ഏതുനിമിഷവും തകർന്നുവീഴാവുന്ന മേമാരി ആദിവാസിക്കുടിയിലെ അങ്കണവാടി
ഉപ്പുതറ: ഏതുനിമിഷവും മേൽക്കൂര തകർന്നുവീഴുമെന്ന ഭയപ്പാടിൽ മേമാരി ആദിവാസിക്കുടിയിലെ അങ്കണവാടിയിലേക്ക് കുട്ടികൾ എത്തുന്നില്ല. ഭിത്തി വീണ്ടുകീറി, സിമന്റുപാളികൾ അടർന്നുവീഴുന്ന അവസ്ഥയിലാണിപ്പോൾ അങ്കണവാടിയുടെ അവസ്ഥ.
ഉപ്പുതറ പഞ്ചായത്തിലെ മൂന്നാം വാർഡായ കണ്ണംപടി വനമേഖലയിലെ മേമാരി അങ്കണവാടിക്കാണ് ഈ ദുരവസ്ഥ. ചോർന്നൊലിക്കുന്ന കെട്ടിടത്തിനു മുകളിൽ പടുത കെട്ടിവലിച്ചായിരുന്നു കഴിഞ്ഞദിവസംവരെ കുട്ടികളെ പഠിപ്പിച്ചിരുന്നത്. എന്നാൽ കെട്ടിടം പിന്നെയും ദുർബലമായി എന്ന ഭയമാണ് കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കൾ തയ്യാറാകാത്തതിനു കാരണം. 103 ആദിവാസി കുടുംബങ്ങളാണ് മേമാരിയിൽ ഉള്ളത്. അവിടെയുള്ള കുട്ടികൾക്ക് പഠിക്കാൻ 25 വർഷം മുൻപാണ് സൗജന്യമായി ലഭിച്ച 10 സെന്റ് സ്ഥലത്ത് അങ്കണവാടി കെട്ടിടം നിർമിച്ചത്.
ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കെട്ടിടത്തിന് ബലക്ഷയം ഉണ്ടായി. അന്നുമുതൽ കെട്ടിടം നന്നാക്കണം എന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാരാണ് പടുത ഉപയോഗിച്ച് കെട്ടിടം നനയാതെ സംരക്ഷിച്ചത്. എന്നാൽ എല്ലാ ഭിത്തികളും വിണ്ടുകീറി. മേൽക്കൂരയുടെ വാർക്കയിൽനിന്നു സിമന്റുപാളികൾ അടർന്നുവീണു. മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാൻ സൗകര്യപ്രദമായി മറ്റൊരു കെട്ടിടം ഇവിടെയില്ല.
മേമാരി ആദിവാസിക്കുടിക്ക് പട്ടികവർഗ വികസനവകുപ്പ് അനുവദിച്ച ഒരുകോടി ഫണ്ടിൽ ഉൾപ്പെടുത്തി അങ്കണവാടിക്ക് കെട്ടിടം പണിയുമെന്നാണ് സാമൂഹിക ക്ഷേമ വകുപ്പിന്റെ നിർദേശം. എന്നാൽ ഇതിന് പ്രോജക്ട് ഉണ്ടാകണം. പട്ടികവർഗ വകുപ്പിന്റെ അംഗീകാരവും ലഭിക്കണം. പിന്നീടുവേണം കെട്ടിടം നിർമിക്കാൻ. ഇതിനുണ്ടാകാൻ ഇടയുള്ള കാലതാമസം എത്രയെന്ന് അധികൃതർക്കു തന്നെ അറിയില്ല. അതുവരെ മേമാരി ആദിവാസിക്കുടിയിലെ കുട്ടികളുടെ പഠനം മുടങ്ങും.
Content Highlights: Idukki Upputhara Anganwadi centre working in poor condition
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..