പ്രതീകാത്മക ചിത്രം | Photo: gettyimages.in
കോഴിക്കോട്: കോവിഡ് കാലത്തും ഐ.ഐ.എമ്മിലേക്ക് വമ്പൻ കമ്പനികൾ ഒഴുകിയപ്പോൾ 'പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ബിസിനസ് ലീഡർഷിപ്പ്' കോഴ്സിന്റെ ആദ്യബാച്ചിന് ലഭിച്ചത് നൂറുശതമാനം പ്ലേസ്മെന്റ്. 39 വൻ കമ്പനികളാണ് ഉദ്യോഗാർഥികളെ തേടിയെത്തിയത്.
നാല് അന്താരാഷ്ട്രനിയമനങ്ങളടക്കം 71 തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. പ്ലേസ്മെന്റ് പ്രോഗ്രാം പൂർത്തിയായതോടെ ബാച്ചിലെ 65 വിദ്യാർഥികൾക്കും നിയമനം ലഭിച്ചു. ഇതിൽ 22 പേർ പെൺകുട്ടികളാണ്.
ആമസോൺ, ആക്സഞ്ചർ, ആക്സിസ് ബാങ്ക്, ബാർക്ലേസ്, ബ്ലാക്ക് ബെറി, കോഗ്നിസെന്റ്, ഐ.ബി.എം, ഇൻഫോസിസ് കൺസൽട്ടിങ്, മൈക്രോസോഫ്റ്റ് ഫോൺപേ, റെഡിങ്ടൺ തുടങ്ങിയ വൻ കമ്പനികളാണ് എത്തിയത്. നിയമനം നേടിയ ഉദ്യോഗാർഥികളുടെ ശരാശരി വാർഷികവേതനം 24.2 ലക്ഷമാണ്. പെൺകുട്ടികൾക്ക് ശരാശരി വാർഷികവേതനം 21.73 ലക്ഷം രൂപയാണ്. മഹാമാരിയുണ്ടാക്കിയ പ്രതിസന്ധിക്കിടയിലും ഈ ബാച്ച് നേതൃപാടവം തെളിയിച്ചെന്ന് ഐ.എം.എം. ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി പറഞ്ഞു. നിയമനം നടത്തിയ കമ്പനികൾ അർപ്പിച്ച വിശ്വാസവും അധ്യാപകരുടെയും പൂർവവിദ്യാർഥികളുടെയും സഹകരണവുംകൊണ്ടാണിത് സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പെൺകുട്ടികളിൽ 72 ശതമാനം പേരും ഉയർന്ന തസ്തികകളിലാണ് നിയമിതരായത്. 27 ശതമാനം പേർക്കും സ്ത്രീകേന്ദ്രിതമായ ഉയർന്ന തസ്തികകളിൽ നിയമനം ലഭിച്ചു. ഐ.ഐ.എമ്മിന്റെ ഒരു വർഷത്തെ എം.ബി.എ. പ്രോഗ്രാം യുവബിരുദധാരികളെ മികച്ച ബിസിനസ് ലീഡർമാരായി മാറ്റാനുദ്ദേശിച്ചുള്ളതാണ്.
Content Highlights: IIM Kozhikode got 100 percent placement on PG diploma in Business leadership course
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..