Pic Credit: Getty Images
തിരുവനന്തപുരം: കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജ്യുക്കേഷൻ) ഇ-ക്യൂബ് എന്ന പദ്ധതി തയ്യാറാക്കും. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇതിനായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ ഒരുക്കും.
സമഗ്ര പോർട്ടൽവഴി ലോകനിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനതലം അനുസരിച്ച് ഇരുനൂറോളം പുസ്തകങ്ങൾ പോർട്ടലിൽ ലഭിക്കും.
രണ്ടാംഘട്ടത്തിൽ പഠനാനുഭവങ്ങൾ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തിൽ ലഭ്യമാക്കും. ഓരോ കുട്ടിക്കും പഠനവേഗത്തിനനുസരിച്ച് ഇംഗ്ലീഷ് കേൾക്കാനും വായിക്കാനും സംസാരിക്കാനും ലാംഗ്വേജ് ലാബ് സോഫ്റ്റ്വേറിലൂടെ സാധിക്കും. പരസ്പരസമ്പർക്ക രീതിയിൽ ഇംഗ്ലീഷ് വിനിമയ കഴിവ് നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാംഘട്ടം.
വരുന്ന അവധിക്കാലത്ത് ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ മുഴുവൻ അധ്യാപകർക്കും ഇ-ക്യൂബ് പരിശീലനം നൽകുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.
അടുത്ത അധ്യയനവർഷം പദ്ധതി നടപ്പാക്കും. വ്യക്തിഗത ആശയ വിനിമയത്തിനുള്ള കഴിവുകൾക്കൊപ്പം ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും അർഥവത്തായി ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ ഇ-ക്യൂബ് അവസരമൊരുക്കുമെന്ന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് പറഞ്ഞു.
Content Highlights: KITE to introduce E-Qube program for develop language skills in students
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..