പ്രതീകാത്മക ചിത്രം | Photo: ntaneet.nic.in
ന്യൂഡൽഹി: ഇന്ന് നടത്താനിരുന്ന നീറ്റ് കൗൺസിലിങ് സാങ്കേതിക തടസ്സങ്ങളെത്തുടർന്ന് ഒക്ടോബർ 28-ലേക്ക് മാറ്റി. നീറ്റ് യു.ജി കൗൺസിലിങ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയാണെന്നും കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കണമെന്നും മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.
നീറ്റ് പരീക്ഷയിൽ നിശ്ചിത കട്ട്ഓഫ് മാർക്കിന് മുകളിൽ നേടിയ വിദ്യാർഥികൾക്കാണ് കൗൺസിലിങ്ങിൽ പങ്കെടുക്കാൻ അവസരം. കൗൺസിലിങ്ങിനായി രജിസ്റ്റർ ചെയ്യാനും പണമടയ്ക്കാനും നവംബർ രണ്ട് വരെയാണ് സമയം.
രജിസ്ട്രേഷന് ശേഷം ചോയിസ് ഫില്ലിങ്ങിനുള്ള അവസരമാണ്. മുൻഗണനാക്രമത്തിൽ കോളേജുകളും കോഴ്സുകളും തിരഞ്ഞെടുക്കുകയാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്. അലോട്ട്മെന്റിൽമെറിറ്റിന് പുറമേ ചോയിസും പരിഗണിക്കുമെന്നതിനാൽ ഇത് ശ്രദ്ധിച്ച് വേണം പൂരിപ്പിക്കാൻ. നവംബർ അഞ്ചിനാണ് ഒന്നാം അലോട്ടമെന്റ്. അലോട്ട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടാൻ തയ്യാറാണെങ്കിൽ നവംബർ ആറിനും 12നുമിടയിൽ അതാത് കോളേജിൽ റിപ്പോർട്ട് ചെയ്യണം. സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ശേഷം നിർദ്ദിഷ്ട കോളേജിൽ പ്രവേശനം നേടാം.
രണ്ടാംഘട്ട കൗൺസിലിങ്ങിനായുള്ള രജിസ്ട്രേഷൻ നവംബർ 18 മുതൽ 22 വരെയാണ്. രണ്ടാം അലോട്ട്മെന്റ് നവംബർ 23-ന് പ്രസിദ്ധീകരിക്കും. രണ്ടാംഘട്ട കൗൺസിലിങ്ങിന് ശേഷം ആൾ ഇന്ത്യ ക്വാട്ട അടിസ്ഥാനത്തിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് സീറ്റ് ഒഴിയാൻ സാധിക്കില്ല. രണ്ട് കൗൺസിലിങ്ങിനുള്ള തീയതികളെ മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളൂ. അതിന് ശേഷവും സീറ്റൊഴിവുണ്ടെങ്കിൽ ഡിസംബർ 10-ന് അവസാനഘട്ട കൗൺസിലിങ് നടത്തും.
Content Highlights: NEET Counselling postponed due to technical errors
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..