പ്രതീകാത്മക ചിത്രം | Photo: gettyimages.in
മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന 2022-ലെ യു.ജി. കൗൺസിലിന്റെ മോപ്അപ് റൗണ്ട് നടപടികൾ www.mcc.nic.in ൽ ആരംഭിച്ചു. ഷെഡ്യൂൾ അനുസരിച്ച്, രജിസ്ട്രേഷൻ (ബാധകമെങ്കിൽ) ഡിസംബർ രണ്ടിന് രാവിലെ 11 വരെയും ഫീസ് അടയ്ക്കൽ (ബാധകമെങ്കിൽ) വൈകീട്ട് മൂന്നുവരെയും നടത്താം. ചോയ്സ് ഫില്ലിങ് സൗകര്യം, നവംബർ 29 മുതൽ ഡിസംബർ രണ്ടിന് രാത്രി 11.55 വരെ ഉണ്ടാകും. ചോയ്സ് ലോക്കിങ് രണ്ടിന് വൈകീട്ട് മൂന്നുമുതൽ രാത്രി 11.55 വരെ ലഭിക്കും.
മോപ്അപ്
മോപ്അപ് റൗണ്ട് അലോട്മെന്റ് ഫലം ഡിസംബർ ഏഴിന് പ്രഖ്യാപിക്കും. എട്ടിനും 12-നും ഇടയ്ക്ക്, കോളേജിൽ/സ്ഥാപനത്തിൽ പ്രവേശനം നേടണം. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്സി. നഴ്സിങ് കോഴ്സുകളിൽ, ഈ പ്രക്രിയയിൽ ഉൾപ്പെട്ട സീറ്റുകളിലെ, രണ്ടാം റൗണ്ടിനുശേഷമുള്ള ഒഴിവുകളാണ് മോപ് അപ് റൗണ്ടിൽ വരുന്നത്. ഓൾ ഇന്ത്യാ ക്വാട്ട (15 ശതമാനം), എയിംസ്, ജിപ്മർ, കേന്ദ്ര/കല്പിത സർവകലാശാലകൾ, ഇ.എസ്.ഐ.സി. (ഐ.പി. ക്വാട്ട) എന്നിവയിലെ, എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലും ചില സ്ഥാപനങ്ങളിലെ ബി.എസ്സി. നഴ്സിങ് സീറ്റുകളിലും അലോട്മെൻറ് ഉണ്ടാകും.
സ്ട്രേറൗണ്ട്
രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഇല്ല. മോപ്അപ് റൗണ്ടിനുശേഷം കല്പിത സർവകലാശാലകളിൽ ഒഴികെയുള്ള സ്ഥാപനങ്ങളിൽ വരുന്ന ഒഴിവുകൾ ഓൺലൈൻ സ്ട്രേ റൗണ്ട് വഴിയാകും എം.സി.സി. നികത്തുക. പക്ഷേ, സ്ട്രേ റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷനോ ചോയ്സ് ഫില്ലിങ്ങോ ഉണ്ടാകില്ല. മോപ് അപ് റൗണ്ടിനു ശേഷം കല്പിത സർവകലാശാലകളിൽ വരുന്ന ഒഴിവുകൾ എം.സി.സി. നൽകുന്ന പട്ടിക അടിസ്ഥാനമാക്കി, കല്പിത സർവകലാശാലകൾ നേരിട്ട് നികത്തും. മോപ് അപ് റൗണ്ടിൽ സീറ്റ് ഒന്നും അലോട് ചെയ്യപ്പെടാത്തവരെ മാത്രമേ സ്ട്രേ റൗണ്ടിലേക്ക് പരിഗണിക്കൂ. ഇവർ മോപ് അപ് റൗണ്ടിൽ നൽകിയ ചോയ്സുകൾ പരിഗണിച്ചാകും സ്ട്രേ റൗണ്ട് അലോട്മെൻറ്.
മോപ് അപ് റൗണ്ടിൽ അലോട്മെൻറ് ലഭിക്കുന്നവരെ അത് സ്വീകരിച്ചാലും ഇല്ലെങ്കിലും സ്ട്രേ റൗണ്ടിലേക്ക് പരിഗണിക്കുന്നതല്ല. അവർ സീറ്റ് സ്വീകരിക്കാത്തപക്ഷം, സെക്യുരിറ്റി തുക നഷ്ടപ്പെടുകയും ചെയ്യും.
മോപ്അപ് അർഹത ഇല്ല
രണ്ടാംറൗണ്ടിനുശേഷം എം.സി.സി. ഓൾ ഇന്ത്യ അലോട്മെൻറ് വഴിയോ സംസ്ഥാന ക്വാട്ട അലോട്്മെന്റ് വഴിയോ പ്രവേശനം ഉള്ളവർക്ക്, മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല.
പങ്കെടുക്കാനുള്ള അർഹത
എം.സി.സി. യു.ജി. കൗൺസിലിങ്ങിന്റെ ആദ്യ രണ്ടു റൗണ്ടുകൾക്കും രജിസ്റ്റർചെയ്യാൻ കഴിയാത്തവർക്ക് മോപ് അപ് റൗണ്ടിനായി രജിസ്റ്റർചെയ്യാം. ചോയ്സുകൾ നൽകാനുദ്ദേശിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് ബാധകമായ ഫീസ് (രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും) അടച്ച് ചോയ്സ് നൽകാം.
രണ്ടാംറൗണ്ടിൽ ലഭിച്ച അലോട്മെൻറ് സ്വീകരിക്കാതെ സെക്യുരിറ്റി തുക നഷ്ടപ്പെടുത്തി പ്രക്രിയയ്ക്കു പുറത്തുവന്നവർക്ക്, പുതിയ രജിസ്ട്രേഷൻ നടത്തി ഫീസടച്ച് ചോയ്സ് ഫില്ലിങ് നടത്താം. രജിസ്റ്റർചെയ്ത് ചോയ്സ് നൽകി, ആദ്യ രണ്ടു റൗണ്ടുകളിലും സീറ്റ് ലഭിക്കാത്തവർക്കും പുതുതായി ചോയ്സുകൾ നൽകി പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ ഇവർ നടത്തേണ്ടതില്ല. ഫീസും അടയ്ക്കേണ്ട.
Content Highlights: mop-up round procedures started for mcc ug counseling
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..