പ്രതീകാത്മകചിത്രം | Photo: FreePik
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നടക്കുന്ന മോപ് അപ് അലോട്‌മെന്റിൽ നിലവിൽ പ്രവേശനം ലഭിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തിയതിനെതിരേ വിദ്യാർഥികൾ കോടതിയെ സമീപിക്കുന്നു. സ്വാശ്രയ മെഡിക്കൽ കോളേജുകളിലും അഖിലേന്ത്യാ ക്വാട്ടവഴി കേരളത്തിനു പുറത്തുള്ള കോളേജുകളിലും പ്രവേശനംനേടിയ വിദ്യാർഥികളാണ് പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്.
മോപ് അപ്പിനായി ഓപ്ഷൻ നൽകിയ 7412 വിദ്യാർഥികൾ അയോഗ്യരാണെന്നാണ് പ്രവേശന പരീക്ഷാ കമ്മിഷണർ പ്രഖ്യാപിച്ചത്. ഇവരുടെ പട്ടിക കമ്മിഷണർ പ്രസിദ്ധീകരിച്ചിരുന്നു. നീറ്റ് റാങ്ക് 47 മുതലുള്ള കുട്ടികൾ ഇക്കൂട്ടത്തിലുണ്ട്. 1000-ൽ താഴെയുള്ള റാങ്ക് ലഭിച്ച് 49 വിദ്യാർഥികളുണ്ട്.
അഖിലേന്ത്യാ കൗൺസിലിങ്, സംസ്ഥാന കൗൺസിലിങ് എന്നിവയുടെ രണ്ടാംറൗണ്ടുവരെ പ്രവേശനം നേടിയ വിദ്യാർഥികളെ മോപ് അപ് അലോട്‌മെന്റിന് പരിഗണിക്കേണ്ടതില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മിഷണറുടെ തീരുമാനം. ഹൈക്കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വിശദീകരണം.
മോപ് അപ് പ്രവേശനത്തിന് അയോഗ്യത കല്പിച്ച നടപടി മെറിറ്റ് അട്ടിമറിക്ക് കാരണമാകുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. നിലവിൽ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ വിദ്യാർഥികളെക്കാൾ കുറഞ്ഞ റാങ്കുകാർക്ക് സർക്കാർ കോളേജുകളിൽ ഒഴിവുള്ള എം.ബി.ബി.എസ്., ബി.ഡി.എസ്. സീറ്റുകൾ ലഭിക്കുന്ന സ്ഥിതിയാണ് വരുക. ഏഴുലക്ഷംവരെ വാർഷികഫീസ് നൽകി സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ ഉയർന്ന റാങ്കുകാർ മോപ് അപ് കൗൺസിലിങ് വഴി സർക്കാർ കോളേജുകളിലേക്ക് മാറാൻ അവസരം പ്രതീക്ഷിച്ചിരുന്നു.
മോപ് അപ്പിൽ 1628-ാം റാങ്ക് വരെ
സംസ്ഥാന കൗൺസിലിങ് രണ്ട് റൗണ്ട് പൂർത്തിയായപ്പോൾ 898-ാം റാങ്ക് ജേതാവിനുവരെ പൊതുവിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചിരുന്നു. ബി.ഡി.എസിന് 3865 ആയിരുന്നു അവസാന റാങ്ക്.
കഴിഞ്ഞദിവസം മോപ് അപ് കൗൺസിലിങ് വഴി എം.ബി.ബി.എസിന് 1628 റാങ്കുകാർക്കുവരെ പൊതുവിഭാഗത്തിൽ സർക്കാർ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു. പൊതുവിഭാഗത്തിൽ 5946 റാങ്കിനാണ് സർക്കാർ ഡെന്റൽ കോളേജിൽ ബി.ഡി.എസ്. പ്രവേശനം ലഭിച്ചത്. സ്വാശ്രയകോളേജുകളിലടക്കം 650 വിദ്യാർഥികൾക്ക് മോപ് അപ് വഴി എം.ബി.ബി.എസ്., ബി.ഡി.എസ്. കോഴ്‌സുകളിൽ പുതുതായി പ്രവേശനം നൽകി.
Content Highlights: Kerala NEET UG Counselling 2022: Mop up allotment
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..