പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archives
തൃശ്ശൂർ: നിലവാരം കുറഞ്ഞ ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച് ഗ്രേസ്മാർക്ക് നേടി നിയമനവും സ്ഥാനക്കയറ്റവും നേടുന്നതിനെതിരേ യു.ജി.സി. നിലപാട് കടുപ്പിച്ചു. ഇത്തരം പ്രിഡേറ്ററി ജേണലുകളിൽ പണം കൊടുത്ത് പ്രഡിദ്ധപ്പെടുത്തുന്ന പ്രബന്ധങ്ങൾ നിയമനത്തിനും സ്ഥാനക്കയറ്റത്തിനും മാനദണ്ഡമാക്കരുതെന്ന് യു.ജി.സി. സർവകലാശാലകൾക്ക് കത്തയച്ചു.
2018-ലെ യു.ജി.സി. ശമ്പളപരിഷ്കരണത്തിൽ ഇക്കാര്യം ഊന്നിപ്പറഞ്ഞിരുന്നെങ്കിലും അത് നിയമമാക്കി നടപ്പാക്കാത്തതിനാൽ ആ പഴുതുപയോഗിച്ച് ഇത്തരം പ്രബന്ധങ്ങളും ഗ്രേസ്മാർക്കിനായി പരിഗണിച്ചിരുന്നു. 1500 രൂപ നൽകിയാൽ ഇത്തരം പ്രസിദ്ധീകരണങ്ങളിൽ ഉടൻതന്നെ പ്രബന്ധങ്ങൾ അച്ചടിച്ചുവരും. അതുപയോഗപ്പെടുത്തി ഗ്രേസ് മാർക്ക് നേടാം.
2018-ലെ യു.ജി.സി. വ്യവസ്ഥ പ്രകാരം യു.ജി.സി. അംഗീകരിച്ച കെയർ പട്ടികയിലുള്ള ജേണലുകളിൽ വേണം പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്താൻ. എന്നാൽ, ഇക്കാര്യം നിയമമായിട്ടില്ല. ഗുണനിലവാരമുള്ള ജേണലുകളിലേക്ക് പ്രബന്ധങ്ങൾ അയച്ചാൽ നിലവാരം പഠിക്കാൻ വിദഗ്ധർക്ക് അയച്ചുകൊടുക്കും. പല തലങ്ങളിലുള്ള വിലയിരുത്തൽ നടത്തും. അതിനുശേഷം രചയിതാവിനെക്കാണ്ട് തിരുത്തൽ നടത്തിക്കും. ശേഷമാണ് പ്രമുഖ ജേണലുകളിൽ പ്രസിദ്ധപ്പെടുത്തുക. ഇതിന് ആറുമാസം മുതൽ ഒരു വർഷം വരെയെടുക്കും. ഇത്തരം ജേണലുകളുടെ പ്രബന്ധങ്ങളിൽ എന്നാണ് ജേണലിന് പ്രബന്ധം അയച്ചതെന്നും അത് ഏതെല്ലാം തിയതികളിൽ, എത്ര തവണ തിരുത്തൽ നടത്തിയെന്നും കാണിച്ചിട്ടുണ്ടായിരിക്കും. ഇതൊന്നുമില്ലാതെ 1,500 രൂപ കൊടുത്താൽ പ്രിഡേറ്ററി ജേണലുകളിൽ ഒരാഴ്ചയിൽ പ്രബന്ധം അച്ചടിച്ചുവരും.
Content Highlights: Low-quality papers, UGC warns universities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..