പ്രതീകാത്മക ചിത്രം | ഫോട്ടോ:ശശി ഗായത്രി
തിരുവനന്തപുരം: ഐ.ടി അധിഷ്ഠിത സ്കൂള്‍ വിദ്യാഭ്യാസത്തില്‍ ദേശീയ മികവുമായി കേരളം. വിദ്യാര്‍ഥികള്‍ക്കായി കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, പ്രോജക്ടര്‍ തുടങ്ങിയ സൗകര്യമൊരുക്കിയതില്‍ കേരളം മികച്ച നേട്ടം കൈവരിച്ചതായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. 2021-22ലെ വിദ്യാഭ്യാസത്തിനായുള്ള ഏകീകൃത ജില്ലാ വിവരവിനിമയ സംവിധാന(യു.ഡി.ഐ.എസ്.ഇ)ത്തിന്റെ അവലോകന റിപ്പോര്‍ട്ടിലാണ് വിലയിരുത്തല്‍.
സ്കൂളുകളില്‍ കംപ്യൂട്ടര്‍ സൗകര്യമൊരുക്കിയ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കേരളം. മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും കംപ്യൂട്ടര്‍ ലഭ്യമാക്കി 99.6 ശതമാനം നേട്ടവുമായി പഞ്ചാബിനാണ് ഒന്നാം സ്ഥാനം. കേരളം മൊത്തം 16,240 സ്കൂളുകളില്‍ 15,970 എണ്ണത്തിലും കംപ്യൂട്ടര്‍ സൗകര്യം ലഭ്യമാക്കി. ഇങ്ങനെ 98.3 ശതമാനം സ്കൂളുകളിലും കംപ്യൂട്ടറായി.

5,010 സര്‍ക്കാര്‍ സ്കൂളുകളില്‍ 96.2 ശതമാനം, 7,183 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ 99.9 ശതമാനം, സ്വകാര്യ അണ് എയ്ഡഡ് സ്കൂളുകളില്‍ 98.6 ശതമാനം, മറ്റുള്ള 883 സ്കൂളുകളില്‍ 96.3 ശതമാനം എന്നിങ്ങനെയാണ് കമ്പ്യൂട്ടര്‍ സൗകര്യമൊരുക്കിയതിലെ നേട്ടം. അതേസമയം, എയ്ഡഡ് സ്കൂളുകളില്‍ 92.4 ശതമാനവുമായി കേരളത്തിനു പിന്നിലാണ് പഞ്ചാബിന്റെ സ്ഥാനം. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഢിനും ലക്ഷദ്വീപിനുമാണ് ഈ നേട്ടം. മുഴുവന്‍ സ്കൂളുകളിലും കംപ്യൂട്ടറുണ്ട്.

ലാപ്ടോപ്പ്, നോട്ട് ബുക്ക് ലഭ്യത ഉറപ്പാക്കി കേരളം മുന്നിലെത്തി. സര്‍ക്കാര്‍-93.3 ശതമാനം, എയ്ഡഡ്-97 ശതമാനം, സ്വകാര്യ എയ്ഡഡ് -72.6 ശതമാനം എന്നിങ്ങനെയാണ് നേട്ടം. മൊത്തം സ്കൂളുകളില്‍ 89 ശതമാനത്തിലും ഈ സൗകര്യമൊരുക്കാന്‍ കേരളത്തിനായി.

മൊത്തം 95.2 ശതമാനം സ്കൂളുകളില്‍ ഇന്റര്‍നെറ്റ് സൗകര്യമൊരുക്കി സംസ്ഥാനം ഒന്നാമതെത്തി. സര്‍ക്കാര്‍- 94.6 ശതമാനം, എയ്ഡഡ്- 96.6 ശതമാനം, സ്വകാര്യ എയ്ഡഡ്- 95.1 ശതമാനം എന്നിങ്ങനെയാണ് നേട്ടം.പഠനപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രൊജക്ടര്‍ സൗകര്യത്തിലും ഒന്നാം സ്ഥാനം നേടി. 82.3 ശതമാനം സ്കൂളുകളില്‍ അവ ഉറപ്പാക്കി. സര്‍ക്കാര്‍-87.2 ശതമാനം, എയ്ഡഡ്-90 ശതമാനം, സ്വകാര്യ എയ്ഡഡ്-69.1 ശതമാനം എന്നിങ്ങനെയാണ് സ്കൂളുകളിലെ പ്രോജക്ടര്‍ ലഭ്യത.

Content Highlights: IT based education in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..