Representational Image | Photo: Freepik
ന്യൂഡല്‍ഹി: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം വിലയിരുത്തുന്ന കേന്ദ്ര വിഭ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍.ഐ.ആര്‍.എഫ്) 2023-ലെ റാങ്കുകള്‍ പ്രഖ്യാപിച്ചു. ഓവറോള്‍, യൂണിവേഴ്‌സിറ്റി, കോളേജ്, റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂഷന്‍സ്, എന്‍ജിനീയറിങ്, മാനേജ്‌മെന്റ്, ഫാര്‍മസി, മെഡിക്കല്‍, ഡെന്റല്‍, ലോ, ആര്‍ക്കിടെക്ചര്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലാണ് റാങ്കിങ്. കേന്ദ്ര സഹമന്ത്രി രാജ്കുമാര്‍ രഞ്ജന്‍ സിങ് ആണ് റാങ്കുകള്‍ പ്രഖ്യാപിച്ചത്.
ഓവറോള്‍ റാങ്കിങ്ങില്‍ മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി തുടര്‍ച്ചയായി അഞ്ചാമതും ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഈ വിഭാഗത്തില്‍ 47-ാം റാങ്ക് നേടിയ കേരള സര്‍വകലാശാലയാണ് കേരളത്തില്‍ നിന്ന് ആദ്യ അമ്പതില്‍ ഇടം പിടിച്ച വിദ്യാഭ്യാസ സ്ഥാപനം. മഹാത്മാഗാന്ധി സര്‍വകലാശാല (52), ഐ.ഐ.എം കോഴിക്കോട് (54), കുസാറ്റ് (63) എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആദ്യ നൂറിലുണ്ട്.
എന്‍ജിനീയറിങ് വിഭാഗത്തിലും ഐ.ഐ.ടി മദ്രാസാണ് ഒന്നാമത്. തുടര്‍ച്ചയായി എട്ടാം വര്‍ഷമാണ് ഐ.ഐ.ടി മദ്രാസ് ഈ നേട്ടം സ്വന്തമാക്കുന്നത്. ഡല്‍ഹി ഐ.ഐ.ടി, ബോംബെ ഐഐടി രണ്ടും മൂന്നും സ്ഥാനത്തെത്തി. കേരളത്തില്‍ നിന്ന് കോഴിക്കോട് എന്‍.ഐ.ടി 23-ാംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി 48-ാം റാങ്കും, പാലക്കാട് ഐ.ഐ.ടി 69-ാം റാങ്കും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ ഐ.ഐ.ടി റൂര്‍ക്കി ഒന്നാമതും എന്‍.ഐ.ടി കാലിക്കറ്റ് രണ്ടാമതുമാണ്. ഖരഗ്പൂര്‍ ഐ.ഐ.ടിക്കാണ് മൂന്നാം റാങ്ക്. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് 17-ാം റാങ്ക് നേടിയിട്ടുണ്ട്.

ഐ.ഐ.എം അഹമ്മദാബാദ് ആണ് മാനേജ്‌മെന്റ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാമത്. ബാംഗ്ലൂര്‍ ഐ.ഐ.എം. രണ്ടാമതും കോഴിക്കോട് ഐ.ഐ.എം മൂന്നാം സ്ഥാനത്തുമാണ്. എന്‍.ഐ.ടി കോഴിക്കോട് 75-ാം സ്ഥാനത്തും കൊച്ചി രാജഗിരി ബിസിനസ് സ്‌കൂള്‍ 83-ാം റാങ്കും നേടി ആദ്യ നൂറില്‍ ഉള്‍പ്പെട്ടു
ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് സര്‍വകലാശാല വിഭാഗത്തില്‍ ഒന്നാമത്. ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയും ജാമിയ മില്ലിയ എന്നീ സര്‍വകലാശാലകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. കേരളസര്‍വകലാശാല (24), മഹാത്മാഗാന്ധി സര്‍വകലാശാല(31), കുസാറ്റ് (37), കാലിക്കറ്റ് സര്‍വകലാശാല (70) എന്നീ സര്‍വകലാശാലകളാണ് കേരളത്തില്‍ നിന്ന് ആദ്യ നൂറില്‍ ഉള്‍പ്പെട്ടത്
കോളേജ് വിഭാഗത്തില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസാണ് റാങ്കിങ്ങില്‍ ഒന്നാമത്. ഡല്‍ഹി ഹിന്ദു കോളേജ് രണ്ടാമതും ചെന്നൈ പ്രസിഡന്‍സി കോളേജ് മൂന്നാം സ്ഥാനവും നേടി. കേരളത്തില്‍ നിന്ന് 13 കോളേജുകള്‍ ആദ്യ നൂറില്‍ ഇടം നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് (26), എറണാകുളം രാജഗിരി കോളേജ് (30), എറണാകുളം സെന്റ് തെരേസാസ് കോളേജ് (41)തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് (45), എറണാകുളം മഹാരാജാസ്(46), ബിഷപ്പ് മൂര്‍ കോളേജ് ആലപ്പുഴ (51), സെന്റ് തോമസ് കോളേജ് തൃശൂര്‍ (53),എസ്.ബി കോളേജ് ചങ്ങനാശേരി (54) കോഴിക്കോട് ദേവഗിരി (59), സേക്രഡ് ഹാര്‍ട്ട് കോളേജ് കൊച്ചി (72), തിരുവനന്തപുരം വിമന്‍സ് കോളേജ് (75) യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ് (77) സി.എം.എസ് കോളേജ് കോട്ടയം (85) കോതമംഗലം മാര്‍ മാര്‍ അത്തനേഷ്യസ് കോളേജ് (87) എന്നീ സ്ഥാപനങ്ങളാണ് ആദ്യ നൂറില്‍ ഇടംപിടിച്ചത്.
മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡല്‍ഹി എയിംസ് ആണ് മുന്നില്‍. കേരളത്തില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പത്താം റാങ്കും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 44-ാം റാങ്കും നേടി ആദ്യ അമ്പതില്‍ ഇടം പിടിച്ചു. ഡെന്റല്‍ വിഭാഗത്തില്‍ തിരുവനന്തപുരം ഡെന്റല്‍ കോളേജ് 25-ാം സ്ഥാനത്തുണ്ട്. അഗ്രിക്കള്‍ച്ചര്‍& അലൈഡ് വിഭാഗത്തില്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡല്‍ഹി ഒന്നാമതെത്തി. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല 15-ാം റാങ്കും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ്& ഓഷ്യന്‍ സ്റ്റ്ഡീസ് 25-ാം റാങ്കും നേടി.
ഗവേഷണ സ്ഥാപനങ്ങളില്‍ ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് സയന്‍സ് ഒന്നാമതും ഐ.ഐ.ടി മദ്രാസ് രണ്ടാമതും ഡല്‍ഹി ഐ.ഐ.ടി മൂന്നാമതുമെത്തി. ഈ വിഭാഗത്തില്‍ ആദ്യ നൂറില്‍ കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടില്ല. ഫാര്‍മസി വിഭാഗത്തിലും, ലോ വിഭാഗത്തിലും കേരളത്തില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെട്ടില്ല
മാനേജ്മെന്റിലും ഫാര്‍മസിയിലും ആകെ റാങ്കുകളുടെ എണ്ണം 75-ല്‍ നിന്ന് 100 ആയി ഉയര്‍ത്തി. എന്നിരുന്നാലും, ആര്‍ക്കിടെക്ചര്‍, നിയമം, മെഡിക്കല്‍, ഡെന്റല്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നീ വിഷയങ്ങളില്‍ 30- 50 ന് ഇടയിലാണ് റാങ്ക് ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ എണ്ണം
സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന ഘടകങ്ങളും അവയുടെ ഉപഘടകങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിങ് നിര്‍ണയിക്കുന്നത്.
- അധ്യാപനവും പഠനവും: മൊത്തം 100 മാര്‍ക്ക്. ഇവയില്‍ നാല് ഉപഘടകങ്ങള്‍ ഉണ്ട്. വിദ്യാര്‍ഥികളുടെ എണ്ണം (പിഎച്ച്.ഡി. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ)- 20 മാര്‍ക്കാണ് ഇതിനുള്ളത്. അധ്യാപക-വിദ്യാര്‍ഥി അനുപാതം (30 മാര്‍ക്ക്), പിഎച്ച്.ഡി.യുള്ള അധ്യാപകരുടെ അനുപാതവും അധ്യാപകരുടെ പ്രവൃത്തിപരിചയവും പരിഗണിക്കുന്ന ഘടകം (20 മാര്‍ക്ക്), സാമ്പത്തികസ്രോതസ്സുകളും അതിന്റെ ഉപയോഗപ്പെടുത്തലും (30 മാര്‍ക്ക്).
- ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും: പ്രൊഫഷണന്‍ രീതിക്ക് (റിസര്‍ച്ച് ആന്‍ഡ് പ്രൊഫഷണന്‍ പ്രാക്ടീസ്) മൊത്തം സ്‌കോര്‍ 100. ഇതില്‍ പ്രസിദ്ധീകരണങ്ങള്‍ (35), പ്രസിദ്ധീകരണങ്ങളുടെ സ്വീകാര്യത/നിലവാരം (35) ഐ.പി.ആര്‍., പേറ്റന്റ് (15), പ്രോജക്ടുകള്‍, പ്രൊഫഷണല്‍ പ്രാക്ടീസ്, എക്സിക്യൂട്ടീവ് ഡെവലപ്മെന്റ് പ്രോഗ്രാമുകള്‍ (15) എന്നിവ പരിഗണിക്കും.
- ബിരുദ ഫലങ്ങള്‍: ഗ്രാജ്വേറ്റ് ഔട്ട്കം (100 മാര്‍ക്ക്). ഇതില്‍ പരീക്ഷാ വിജയശതമാനം (60), പിഎച്ച്.ഡി. വിദ്യാര്‍ഥികളില്‍ ബിരുദം നേടിയവരുടെ എണ്ണം (40 മാര്‍ക്ക്) എന്നിവയാണ് പരിഗണിക്കുക.
- വ്യാപനവും ഉള്‍ക്കൊള്ളലും: സ്ഥാപനം സമൂഹത്തിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലുന്നു, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ ഉള്‍ക്കൊള്ളുന്നു (ഔട്ട്റീച്ച് ആന്‍ഡ് ഇന്‍ക്ലൂസിവിറ്റി) എന്നിവ വിലയിരുത്തുന്നു (100 മാര്‍ക്ക്). മറ്റു സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നുമുള്ള വിദ്യാര്‍ഥികളുടെ ശതമാനം (30 മാര്‍ക്ക്), വനിതകള്‍ (30), സാമ്പത്തികമായും സാമൂഹികവുമായും വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ എണ്ണം (20), ഭിന്നശേഷി വിഭാഗക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ (20) എന്നിങ്ങനെ.
- അവബോധം: ഇതിനും 100 മാര്‍ക്കാണ്. തൊഴില്‍ദാതാക്കളും പ്രൊഫഷണലുകളും സ്ഥാപനത്തില്‍നിന്ന് പഠിച്ച് പുറത്തുവരുന്ന വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന മുന്‍ഗണന (പിയര്‍ പെര്‍സപ്ഷന്‍: എംപ്ലോയേഴ്സ് ആന്‍ഡ് അക്കാദമിക് പിയര്‍)- 100 മാര്‍ക്ക്.
അധ്യാപനവും പഠനവും- 0.30, ഗവേഷണവും പ്രൊഫഷണല്‍ പരിശീലനവും - 0.30. ബിരുദ ഫലങ്ങള്‍- 0.20, വ്യാപനവും ഉള്‍ക്കൊള്ളലും- 0.10, അവബോധം- 0.10. വിഭാഗം അനുസരിച്ച്, വെയ്റ്റേജില്‍ ചില മാറ്റങ്ങള്‍ വരാം. ഓരോ ഉപഘടകത്തിന്റെയും സ്‌കോറിങ് രീതി www.nirfindia.org ല്‍ വിശദീകരിച്ചിട്ടുണ്ട്. ഈ അഞ്ച് ഘടകങ്ങള്‍ക്ക് ലഭിക്കുന്ന സ്‌കോറുകള്‍ക്ക് ആപേക്ഷിക പരിഗണന (വെയ്റ്റ്) നല്‍കിയാണ് ഒരു സ്ഥാപനത്തിന്റെ അന്തിമ സ്‌കോര്‍ 100-ല്‍ കണക്കാക്കുന്നത്.
Content Highlights: National Institute Ranking Framework NIRF, degree Colleges, universities in India, top colleges
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..