്ട് എന്തുകാര്യമെന്നാണ് ചോദ്യം. പി.ജി.ക്ക് കണ്ട യൂണിവേഴ്സിറ്റിയല്ല കോവിഡിനുശേഷം പിഎച്ച്.ഡി.ക്ക് ചേര്‍ന്നപ്പോള്‍ കണ്ടതെന്ന് 2021 ജൂണ്‍ ബാച്ചില്‍ പിഎച്ച്.ഡി.ക്ക് ചേര്‍ന്ന ശ്രീലക്ഷ്മി മങ്ങാട്ട് അഭിപ്രായപ്പെടുന്നു. 2016, 2018 വര്‍ഷങ്ങളില്‍ ഡി-സോണ്‍ കലാതിലകമായിരുന്നു ശ്രീലക്ഷ്മി. കാമ്പസ് ജീവിതത്തിന്റെ അനുഭവങ്ങളൊന്നും ലഭിക്കാതെയാണ് 2020-22 വര്‍ഷങ്ങളിലെ വിദ്യാര്‍ഥികള്‍ പോകുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..