എം.ജി സർവകലാശാലാ | ഫോട്ടോ:ജി.ശിവപ്രസാദ്
മലപ്പുറം: പി.ജി. കഴിഞ്ഞ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ച വിദ്യാര്‍ഥിയോട് എം.ജി. സര്‍വകലാശാല പറഞ്ഞു; നിങ്ങള്‍ക്ക് പി.ജി.ക്ക് പഠിക്കാന്‍ യോഗ്യതയില്ല.
കുമരനെല്ലൂര്‍ സ്വദേശി എ.വി. ജയശങ്കറിനോടാണ് എം.ജി. സര്‍വകലാശാല ഇങ്ങനെ പറഞ്ഞത്. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു കീഴിലെ ഗുരുവായൂരപ്പന്‍ കോളേജില്‍നിന്ന് ബി.എ. മലയാളം, സോഷ്യോളജി ഇരട്ട ബിരുദം നേടിയ ശേഷമാണ് ജയശങ്കര്‍ എം.ജി. സര്‍വകലാശാലയ്ക്കു കീഴിലെ മഹാരാജാസ് കോളേജില്‍ എം.എ. ചരിത്രത്തിന് ചേര്‍ന്നത്. പഠനവും പരീക്ഷയും കഴിഞ്ഞ ശേഷം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചപ്പോഴാണ് സര്‍വകലാശാലയ്ക്ക് ഇദ്ദേഹത്തിന്റെ ബിരുദത്തെക്കുറിച്ച് ബോധോദയമുണ്ടായത്.
എം.ജി.യില്‍ പി.ജി. ചരിത്രം പഠിക്കണമെങ്കില്‍ സോഷ്യല്‍ സയന്‍സ്, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന ബിരുദം വേണമെന്നാണു പറയുന്നത്. എന്നാല്‍ കാലിക്കറ്റ് സര്‍വകലാശാല പ്രസ്തുത ഇരട്ട ബിരുദം ഹ്യുമാനിറ്റീസ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈയൊരു കാരണം പറഞ്ഞാണ് എം.ജി. സര്‍വകലാശാല വിദ്യാര്‍ഥിയുടെ സര്‍ട്ടിഫിക്കറ്റ് നിധേഷിച്ചത്.
അതേസമയം ബിരുദവിഷയങ്ങളായ സോഷ്യോളജി, സോഷ്യല്‍ സയന്‍സ് എന്ന വൈജ്ഞാനിക വിഭാഗത്തിലും മലയാളം, ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ വിഭാഗത്തിലും തന്നെയാണ് എല്ലാ സര്‍വകലാശാലകളും പെടുത്തിയിട്ടുള്ളത്.
കാലിക്കറ്റ് ഹ്യുമാനിറ്റീസ് വിഭാഗത്തില്‍പ്പെടുത്തിയ ബി.എ. ഹിസ്റ്ററി പഠിച്ചവര്‍ക്ക് എം.ജി. സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് തടസ്സമില്ലെന്ന വൈരുധ്യവുമുണ്ട്.
ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നല്‍കുമ്പോഴൊന്നും കാണാത്ത സാങ്കേതിക തടസ്സം പരീക്ഷയെല്ലാം കഴിഞ്ഞതിനു ശേഷമാണ് സര്‍വകലാശാല പറയുന്നത്. വിവിധ വൈജ്ഞാനിക മേഖലകള്‍ സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനസമ്പ്രദായം കേന്ദ്രസര്‍ക്കാര്‍പോലും പ്രോത്സാഹിപ്പിക്കുന്ന കാലത്താണ് കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം നിലപാടുകളില്‍ നില്‍ക്കുന്നത്.
കോഴ്സുകളെ സംബന്ധിച്ച് സര്‍വകലാശാലകള്‍ക്ക് പരസ്പരധാരണയില്ലാത്തതിന് വിദ്യാര്‍ഥികള്‍ ബലിയാടാകുകയാണെന്ന് ജയശങ്കര്‍ ആരോപിക്കുന്നു.
നേരത്തേ സമാന നിലപാടെടുത്ത കേരള സര്‍വകലാശാലയ്‌ക്കെതിരേ മലപ്പുറം സ്വദേശിയായ വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു. തന്റെ കാര്യത്തില്‍ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എ.വി. ജയശങ്കര്‍ എം.ജി. വി.സി.ക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനും സ്പീക്കര്‍ക്കും പരാതി നല്‍കി.
Content Highlights: Mahathma Gandhi University News
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..