representative image
ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാംവർഷത്തിലേക്കു പ്രവേശനംനേടി എൻജിനിയറിങ് ബിരുദമെടുക്കാൻ അവസരമൊരുക്കുന്ന ലാറ്ററൽ എൻട്രി പ്രവേശനത്തിന് കേരളത്തിലെ ഡയറക്ടർ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ അപേക്ഷ ക്ഷണിച്ചു.
ബി.ടെക്. കോഴ്സിൽ അനുവദനീയമായ സീറ്റുകളുടെ 10 ശതമാനം അധികസീറ്റുകൾ, ആദ്യവർഷത്തിലെ ഒഴിവായ സീറ്റുകൾ എന്നിവയിലേക്കാണ് ലാറ്ററൽ എൻട്രി വഴിയുള്ള പ്രവേശനം.
എൽ.ബി.എസ്. സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് അപേക്ഷ വിളിച്ച് അലോട്ട്മെൻറ്് നടത്തുന്നത്. ലാറ്ററൽ എൻട്രി വഴി പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾ, ബ്രാഞ്ചുകൾ, സീറ്റുകൾ എന്നിവയുടെ വിശദാംശങ്ങൾ, ഓൺലൈൻ അലോട്ട്മെൻറിനു മുമ്പായി www.lbscentre.kerala.gov.in -ൽ പ്രസിദ്ധപ്പെടുത്തും. കേരളത്തിൻനിന്ന് പുറത്തുനിന്നുള്ളവരെ സർക്കാർ നിയന്ത്രിത/സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്മെൻറ് സീറ്റുകളിലേക്ക് പരിഗണിക്കും.
യോഗ്യത: എൻജിനിയറിങ്/ടെക്നോളജിയിലെ ത്രിവത്സര ഡിപ്ലോമ/ദ്വിവത്സര ലാറ്ററൽ എൻട്രി ഡിപ്ലോമ/ഡി.വൊക്. (വൊക്കേഷണൽ ഡിപ്ലോമ) അല്ലെങ്കിൽ പ്ലസ്ടു/ബിരുദ തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചുള്ള ബി.എസ്സി. യോഗ്യതാപരീക്ഷയിലെ മാർക്കുസംബന്ധിച്ച വ്യവസ്ഥയുണ്ട്. യോഗ്യതാ കോഴ്സിന്റെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. 2022 ഡിസംബർ 31-ന് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്നപ്രായപരിധിയില്ല.
അപേക്ഷ വെബ്സൈറ്റ് വഴി നൽകാം. ഫീസ് ജൂലായ് 11 വരെ അടയ്ക്കാം. അപേക്ഷ പൂർത്തിയാക്കാൻ ജൂലായ് 13 വരെ സമയമുണ്ട്.
കേരളത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ഒ.എം.ആർ. അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള പരീക്ഷയിലെ സ്കോർ പരിഗണിച്ചായിരിക്കും പ്രവേശനം. പരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..