representative image
തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽനിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയെത്തുന്ന വിദ്യാർഥികളുടെ ഒരു വർഷ നിർബന്ധിത ഇന്റേൺഷിപ്പ് മെഡിക്കൽകോളേജുകളിൽമാത്രമാക്കും. കഴിഞ്ഞ സെപ്റ്റംബറിൽ മെഡിക്കൽ കമ്മിഷൻ ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നെങ്കിലും കേരളമടക്കം പല സംസ്ഥാനങ്ങളും വിശദീകരണമാരാഞ്ഞ് തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു.
കമ്മിഷൻ നിലപാട് കടുപ്പിച്ചതോടെയാണ് സ്വാശ്രയമേഖലയിലേതടക്കം അംഗീകൃത മെഡിക്കൽ കോളേജുകളിൽ ഇന്റേൺഷിപ്പ് അനുവദിക്കാൻ സംസ്ഥാന മെഡിക്കൽ കൗൺസിലിന് സർക്കാർ നിർദേശം നൽകിയത്.
ഇതിനായി 2020 ജനുവരി മുതൽ 2022 നവംബർ 30 വരെ താത്കാലിക രജിസ്ട്രേഷൻ നടത്തിയശേഷം ഇന്റേൺഷിപ്പ് തുടങ്ങാത്തവരുടെയും ഇപ്പോൾ ഇന്റേൺഷിപ്പ് ചെയ്യുന്നവരുടെയും പട്ടിക തയ്യാറാക്കാനുള്ള നടപടി സംസ്ഥാന മെഡിക്കൽ കൗൺസിൽ തുടങ്ങി.
നിലവിൽ പുറത്തുനിന്നെത്തുന്ന വിദ്യാർഥികളിൽ നല്ലൊരു വിഭാഗത്തിനും താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലാണ് ഇന്റേൺഷിപ്പ് അനുവദിക്കുന്നത്. 600-ലധികം വിദ്യാർഥികൾ ഇത്തരത്തിൽ വിവിധ ആശുപത്രികളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നുണ്ട്. പഠനസൗകര്യമുള്ള കോളേജുകളിലേ ഇന്റേൺഷിപ്പ് അനുവദിക്കാവൂവെന്ന ദേശീയ മെഡിക്കൽ കമ്മിഷൻ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള രീതിയിൽ മാറ്റംവരുത്തുന്നത്. പി.ജി. ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എം.ബി.ബി.എസുകാർക്ക് ഇന്റേൺഷിപ്പ് അനുവദിക്കേണ്ടെന്നും നിർദേശമുണ്ട്.
വിദേശരാജ്യങ്ങളിൽനിന്ന് മെഡിക്കൽ ബിരുദം നേടിയെത്തുന്നവർ ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് പരീക്ഷയിൽ (എഫ്.എം.ജി.ഇ.) യോഗ്യത നേടിയാൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് സംസ്ഥാന മെഡിക്കൽ കൗൺസിൽ താത്കാലിക രജിസ്ട്രേഷനാണ് അനുവദിക്കുന്നത്. പ്രാക്ടീസ് ചെയ്യാനും സർക്കാർ ജോലിക്കും സംസ്ഥാന മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ടേഷൻ ആവശ്യമാണ്.
Content Highlights: Internship for foreign MBBS students
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..