സാമ്പത്തിക സംവരണം ആര്‍ക്കൊക്കെ? സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസത്തിനും എങ്ങനെ ഉപകരിക്കും?


Education Desk

Indepth

Photo: Mathrubhumi

മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് തൊഴില്‍, വിദ്യാഭ്യാസ മേഖലയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടനാ ഭേദഗതി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് ശരിവെച്ചിരിക്കുകയാണ്. സാമ്പത്തിക സംവരണത്തില്‍ പിന്നാക്ക വിഭാഗങ്ങളെ ഒഴിവാക്കിയത് ഭരണഘടനാ വിരുദ്ധമല്ലെന്നാണ് സംവരണത്തെ അനുകൂലിച്ച മൂന്ന് ജസ്റ്റിസുമാരും ചൂണ്ടിക്കാണിച്ചത്. സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി നിര്‍ണായക വിധി പറഞ്ഞത്. സാമ്പത്തിക സംവരണം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് എതിരല്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാര്‍ദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധിപ്രസ്താവിച്ചത്

103-ാം ഭേദഗതിയും സംവരണവും
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തി 2019 ജനുവരിയിലാണ് 103-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റ് പാസാക്കുന്നത്. ഭരണഘടനയുടെ 15, 16 അനുച്ഛേദങ്ങളാണ് ഇതിലൂടെ ഭേദഗതി ചെയ്തത്. ഇതനുസരിച്ച് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാം. എന്നാല്‍ ഭേദഗതി വന്നപ്പോള്‍ മുതല്‍ ഈ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്തെത്തിയത്.സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് സംവരണം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സംവരണം അമ്പത് ശതമാനം കടക്കരുതെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഭേദഗതിയെന്നും എതിര്‍ ഹര്‍ജിക്കാര്‍ വാദിച്ചു. കൂടാതെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളുടെ അവകാശം ഇല്ലായ്മ ചെയ്യുമെന്നും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഭേദഗതി ഭരണഘടനാവിരുദ്ധമല്ലെന്നും എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തെ സാമ്പത്തിക സംവരണം യാതൊരു തരത്തിലും ബാധിക്കില്ലെന്നും സര്‍ക്കാര്‍ വാദിച്ചു.

ഇ.ഡബ്ല്യു.എസ് (Economically Weaker Section) കണക്കാക്കുന്നത് എങ്ങനെ?

2019 ജനുവരി 17-നാണ് ഇ.ഡബ്ല്യു.എസ്. മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മെമ്മോറാണ്ടമിറക്കിയത്. ഇതുപ്രകാരം എസ്.സി., എസ്.ടി., ഒ.ബി.സി. സംവരണം ലഭിക്കാത്തതും വാര്‍ഷിക വരുമാനം എട്ടുലക്ഷം രൂപയില്‍ താഴെയുള്ളവരുമായ മുന്നാക്ക വിഭാഗത്തിനാണ് സംവരണത്തിന് അര്‍ഹത. കൃഷി ഭൂമി അഞ്ചേക്കറില്‍ കൂടുതലുള്ളവരോ വലിയ വീടുളളവരോ സംവരണത്തിന് അര്‍ഹരല്ല. വീട് മുനിസിപ്പാലിറ്റിയിലാണെങ്കില്‍ നൂറ് ചതുരശ്ര യാര്‍ഡ് (900 ചതുരശ്രയടി), അല്ലാത്ത പ്രദേശങ്ങളില്‍ 200 ചതുരശ്ര യാര്‍ഡ്(1,800 ചതുരശ്രയടി) എന്നിങ്ങനെയാണ് വീടിന്റെ വലിപ്പത്തിന്റെ പരിധി.

സാമ്പത്തിക സംവരണവും കേരളവും

103-ാം ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. ഇതനുസരിച്ച് വിദ്യാഭ്യാസ രംഗത്തും പി.എസ്.സി നിയമനത്തിലും സാമ്പത്തിക സംവരണം നടപ്പാക്കാനായി ഉത്തരവിറങ്ങിക്കഴിഞ്ഞു. മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ കോഴ്‌സുകള്‍ക്കും കേന്ദ്രസര്‍വകലാശാലാ പ്രവേശനങ്ങള്‍ക്കുമെല്ലാം സാമ്പത്തിക സംവരണം നടപ്പിലാക്കിക്കഴിഞ്ഞു.

2020 ഒക്ടോബര്‍ 23നാണ് സംസ്ഥാന സര്‍വീസില്‍ സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുന്ന വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് 23.10.2020 മുതല്‍ നിലവിലുള്ളതും അതിനുശേഷം പി.എസ്.സി പുറപ്പെടുവിക്കുന്നതുമായ വിവിധ തസ്തികകളിലേക്കുള്ള തൊഴില്‍ വിജ്ഞാപനങ്ങള്‍ക്ക് സംവരണം ബാധകമായിരിക്കും. സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയ പി.എസ്.സി വിജ്ഞാപനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞു. എന്നാല്‍, സാമ്പത്തിക സംവരണം നടപ്പാക്കിയ റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്.

പ്രഫഷണല്‍ കോഴ്‌സുകളിലെ സാമ്പത്തിക സംവരണം

എന്‍ജിനിയറിങ്, മെഡിക്കല്‍ ഉള്‍പ്പെടെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്തു ശതമാനം സീറ്റ് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊതുവിഭാഗത്തിലും മറ്റ് സംവരണസീറ്റുകളിലും കുറവുണ്ടാകാതിരിക്കാന്‍ പത്തു ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ അധികമായി അനുവദിക്കുകയാണുണ്ടായത്. അടിസ്ഥാനയോഗ്യതയായ പ്ലസ് ടു മാര്‍ക്കില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. സാമ്പത്തികസംവരണം അനുസരിച്ച് കുട്ടികള്‍ വേണ്ടത്രയില്ലാത്ത സ്വാശ്രയ എന്‍ജിനിയറിങ് കോളേജുകള്‍ ഒഴികെ സര്‍ക്കാര്‍, എയ്ഡഡ്, സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ കോളേജുകളില്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചു. യോഗ്യതാമാര്‍ക്കിലും ഇളവ് നൽകി. ഹയര്‍സെക്കന്‍ഡറി പ്രവേശനത്തിനും സാമ്പത്തിക സംവരണം നടപ്പാക്കി

പി.എസ്.സി പരീക്ഷകളിലെ സാമ്പത്തിക സംവരണം

പൊതുവിഭാഗത്തിന് നീക്കിവെച്ചിട്ടുള്ള 50 ശതമാനത്തില്‍നിന്നാണ് സാമ്പത്തിക സംവരണത്തിനുള്ള പത്ത് ശതമാനം ഒഴിവുകള്‍ മാറ്റുന്നത്. നാല് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗക്കാര്‍ക്കാണ് സാമ്പത്തികസംവരണത്തിന് അര്‍ഹത. സംവരണേതര വിഭാഗക്കാരായ സാമ്പത്തികമായി പിന്നാക്കമായ ഹിന്ദു, ക്രിസ്ത്യന്‍, ഇതര മുന്നാക്ക വിഭാഗക്കാര്‍ക്ക് ഈ ഉത്തരവിന്റെ ഗുണം ലഭിക്കും.

ഏതെങ്കിലും ഒരു തസ്തികയിലേക്ക് പി.എസ്.സി. വഴി അപേക്ഷിക്കുമ്പോള്‍ മറ്റ് സംവരണങ്ങള്‍ ലഭിക്കാത്ത, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഉദ്യോഗാര്‍ഥികള്‍ പി.എസ്.സിയുടെ ഒറ്റത്തവണ പ്രൊഫൈലില്‍ സംവരണം ക്ലെയിം ചെയ്യണം. അങ്ങനെയുള്ളവരുടെ അപേക്ഷ മാത്രമേ സംവരണത്തിന് പരിഗണിക്കുകയുള്ളൂ.

ഇങ്ങനെ ക്ലെയിം ചെയ്യാത്ത ആര്‍ക്കും സെലക്ഷന്റെ ഏതൊരവസരത്തിലും ഇത്തരം പരിഗണന ലഭിക്കില്ല. സംവരണേതര വിഭാഗത്തിന്റെ (OC Turn) 9, 19, 29, 39, 49, 59, 69, 79, 89, 99 എന്നീ ഊഴക്കാര്‍ക്ക് (Turn) ഈ ആനുകൂല്യം (ക്ലെയിം ചെയ്തവര്‍ക്ക് മാത്രം) ലഭിക്കും. സാധ്യതാ ചുരുക്കപ്പെട്ടികയില്‍ ഉള്‍പ്പെട്ട ഇത്തരക്കാരായ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി. പ്രമാണപരിശോധനയ്ക്ക് വിളിക്കുമ്പോള്‍ റവന്യൂ അധികാരികള്‍ (വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍) നല്‍കിയ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംവരണേതര വിഭാഗത്തില്‍ പെടുന്നയാളാണ് (Economically weaker section) എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി.

EWS എന്ന് ക്ലെയിം ചെയ്ത്, റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ, അവര്‍ മറ്റു വിധത്തില്‍ മുഖ്യ റാങ്ക് പട്ടികയില്‍ (Main List of the R/L) ഉള്‍പ്പെടാന്‍ അര്‍ഹരാണെങ്കില്‍ EWS ആനുകൂല്യമില്ലാതെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതുമാണ്. EWS വിഭാഗക്കാര്‍ റാങ്ക് ലിസ്റ്റില്‍ ലഭ്യമല്ലാതെയാവുകയോ നിയമനശുപാര്‍ശ ചെയ്ത് ഈ വിഭാഗം ഉദ്യോഗാര്‍ഥികള്‍ ലിസ്റ്റില്‍ അവശേഷിക്കാതിരിക്കുകയോ ചെയ്താല്‍ ഈ ടേണില്‍ അടുത്ത OCയെ (ഉയര്‍ന്ന റാങ്കുള്ളയാളെ) പരിഗണിക്കുന്നതാണ്. ചുരുക്കത്തില്‍ EWS എന്നാല്‍ Open Competition വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗമാണെന്ന് സാരം. റവന്യൂ അധികാരിയില്‍നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും അവകാശവാദത്തിന്റെയും (Claim) അടിസ്ഥാനത്തിലാണ് പരിഗണന.

തെറ്റിദ്ധരിപ്പിച്ചാല്‍ നിയമനം റദ്ദാക്കും

സംവരണവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാന്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുണ്ടാകും. പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഓരോ മൂന്നുവര്‍ഷം കൂടുമ്പോഴും പുനഃപരിശോധിക്കും. ആവശ്യമെങ്കില്‍ ഭേദഗതി വരുത്തും. സാമ്പത്തികമായി പിന്നാക്കമാണെന്ന വാദം തെറ്റാണന്ന് കണ്ടെത്തിയാല്‍ നിയമനം റദ്ദാക്കും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ പുറത്തിറക്കിയ വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

വ്യവസ്ഥകള്‍

  • അപേക്ഷകര്‍ പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ എന്നീ സംവരണ വിഭാഗത്തില്‍പ്പെട്ടവരായിരിക്കരുത്.
  • കുടുംബ വാര്‍ഷികവരുമാനം നാല് ലക്ഷം രൂപയോ അതില്‍ താഴെയോ ആയിരിക്കണം. വരുമാനം കണക്കാക്കുമ്പോള്‍ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള ഹൗസ് പ്ലോട്ടുകളില്‍നിന്നുള്ള കാര്‍ഷിക വരുമാനം, സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍, കുടുംബ പെന്‍ഷന്‍, തൊഴിലില്ലായ്മ വേതനം, ഉത്സവബത്ത, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, യാത്രാബത്ത ഒഴികെയുള്ള മറ്റെല്ലാ വരുമാനവും പരിഗണിക്കും.
  • കുടുംബ ഭൂസ്വത്ത് ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് രണ്ടര ഏക്കറിലും നഗരസഭാ മേഖലയില്‍ 75 സെന്റിലും കോര്‍പ്പറേഷനില്‍ 50 സെന്റിലും കൂടരുത്. ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്ത് ഉണ്ടെങ്കില്‍ അതിന്റെ ആകെ ഭൂവിസ്തൃതി രണ്ടര ഏക്കറില്‍ കൂടരുത്. മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ പരിധിയില്‍ അപേക്ഷകന്റെ കുടുംബത്തിന് ഭൂസ്വത്തിന്റെ ആകെ ഭൂവിസ്തൃതി 75 സെന്റില്‍ കവിയരുത്. അപേക്ഷകന് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഭൂമി കണക്കിലെടുക്കും.
  • കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ടിന്റെ വിസ്തൃതി മുനിസിപ്പല്‍ പരിധിയില്‍ 20 സെന്റിലും കോര്‍പ്പറേഷന്‍ പരിധിയില്‍ 15 സെന്റിലും കൂടരുത്. നഗരസഭ, കോര്‍പ്പറേഷന്‍ പരിധികളില്‍ ഹൗസ് പ്ലോട്ട് ഉണ്ടെങ്കില്‍ രണ്ടുംകൂടി 20 സെന്റില്‍ കൂടരുത്.
  • അന്ത്യോദയ അന്നയോജന (എ.എ.വൈ.), മുന്‍ഗണന വിഭാഗത്തില്‍പ്പെടുന്ന റേഷന്‍ കാര്‍ഡില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളവര്‍ സംവരണത്തിന് അര്‍ഹരാണ്.
  • മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നികത്തപ്പെടാത്ത ഒഴിവുകളുടെ ആനുകാലിക റിപ്പോര്‍ട്ട് പൊതുമേഖലാ സ്ഥാപനങ്ങള്‍ പൊതു ഭരണ (ഏകോപന) വകുപ്പിന് നല്‍കണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യണം.
  • സംവരണം നടപ്പാക്കാന്‍ മേല്‍നോട്ടത്തിന് നിരീക്ഷണ സെല്‍ പൊതുഭരണവകുപ്പില്‍ രൂപവത്കരിക്കും.

Content Highlights: economically weaker section, EWS Certificate, quota for Economically Weaker Sections, reservation


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented