Representational Image | photo: canva
ന്യൂഡല്‍ഹി: അടിസ്ഥാനസൗകര്യ വികസനമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സര്‍വകലാശാല സ്ഥാപിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്‍ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയായിരിക്കും സര്‍വകലാശാലയുടെ ആസ്ഥാനം. ഇന്ത്യക്ക് അകത്തും പുറത്തും വിവിധ പ്രദേശങ്ങളില്‍ ഓഫ് കാമ്പസുകള്‍ സ്ഥാപിക്കുമെന്ന് ചര്‍ച്ചയില്‍ സംസാരിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റെയ്ഡ് നടത്തിയതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ബില്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല. 2009-ലെ കേന്ദ്ര സര്‍വകലാശാലാനിയമം ഭേഗഗതി ചെയ്താണ് ബില്‍ കൊണ്ടുവന്നത്.പ്രതിപക്ഷ ബഹളത്തിനിടയില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന് ബില്‍ അവതരിപ്പിച്ചു.
വഡോദരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ റെയില്‍ ട്രാന്സ്പോര്ട്ടേഷന് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (എന്‍.ആര്.ടി.ഐ.) ഗതിശക്തി സര്‍വകലാശാലയായി ഉയര്‍ത്താനാണ് നിര്‍ദേശം. റെയില്‍വേ മന്ത്രാലയത്തിനാണ് നടത്തിപ്പുചുമതല.
ഗതാഗതവുമായി ബന്ധപ്പെട്ട പഠന കോഴ്സുകള്‍, വൈദഗ്ധ്യപരിശീലനം, ഗവേഷണം, സാങ്കേതികവിദ്യാവികസനം, ഗതാഗത സാമ്പത്തികശാസ്ത്രം എന്നീ മേഖലകളിലാണ് സര്‍വകലാശാല ശ്രദ്ധയൂന്നുക. പുതിയ ഗവേഷണപ്രവര്‍ത്തനങ്ങള്‍, ബിരുദപഠനം, ഡിപ്ലോമ എന്നിവയ്ക്കുള്ള അവസരങ്ങളൊരുക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..