പ്രതീകാത്മക ചിത്രം | ഫോട്ടോ:അരുൺ കൃഷ്ണൻകുട്ടി
പത്തനംതിട്ട:പരീക്ഷയെഴുതി റാങ്കുപട്ടികയിൽ വരുന്ന അധ്യാപകർ തയ്യാറാക്കുന്ന പുതിയ പാഠപുസ്തകമായിരിക്കും അടുത്ത ജൂണിൽ സ്കൂൾക്കുട്ടികളുടെ കൈവശം എത്തുക. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ആദ്യഘട്ടത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്.
ഏപ്രിൽ ഒന്നുമുതൽ പുതിയ പുസ്തകങ്ങളുടെ രചനയ്ക്കുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന വിദ്യാഭ്യാസഗവേഷണ പരിശീലന കൗൺസിലിൽ പുരോഗമിക്കുന്നത്. കുട്ടികളുമായി ഏറ്റവും അടുത്തുനിൽക്കുന്ന പാഠപുസ്തകങ്ങൾ വേണമെന്നതാണ് ലക്ഷ്യം.
പാഠപുസ്തകരചനയ്ക്ക് താത്പര്യമുള്ളവരിൽനിന്ന് ഓൺലൈനിലാണ് അപേക്ഷ വാങ്ങിയത്. 2013 പേർ അപേക്ഷിച്ചു. 750 പേരെയാണ് പരീക്ഷയിലൂടെ കണ്ടെത്തേണ്ടത്. ഇടുക്കി ജില്ലയിൽ രണ്ട് പരീക്ഷാകേന്ദ്രമുണ്ട്; മറ്റുജില്ലകളിൽ ഓരോന്നും. വിശദീകരിച്ച് എഴുതേണ്ട ചോദ്യങ്ങളാണ്. എല്ലാ വിഷയങ്ങളിലും ആശയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും.
പറഞ്ഞിരിക്കുന്ന ക്ലാസിലെ കുട്ടികൾക്ക് ഈ ആശയങ്ങൾ ഗ്രഹിക്കാൻ എളുപ്പമായ ശൈലിയിൽ ഉത്തരമെഴുതണം. കുട്ടികളുമായി ഏറ്റവും അടുത്തുനിൽക്കുന്ന ഉത്തരങ്ങൾ എഴുതുന്നവർ റാങ്കുപട്ടികയിൽ ഇടംപിടിക്കും. ജില്ലാ വിദ്യാഭ്യാസ പരിശീലന സ്ഥാപനം (ഡയറ്റ്) പരീക്ഷകൾ നടത്തും.റാങ്കുപട്ടിക ഒരുമാസത്തിനകം പ്രസിദ്ധീകരിക്കും.
ഏപ്രിൽ ആദ്യയാഴ്ച പുസ്തകരചന തുടങ്ങും. ഒക്ടോബറിൽ പൂർത്തിയാക്കും.സംസ്ഥാനത്ത് 2013-ലാണ് അവസാനം പാഠ്യപദ്ധതി പരിഷ്കരിച്ചത്. രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലേക്കുള്ള പാഠപുസ്തകങ്ങൾ 2025 ജൂണിൽ കുട്ടികൾക്ക് ലഭ്യമാക്കും. അതിന്റെ പ്രവർത്തനങ്ങൾ അടുത്ത ഏപ്രിലിൽ തുടങ്ങും.
ലക്ഷ്യം നല്ല പാഠപുസ്തകങ്ങൾ
"കുട്ടികൾക്ക് വേഗം മനസ്സിലാകുന്നതാകണം പാഠപുസ്തകങ്ങൾ. മിടുക്കരായ അധ്യാപകർക്കേ അവ തയ്യാറാക്കാനാകൂ"
-ഡോ. ആർ.കെ.ജയപ്രകാശ്- ഡയറക്ടർ, എസ്.സി.ഇ.ആർ.ടി.
Content Highlights: new academic texts to be prepared by teachers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..