Representative images/ Mathrubhumi Archives
കൊച്ചി: എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷ മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാതെ ഹൈക്കോടതി. അതേസമയം വിദ്യാര്‍ഥികള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കുന്നകാര്യത്തില്‍ ഒരു മാസത്തിനുള്ളില്‍ തീരുമാനം അറിയിക്കാന്‍ ആരോഗ്യ സര്‍വകലാശാലയോട് ജസ്റ്റിസ് രാജ വിജയരാഘവന്‍ നിര്‍ദേശിക്കുകയും ചെയ്തു.
വ്യാഴാഴ്ച നടന്ന ആദ്യ പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി ടൈം ടേബിളില്‍ മാറ്റംവരുത്തണമോ എന്നതില്‍ തീരുമാനമെടുക്കാമെന്നായിരുന്നു യൂണിവേഴ്‌സിറ്റി നേരത്തെ അറിയിച്ചിരുന്നത്.
വ്യാഴാഴ്ച നടന്ന പരീക്ഷ വിദ്യാര്‍ഥികളില്‍ 74.04 ശതമാനവും എഴുതിയിട്ടില്ലെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, പരീക്ഷ മാറ്റിവയ്ക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നായിരുന്നു യൂണിവേഴ്‌സിറ്റി സ്വീകരിച്ച നിലപാട്.
തുടര്‍ന്നാണ് പ്രായോഗിക പരിശീലനം നല്‍കുന്ന കാര്യത്തില്‍ എന്തു ചെയ്യാനാകുമെന്ന് കോടതി ആരാഞ്ഞത്. ബോര്‍ഡ് ഓഫ് എക്‌സാമിനേഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് യൂണിവേഴ്‌സിറ്റി അഭിഭാഷകന്‍ വിശദീകരിച്ചു. തുടര്‍ന്നാണ്, ഇക്കാര്യത്തില്‍ ഒരു മാസത്തിനകം തീരുമാനം അറിയിക്കാന്‍ നിര്‍ദേശിച്ചത്.
പ്രായോഗികപരിശീലനം ഇല്ലാതെ പരീക്ഷ നടത്താനാകില്ലെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ഇക്കാര്യത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവുള്ളതും അവര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷ മാറ്റിവയ്കണമെന്ന ആവശ്യത്തില്‍ സിംഗിള്‍ ബെഞ്ച് ഇടപെടാത്തതിനെതിരേ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് വിദ്യാര്‍ഥികള്‍.
പരീക്ഷ എഴുതാത്തവര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
തൃശ്ശൂര്‍: പരീക്ഷയെഴുതാത്ത എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ക്ക് ചില കോളേജ് അധികൃതര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി. അപേക്ഷ നല്‍കി അഡ്മിറ്റ് കാര്‍ഡ് അനുവദിക്കപ്പെട്ടിട്ടും കൈപ്പറ്റാത്തവരും കഴിഞ്ഞ വ്യാഴാഴ്ച നടന്ന ആദ്യപരീക്ഷ എഴുതാത്തവരുമാണ് ഏഴുദിവസത്തിനകം കാരണം അറിയിക്കേണ്ടത്.
സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ചിലതാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി രക്ഷകര്‍ത്താവ് സാക്ഷ്യപ്പെടുത്തിവേണം സമര്‍പ്പിക്കാന്‍.
Content Highlights: MBBS Final Year Exam controversy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..