പ്രതീകാത്മക ചിത്രം | Photo: gettyimages.in
തിരുവനന്തപുരം: നീറ്റ് പിജി പരീക്ഷ നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരളത്തിലെ ഡോക്ടര്‍മാര്‍. പരീക്ഷ എഴുതാനുള്ള ഹാള്‍ ടിക്കറ്റുകള്‍ നല്‍കിയത് ഒരാഴ്ചയ്ക്ക് മുമ്പ് മാത്രമാണ്. ഇതിന് പുറമെ സെന്ററുകള്‍ അനുവദിച്ചത് മറ്റ് സംസ്ഥാനങ്ങളിലും. കുറഞ്ഞ സമയത്തിനുള്ളില്‍ യാത്രയ്ക്കായി ട്രെയിനുകളില്‍ ടിക്കറ്റ് ലഭിക്കില്ല എന്നതാണ് ജനറല്‍ പ്രാക്ടീസ് നടത്തുന്ന ഡോക്ടര്‍മാരെ ആശങ്കയിലാക്കുന്നത്.
വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തിലെ ജനറല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പുറമെ പരീക്ഷ നടത്തുന്ന നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന് മെഡിക്കല്‍ സയന്‍സിന് ( എന്‍.ബി.ഇ.എം.എസ്) അപേക്ഷ നല്‍കിയിട്ടുമുണ്ട്.
എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടെങ്കിലും അപേക്ഷകരുടെ എണ്ണത്തിന് അനുസരിച്ചുള്ള കേന്ദ്രങ്ങള്‍ കുറവാണ്. അതിനാല്‍ തന്നെ പരീക്ഷാ തീയതി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കേന്ദ്രങ്ങളില്‍ സീറ്റുകള്‍ നിറയും. പിന്നെ മറ്റ് സംസ്ഥാനങ്ങളിലെ സെന്ററുകളില്‍ സീറ്റ് കണ്ടെത്തുകയാണ് പോംവഴി. എല്ലാക്കൊല്ലവും ഇതുതന്നെയാണ് ജനറല്‍ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ അനുഭവിക്കുന്നത്. എന്നാല്‍ ഇത്തവണ പ്രശ്നം കൂടുതല്‍ രൂക്ഷമാണ്. ഇത്തവണ പരീക്ഷാ കേന്ദ്രങ്ങളും ഹാള്‍ടിക്കറ്റും അനുവദിച്ച് കിട്ടിയത് മെയ് 14നാണ്. എന്നാല്‍ പരീക്ഷയാകട്ടെ മെയ് 21ന് നടക്കുകയും ചെയ്യും.
ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഹൈദരാബാദ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്ള കേരളത്തില്‍ നിന്നുള്ളവര്‍ക്ക്
എത്തിപ്പെടാന്‍ സൗകര്യങ്ങളില്ല എന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. ഇപ്പോള്‍ തന്നെ ട്രെയിന്‍ ടിക്കറ്റുകള്‍ ഒരിടത്തേക്കും ലഭ്യമല്ല. വിമാന നിരക്ക് താങ്ങാന്‍ സാധിക്കുന്നവരല്ല അധികം പേരും. പരീക്ഷ എഴുതുന്ന സ്ത്രീകളായ ഡോക്ടര്‍മാരാകട്ടെ ഒറ്റയ്ക്കല്ല പോവുന്നതും. അതുകൊണ്ട് തന്നെ അവര്‍ക്ക് യാത്രാ ചിലവ് അധികവുമായിരിക്കും.
ഓണ്‍ലൈന്‍ പരീക്ഷയാണ് നടത്തുന്നത്. അതിനുള്ള സുരക്ഷാ സംവിധാനങ്ങളുള്ള പരീക്ഷാ കേന്ദ്രങ്ങള്‍ എല്ലാ ജില്ലയിലും ആവശ്യത്തിന് ഇല്ലാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്. പലരും ഹൗസ് സര്ജന്മാരായി ജോലി ചെയ്യുന്നവരാണ്. അവധിയും യാത്രാനുമതിയുമൊക്കെ നേടിയെടുക്കല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ സാധിക്കില്ല. ഇത്രയും ദൂരം വിമാന യാത്രയ്ക്ക് കുറഞ്ഞത് 8000 രൂപയെങ്കിലുമാകും. യാത്രാക്കൂലിയല്ല പ്രധാന പ്രശ്നം ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ പരീക്ഷയെഴുതാനുള്ള തയ്യാറെടുപ്പ് നടത്തുകയെന്നതാണ്. ഒരുവര്‍ഷത്തോളം നടത്തിയ പഠനവും മറ്റുമാണ് ഇത്തരത്തില്‍ ഉത്തരവാദിത്തമില്ലാത്ത നടപടികള്‍ മൂലം തടയപ്പെടുന്നത്.
സ്വന്തം ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങള്‍ കിട്ടാതെ വന്നവര്‍ക്ക് മറ്റ് സംവിധാനം ഒരുക്കാമെന്ന നിലയില്‍ മറ്റ് സെന്ററുകള്‍ തിരഞ്ഞെടുക്കുക എന്ന ഒപ്ഷന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇങ്ങനെ മറ്റ് സെന്ററുകള്‍ക്ക് വേണ്ടി ഒപ്ഷന്‍ കൊടുത്തവര്‍ക്കാണ് ഇപ്പോള്‍ ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമൊക്കെ സെന്ററുകള്‍ അനുവദിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ നടപടി അടിയന്തിരമായി വേണമെന്നാണ് ആവശ്യമെന്ന് കേരള ജനറല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി ഡോ. അശ്വിന് ദാസ് പറഞ്ഞു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..