പ്രതീകാത്മക ചിത്രം | Photo: gettyimages.in
കൊല്ലം: ജനന സര്‍ട്ടിഫിക്കറ്റില്‍ 2015 ജൂണ്‍ 22ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യാന്‍ വിട്ടുപോയവര്‍ക്ക് 2021 ജൂണ്‍ വരെ സമയം അനുവദിച്ച് ഉത്തരവായി. സി.ബി.എസ്.ഇ. പത്താം ക്ലാസ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ നേരം പേര് രേഖപ്പെടുത്താനാകാതെ കുഴങ്ങുന്ന വിദ്യാര്‍ഥികളെപ്പറ്റി മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പേരിന്റെ സ്ഥാനത്ത് നോട്ട് എന്റേഡ് എന്ന് രേഖപ്പെടുത്തിയ വിദ്യാര്‍ഥികള്‍ ഏറെയുണ്ട്. പേര് രേഖപ്പെടുത്താന്‍ കഴിയാതെ വിദേശയാത്രയ്ക്കും ബുദ്ധിമുട്ടായിരുന്നു പലര്‍ക്കും. ഇപ്പോള്‍ നിയമവകുപ്പിന്റെ അനുമതിയോടെയാണ് 2021 ജൂണ്‍വരെ ഇളവുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ജനനശേഷം 15 വര്‍ഷത്തിനുള്ളില്‍ രജിസ്റ്ററില്‍ പേര് ചേര്‍ത്തിരിക്കണമെന്ന കേന്ദ്രനിയമം 2015ല്‍ സംസ്ഥാനത്ത് കര്‍ശനമാക്കിക്കൊണ്ട് ഉത്തരവിറക്കിയിരുന്നു. അന്ന് അഞ്ചുവര്‍ഷം കാലാവധിയും നല്‍കി. അതാണ് ജൂണ്‍ 22ന് അവസാനിച്ചത്.
എന്നാല്‍ അറിയിപ്പ് ശ്രദ്ധയില്‍പ്പെടാത്തതിനാലും കോവിഡ് നിയന്ത്രണങ്ങളും കാരണം പലര്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയില്ല. ഇപ്പോള്‍ ജനിക്കുമ്പോള്‍ത്തന്നെ പേരുകൂടി ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് വെബ്‌സൈറ്റില്‍നിന്ന് ലഭിക്കുകയും ചെയ്യും.
15 വര്‍ഷം മുന്‍പ് ജനിച്ചവരാണ് നോട്ട് എന്റേഡ് എന്നു രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഉള്ളവരേറെയും. ഇപ്പോള്‍ അനുവദിച്ച സമയത്തിനുള്ളില്‍ പേര് രേഖപ്പെടുത്തുന്ന കാര്യം തദ്ദേശസ്ഥാപനങ്ങളിലെ രജിസ്ട്രാര്‍മാരും ഉറപ്പാക്കണമെന്ന് ജനനമരണ ചീഫ് രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlights: Inclusion of name in birth certificate, date extended
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..