പ്രതീകാത്മക ചിത്രം | Photo: canva.com
ന്യൂഡൽഹി: പരീക്ഷക്കാലത്തെ മാനസികസംഘർഷം കുറച്ച് വിദ്യാർഥികൾക്ക് കൈതാങ്ങാവാൻ സൗജന്യ കൗൺസിലിങ് സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാനു കീഴിലാണ് ‘മനോദർപ്പൺ’ എന്നപേരിൽ ഇ-കൗൺസിലിങ് അടക്കമുള്ള സേവനങ്ങൾ ലഭ്യമാക്കുക. വാർഷിക പരീക്ഷകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മാനസികപിന്തുണയും വൈകാരിക സുസ്ഥിരതയും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കോവിഡിനുശേഷം വിദ്യാർഥികളുടേതടക്കം മാനസിക-വൈകാരിക നിലയിൽ വന്ന മാറ്റം മുന്നിൽക്കണ്ടാണ് പത്താംക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾകൂടി പരിഗണിച്ച് ‘മനോദർപ്പൺ’ സേവനങ്ങൾ ആരംഭിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക-സാമൂഹിക ആശങ്കകൾ പരിഹരിച്ച് വിദ്യാർഥികളുടെ കഴിവുകളും സമ്മർദവും ഉത്കണ്ഠയും ഫലപ്രദമായി കൈകാര്യം ചെയ്യുകയാണ് ലക്ഷ്യം. അതിനൊപ്പം വിദ്യാർഥികളെ സഹായിക്കാൻ അധ്യാപകർക്കും മാതാപിതാക്കൾക്കും മാർഗനിർദേശങ്ങൾ ലഭ്യമാക്കും. സ്കൂൾ, സർവകലാശാലാ തലങ്ങളിലെ കൗൺസലർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഓൺലൈൻ ഡയറക്ടറിയും ഡേറ്റാബേസും manodarpan.education.gov.in/ -ൽ ലഭ്യമാണ്. മാനസികാരോഗ്യ സഹായം തേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് അവ നേരിട്ട് ആക്സസ് ചെയ്യാം.
പ്രധാനസേവനങ്ങൾ
ടെലി-കൗൺസിലിങ്: 8448440632 എന്ന നമ്പർ വഴി സൗജന്യ ടെലി-കൗൺസിലിങ്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള 80 കൗൺസലർമാരാണ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും സേവനങ്ങൾ നൽകുക. എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ.
തത്സമയ ചർച്ചകൾ: ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലെ വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും മാനസികാരോഗ്യവും വൈകാരിക ക്ഷേമവും സംബന്ധിച്ച ആശങ്കകൾ പരിഗണിക്കാൻ വിവിധ വിഷയങ്ങളിൽ കൗൺസിലർമാരുമായി തത്സമയ ചർച്ചകൾ നടത്തും. തിങ്കൾമുതൽ വെള്ളിവരെ വൈകീട്ട് അഞ്ചുമുതൽ അഞ്ചരവരെയാണ് ചർച്ച.
വെബിനാറുകൾ: വിവിധ വിഷയങ്ങൾ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ‘പരിചർച്ച’ എന്നപേരിൽ എല്ലാ വെള്ളിയാഴ്ചകളിലും വെബിനാറുകൾ സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ടരമുതൽ നാലുവരെയാണ് സമയം.
എല്ലാ സെഷനുകളും പി.എം. ഇ-വിദ്യ, എൻ.സി.ഇ.ആർ.ടി. യുട്യൂബ് ചാനലുകളിൽ തത്സമയം സംപ്രേഷണംചെയ്യും.
Content Highlights: MHRD, ‘Manodarpan’,mental health and counselling for students, students depression
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..