അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ദിവ്യാംഗ് വിഭാഗത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽനിന്ന് മലപ്പുറം സ്വദേശി ഫാത്തിമ അൻഷി പുരസ്കാരം ഏറ്റുവാങ്ങുന്നു
ന്യൂഡൽഹി: ഭിന്നശേഷിക്കാരുൾപ്പെടെ എല്ലാവരുടെയും ശാക്തീകരണത്തിന്റെ താക്കോൽ വിദ്യാഭ്യാസമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം എളുപ്പത്തിൽ പ്രാപ്യമാക്കാനും ഭാഷയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാനും സാങ്കേതികവിദ്യകൾ പരമാവധി ഉപയോഗപ്പെടുത്തണം. ദേശീയ വിദ്യാഭ്യാസനയത്തിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ചുനടന്ന പരിപാടിയിൽ മുർമു പറഞ്ഞു.
ശ്രവണവൈകല്യമുള്ള കുട്ടികൾക്കായി ഒന്നുമുതൽ ആറുവരെയുള്ള ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ ആംഗ്യഭാഷയിലേക്ക് പരിവർത്തനം ചെയ്തതിൽ സന്തോഷമുണ്ട്. ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും ഭിന്നശേഷി ഒരിക്കലും തടസ്സമായി കണക്കാക്കപ്പെട്ടിട്ടില്ലെന്നും മുർമു പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സർക്കാർ ഒട്ടേറെ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. അത്തരക്കാരുടെ ധൈര്യത്തെയും നേട്ടങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കാൻ താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരെ പ്രശംസിക്കുന്നതായും ട്വീറ്റിലുണ്ട്.
ഫാത്തിമ അൻഷിക്കും കെ.പി. കൃഷ്ണകുമാറിനും പുരസ്കാരം
: ഭിന്നശേഷിക്കാരുടെ ശാക്തീകരണത്തിനായി സാമൂഹികനീതി മന്ത്രാലയം നൽകുന്ന ദേശീയ അവാർഡുകളിൽ ശ്രേഷ്ഠ ദിവ്യാംഗ് വിഭാഗത്തിൽ കേരളത്തിൽനിന്ന് ടി.കെ. ഫാത്തിമ അൻഷിക്കും കെ.പി. കൃഷ്ണകുമാറിനും പുരസ്കാരം.
മലപ്പുറം എടപ്പറ്റ തൊടുകുഴിക്കുന്നുമ്മൽ അബ്ദുൾബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ അൻഷി മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്കൂളിൽ പന്ത്രണ്ടാംക്ലാസ് വിദ്യാർഥിയാണ്. സംഗീതത്തിലും പഠനത്തിലുമുള്ള മികവും നേത്രദാനം പ്രോത്സാഹിപ്പിക്കാനടക്കം അൻഷി നടത്തിയ ജനക്ഷേമപ്രവർത്തനങ്ങളുമാണ് ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരത്തിന് അർഹയാക്കിയത്. കാഴ്ചപരിമിതിയെ അതിജീവിച്ച് എസ്.എസ്.എൽ.സി., പ്ലസ് വൺ പരീക്ഷകൾ പൂർണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂർണ എ പ്ലസ് വിജയം നേടി ചരിത്രംകുറിച്ച അൻഷി സംസ്ഥാന സർക്കാരിന്റെ പ്രഥമ ‘ഉജ്ജ്വലബാല്യം’ പുരസ്കാരജേതാവുകൂടിയാണ്.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയും തെയ്യം കലാകാരനുമായ കെ.പി. കൃഷ്ണകുമാറും ശ്രേഷ്ഠ ദിവ്യാംഗൻ പുരസ്കാരത്തിനർഹനായി. ഐ.ടി.ഐ. പഠനം പൂർത്തിയാക്കിയ കൃഷ്ണകുമാർ കണ്ണൂർ ആകാശവാണിയിൽ തോറ്റംപാട്ട് കലാകാരനായും ജോലിചെയ്തിട്ടുണ്ട്. കേരളത്തിലെ ഭിന്നശേഷിക്കാരുടെ അടിയന്തര പ്രതികരണശേഷി വർധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ശില്പശാലയിലെ പ്രധാന സാന്നിധ്യമായിരുന്നു. കലയിലെയും സംസ്കാരിക മേഖലകളിലെയും സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം.
Content Highlights: International Day of Disabled Persons
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..