പ്രതീകാത്മക ചിത്രം | Pic Credit: Getty Images
കോഴിക്കോട്: മുൻനിര ജേണലുകളിൽ വൈജ്ഞാനിക പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ സംസ്ഥാനത്തെ സർവകലാശാലകളും കോളേജുകളും പിന്നിലെന്നു പഠനം. സ്കോപ്സ് ഡേറ്റാബേസ് ഇൻഡക്സ് ചെയ്യുന്ന ജേണലുകളെ ആധാരമാക്കിയുള്ള പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യയിലെ സർവകലാശാലകളും കോളേജുകളും പ്രസിദ്ധീകരിക്കുന്ന പഠനങ്ങളുടെ മൂന്നു ശതമാനം മാത്രമാണ് കേരളത്തിന്റെ സംഭാവന.
കൊച്ചി സർവകലാശാലയിലെ അസിസ്റ്റന്റ് ലൈബ്രേറിയൻ ഡോ. സുരേന്ദ്രൻ ചെറുകോടൻ, എസ്. മുഹമ്മദ് അഷ്റഫ് എന്നിവരാണ് പഠനം നടത്തിയത്. സംസ്ഥാനത്തെ പതിനേഴു സർവകലാശാലകളുംകൂടി ഇതുവരെ പുറത്തിറക്കിയത് 25,028 പ്രബന്ധങ്ങളാണ്. 250 കോളേജുകളിൽനിന്നായി 5,132 പ്രബന്ധങ്ങൾ കൂടി ഈ പട്ടികയിൽ വരുന്നുണ്ട്.
ഡൽഹി സർവകലാശാല മാത്രം 33,922 പ്രബന്ധങ്ങളിറക്കി. ബനാറസ് ഹിന്ദു സർവകലാശാലയാവട്ടെ, 32,863 പ്രബന്ധങ്ങളിറക്കി. ജാധവ്പുർ സർവകലാശാല ഒറ്റയ്ക്ക് പ്രസിദ്ധീകരിച്ച പ്രബന്ധങ്ങൾ മുപ്പത്തിനായിരത്തിലേറെയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ പ്രബന്ധങ്ങൾ പുറത്തിറക്കിയത് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയാണ് (6882). കേരള (4738), എം.ജി.(3470), കാലിക്കറ്റ് (2419), കേന്ദ്രസർവകലാശാല (641), കണ്ണൂർ (557) എന്നിങ്ങനെയാണ് മറ്റു സര്‍വകലാശാലകളിലെ നില. തുഞ്ചത്തെഴുത്തച്ഛൻ സ്മാരക മലയാളം സർവകലാശാല, കാലടി ശ്രീശങ്കരാചാര്യ സംസ്കൃതസർവകലാശാല, കലാമണ്ഡലം എന്നിവയൊന്നും പട്ടികയിലില്ല. ഇവയുടെ ഒരു പ്രബന്ധംപോലും സ്കോപ്സ് ഡേറ്റാബേസ് ഇൻഡക്സ് ചെയ്യുന്ന ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
ആഗോള റാങ്കിങ്ങിൽ മുന്നിട്ടുനിൽക്കുന്ന കാലിഫോർണിയ, ഓക്സ്ഫഡ്, സ്റ്റാൻഫഡ്, എം.ഐ.ടി. എന്നിവ ഓരോന്നും രണ്ടര ലക്ഷത്തിലധികം പ്രബന്ധങ്ങളാണു പ്രസിദ്ധീകരിച്ചത്.
എന്തുകൊണ്ട് കേരളത്തിൽ കുറവ്?
ഭാഷാ വിഷയങ്ങളിലെയും മാനവിക, സാമൂഹിക, ശാസ്ത്ര മേഖലയിലെയും ഗവേഷകർ അവരുടെ പഠനങ്ങൾ ഏറെയും പ്രസിദ്ധീകരിക്കുന്നത് സ്കോപ്സ് ഡേറ്റാബേസ് ഇൻഡക്സ് ചെയ്യാത്ത ജേണലുകളിലാണ്. ഇംഗ്ലീഷിലുള്ള പ്രബന്ധങ്ങളേ സ്കോപ്സ് ജേണലുകളിൽ പ്രസിദ്ധീകരിക്കൂ. അതുകൊണ്ടുതന്നെ, ഭാഷാവിഷയങ്ങളിലുള്ള പ്രബന്ധങ്ങൾ ഇതിൽ വരുന്നത് കുറയുന്നു. കേരളത്തിൽ മികച്ച പ്രബന്ധങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും സ്കോപ്സ് ഡേറ്റാബേസ് ഇൻഡക്സ് ചെയ്യുന്ന ജേണലുകളിൽ പ്രസിദ്ധീകരിക്കാത്തതിനാൽ റാങ്കിങ് മോശമാകുന്നു.
ദേശീയ, അന്തർദേശീയ റാങ്കിങ് ഏജൻസികൾ പ്രബന്ധങ്ങളുടെ എണ്ണവും അവലംബവും കണക്കാക്കാനുപയോഗിക്കുന്ന സ്രോതസ്സാണ് എൽസിവിയർ പ്രസാധകരുടെ സ്കോപ്സ് ഡേറ്റാബേസ്. ഇന്ത്യയിലെ ഗവേഷണനിലവാരം ആഗോളനിലവാരവുമായി താരതമ്യംചെയ്യാൻ കേന്ദ്രസർക്കാർ എൽസിവിയർ പ്രസാധകരെ സമീപിച്ചിരുന്നു. ഇത്തരം റാങ്കിങ്ങാണ് ഉന്നതവിദ്യാഭ്യാസ മേഖലയിലെ പണം അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ മാനദണ്ഡമാക്കുന്നത്.
Content Highlights: Kerala contributes only 3 per cent of research papers publishing in the country
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..