പരീക്ഷകള്‍ ഓണ്‍ലൈനില്‍ എങ്ങനെ നടത്താം? 


കുട്ടികളെക്കാളുപരി അധ്യാപകര്‍ മാറുന്ന ഈ സമ്പ്രദായത്തിന് അനുസൃതമായി പൊരുത്തപ്പെടണം. പ്രയോഗതലത്തിന് മുന്‍തൂക്കമുള്ള ഉത്തരം കിട്ടണമെങ്കില്‍ ചോദ്യങ്ങളും അതിനനുസരിച്ചാകണമല്ലോ. അധ്യാപകര്‍ അതിനനുസരിച്ച അധ്യാപന സമ്പ്രദായത്തിലേക്ക് ആദ്യം മാറണം

-

ലോക്ക്ഡൗണിനെത്തുടർന്ന് വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് നിരവധി അധ്യായന ദിനങ്ങളാണ്. പഠിപ്പിച്ച് തീരാത്ത പാഠഭാഗങ്ങളും നടത്താൻ ബാക്കിയായ പരീക്ഷകളും ഏറെയാണ്. ഇതിന് പരിഹാരമായി ഓൺലൈൻ പരീക്ഷകൾ എങ്ങനെ നടത്താമെന്ന് വിദഗ്ധരുമായി മാതൃഭൂമി ചർച്ച ചെയ്തപ്പോൾ.

ആദ്യം മൈൻഡ് സെറ്റ് മാറണം

ഓൺലൈൻ പരീക്ഷാ സമ്പ്രദായത്തിലേക്ക് മാറുന്നതിന് ആദ്യം മാറേണ്ടത് നമ്മുടെയെല്ലാം മൈൻഡ് സെറ്റാണ്. പരീക്ഷാ സമ്പ്രദായത്തിൽ പൊതുവിശ്വാസം കാത്തുസൂക്ഷിക്കേണ്ടത് ആവശ്യമാണ്. എന്നാൽ, അത് ആർക്കും ആരെയും വിശ്വാസമില്ലാത്ത അവിശ്വാസത്തിന്റെ അന്തരീക്ഷത്തിന് വഴിമാറുകയും ചെയ്യരുത്. സാങ്കേതിക സർവകലാശാല ഓൺലൈൻ പരീക്ഷകൾ നടത്താൻ ശ്രമിക്കുകയും അത് പരാജയപ്പെടുകയും ചെയ്ത അനുഭവം നമ്മുടെ മുന്നിലുണ്ടല്ലോ. ഓൺലൈൻ പഠനത്തിലേക്കും പരീക്ഷയിലേക്കും നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം മാറേണ്ടതുണ്ട്. വിദേശ സർവകലാശാലകളിൽ ഇത് വിജയകരമായി നടപ്പാക്കിവരുന്നു. നമ്മുടെ പഠനസമ്പ്രദായത്തിൽത്തന്നെ ഇതിനനുസരിച്ച മാറ്റം വരണം. വിവരണാത്മകമായി ഉത്തരമെഴുതുന്ന രീതി കൂടുതലായും ഇവിടെയാണുള്ളത്. ഈ സമ്പ്രദായത്തെ പ്രയോഗതലത്തിൽ ഉത്തരമെഴുതുന്ന രീതിയിലേക്ക് മാറ്റണം. എന്നാലേ ഓൺലൈൻ പരീക്ഷാ നടത്തിപ്പിൽ ഉദ്ദേശിച്ച ഫലം കാണൂ.

ഞാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നകാലത്ത് പഠനം ഓൺലൈനിലാക്കുന്നതിനായി വിദഗ്ധസമിതിയെ നിയോഗിക്കുകയും അതിന്റെ റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, അത് പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല. കോളേജുകളുടെ ക്ലസ്റ്റർ രൂപവത്‌കരിച്ചപ്പോൾ ചില പൊതുവായ ക്ലാസുകൾ ഓൺലൈനായി നടത്താൻ ശ്രമിച്ചു. ഗസ്റ്റ് അധ്യാപകരെ ഒഴിവാക്കുന്നതിനുള്ള ശ്രമമാണിതെന്ന വ്യാജപ്രചാരണം ആരോ അഴിച്ചുവിട്ടു. അത് ആ പരീക്ഷണത്തിന്റെ അന്ത്യം കുറിച്ചു.

കേരളത്തിൽ ആർട്സ് ആൻഡ് സയൻസ് കോളേജുകളെ ഉൾക്കൊള്ളിച്ചാണെങ്കിലും ഓൺലൈൻ പരീക്ഷ നടത്താൻ കഴിയും. പ്രൊഫഷണൽ കോഴ്സുകളിൽ അതിനെക്കാൾ വേഗത്തിലും അത് നടപ്പാക്കാം. മെഡിക്കൽ സർവകലാശാലയിൽ ഓൺലൈൻ പരീക്ഷ നടത്തി വിജയിപ്പിച്ചിട്ടുണ്ട്. ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഇതിനുള്ള അടിസ്ഥാനസൗകര്യം ആദ്യം ഒരുക്കണം. കുട്ടികളെ ഒരുമിച്ച് പരീക്ഷയ്ക്കിരുത്താനുള്ള കംപ്യൂട്ടർ, ഇന്റർനെറ്റ് സംവിധാനം വേണം. വൈദ്യുതി ഇടയ്ക്ക് മുടങ്ങരുത്. മുടങ്ങിയാൽ ബദൽസംവിധാനം വേണം. ഒറ്റയടിക്ക് അതിലേക്ക് മാറാൻ പ്രയാസമുണ്ടാകും. എന്നാൽ, കാലക്രമത്തിൽ ഓൺലൈൻ പഠനത്തിനും പരീക്ഷയും അനിവാര്യമാകും. അതിനോട് മുഖംതിരിഞ്ഞുനിൽക്കാൻ നമുക്കുമാത്രം കഴിയില്ല. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും സമയത്ത് നടക്കാൻ ഇതല്ലാതെ മറ്റു പോംവഴികളില്ല. ഓൺലൈൻ പരീക്ഷാ നടത്തിപ്പിനുള്ള പ്ലാറ്റ് ഫോമുകൾ ഇപ്പോൾ ലഭ്യമാണ്. അവ ഉപയോഗിക്കാം. അല്ലെങ്കിൽ അതത് സർവകലാശാലകൾക്ക് അവ വികസിപ്പിക്കാവുന്നതേയുള്ളൂ.

ടി.പി. ശ്രീനിവാസൻ,ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ

പ്രൊഫഷണൽ കോളേജുകളിൽ ആദ്യം നടപ്പാക്കാം

ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ സെമസ്റ്റർ പരീക്ഷകൾ ഓൺലൈനിലാക്കുന്നതിനുമുമ്പ് പ്രൊഫഷണൽ കോളേജുകളിലെ പരീക്ഷകൾ ആദ്യം ഓൺലൈനിലാക്കുന്നതായിരിക്കും ഉത്തമം. ഞാൻ സാങ്കേതിക സർവകലാശാലയിൽ പ്രൊ വൈസ് ചാൻസലറായിരിക്കുന്ന കാലത്താണ് ഓൺലൈൻ പരീക്ഷ അവിടെ നടപ്പാക്കാൻ ശ്രമിച്ചത്. എന്നാൽ, സ്വകാര്യ ഏജൻസിയുടെ സോഫ്റ്റ്വേറായതിനാൽ ശ്രമം വിവാദത്തിൽപ്പെട്ടു. അത് നടപ്പായില്ല. ഇന്നിപ്പോൾ സോഫ്റ്റ്വേറുകൾ ധാരാളമായി ലഭ്യമാണ്. അല്ലെങ്കിൽ സർവകലാശാലകൾക്കുതന്നെ അവ വികസിപ്പിക്കാം.

മൂന്നുതരത്തിൽ ഓൺലൈൻ പരീക്ഷ നടത്താം. മൾട്ടിപ്പിൾ ചോയ്സ് ചോദ്യോത്തരങ്ങളിലേക്ക് പരീക്ഷ മാറ്റുകയാണ് ഒരു മാർഗം. ആ രീതിയാണ് അവലംബിക്കുന്നതെങ്കിൽ അധ്യയനവും മറ്റുമൊക്കെ അതിന്റെ ചുവടുപിടിച്ചതാക്കേണ്ടിവരും. ആർട്സ് ആൻഡ് സയൻസ് വിഷയങ്ങൾക്ക് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾമാത്രം മതിയാകില്ല. വിവരണാത്മക ഉത്തരങ്ങളും ഓൺലൈനിൽ ടൈപ്പ് ചെയ്യാം. എന്നാൽ, വിദ്യാർഥികൾക്ക് അതിനനുസരിച്ച പരിശീലനം നൽകണം. അല്ലെങ്കിൽ സമയബന്ധിതമായി അവർക്ക് ഉത്തരം എഴുതിത്തീർക്കാനാകില്ല. സാങ്കേതിക സർവകലാശാലയിൽ നിലവിലുള്ള രീതിയാണ് മൂന്നാമത്തേത്. കുട്ടികൾ സാധാരണ പേപ്പറിൽ ഉത്തരമെഴുതുകയും അവ മൂല്യനിർണയം നടത്തുന്നതിന് അധ്യാപകർക്ക് സ്കാൻചെയ്ത് അയച്ച് നൽകുകയും ചെയ്യുന്നതാണ് ഈ രീതി. മാർക്കുകൾ അധ്യാപകർ അപ്ലോഡ് ചെയ്യും. സംസ്ഥാനം മുഴുവനും പ്രവർത്തനപരിധിയുള്ള ഒരു സർവകലാശാലയ്ക്ക് ഉത്തരപ്പേപ്പറുകൾ മുഴുവൻ ഒരു കേന്ദ്രത്തിലെത്തിച്ച് വിതരണത്തിനും മറ്റുമെടുക്കുന്ന സമയം ഇതിലൂടെ ലാഭിക്കാൻ കഴിയും.

എല്ലാ പരീക്ഷകളും ഒരുമിച്ച് ഓൺലൈനാക്കുക എളുപ്പമല്ല. എന്നാൽ, കുട്ടികൾ കുറവുള്ള കുറച്ചു പരീക്ഷകളെങ്കിലും ആദ്യം ഓൺലൈനാക്കി സാവധാനം ഇത് പൂർണതയിലെത്തുകയാകും ഉചിതം.

ഡോ. എ. അബ്ദുറഹ്മാൻ,മുൻ പി.വി.സി., സാങ്കേതിക സർവകലാശാല

സുരക്ഷിത സോഫ്റ്റ്വേറുകളുണ്ട് പക്ഷേ, രീതികൾ മാറണം

പരമ്പരാഗത രീതിയിലുള്ള പരീക്ഷകൾ ഓൺലൈൻ വഴി വീട്ടിലിരുന്ന് എഴുന്നത് പ്രാവർത്തികമല്ല. ഉത്തരങ്ങൾ ഗൂഗിളിൽ നിന്നോ പുസ്തകങ്ങളിൽ നിന്നോ കണ്ടെത്തി പകർത്താവുന്ന തരത്തിലാണ് ഇപ്പോഴത്തെ ഭൂരിഭാഗം
ചോദ്യങ്ങളും. വീട്ടിലിരുന്നുകൊണ്ട് ഓൺലൈൻ പരീക്ഷകൾ എഴുതണമെങ്കിൽ നിലവിലെ രീതി പൂർണമായും മാറണം. ചോദ്യങ്ങളുടെ ശൈലിതന്നെ പരിഷ്കരിക്കേണ്ടതായിവരും.

പ്രായോഗിക കഴിവുകൾ പരിശോധിക്കാനാണ് ഓൺലൈൻ സംവിധാനം കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. മറ്റെവിടെ നിന്നെങ്കിലും പകർത്തിയെഴുതാനാവാത്ത തരത്തിലുള്ള ഉത്തരങ്ങൾ നിശ്ചിത സമയത്തിനകം പരിഹരിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് വേണ്ടത്. ഓൺലൈൻ വഴി നേരിട്ടുനടത്തുന്ന അഭിമുഖംപോലുള്ള പരീക്ഷകളും പല സർവകലാശാലകളും നടത്തുന്നുണ്ട്. പഠിതാക്കൾ തയ്യാറാക്കുന്ന റിപ്പോർട്ടുകൾ സമർപ്പിക്കാൻ ഓൺലൈൻ സംവിധാനം ഉപയോഗിക്കാം. ഇവ പരിശോധിക്കുന്നതിന് പ്ലേജറിസം പോലുള്ള പരിശോധന സംവിധാനങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. ഓൺലൈൻ പരീക്ഷകൾ നടത്തുന്നതിനുള്ള ഒട്ടേറെ സോഫ്റ്റ്വേറുകൾ ലഭ്യമാണ്. ഇവ തയ്യാറാക്കാനോ ലഭിക്കാനോ ബുദ്ധിമുട്ടുകളില്ല.

റെജാ റഹിം, സൈബർ സുരക്ഷാവിദഗ്ധൻ

പാഠ്യപദ്ധതിയും അധ്യാപനവും മാറണം

ഉന്നതവിദ്യാഭ്യാസരംഗത്ത് നിലവിലുള്ള പാഠ്യപദ്ധതിയും അധ്യയന, മൂല്യനിർണയ സമ്പ്രദായങ്ങളും നിലനിർത്തിക്കൊണ്ട് ഓൺലൈൻ പരീക്ഷയിലേക്ക് നീങ്ങുക പ്രയാസമാണ്. ഒറ്റയടിക്ക് നടപ്പാക്കാവുന്നതല്ല ഓൺലൈൻ പരീക്ഷ. കേവലം പരീക്ഷാനടത്തിപ്പ് മാത്രമല്ല മാറേണ്ടത്. നമ്മുടെ സിലബസും പാഠ്യപദ്ധതിയും അധ്യാപന സമ്പ്രദായവും ഓൺലൈൻ പരീക്ഷയ്ക്ക് ഇണങ്ങുംവിധം മാറേണ്ടതുണ്ട്. വിവരണാത്മക ഉത്തരങ്ങൾ എഴുതുന്നതിന് തക്കവിധമാണ് നിലവിലെ പഠന, പരീക്ഷാ സമ്പ്രദായം. ഇതിനുപകരം ആശയസംവാദവും പ്രയോഗതലത്തിന് പ്രാധാന്യം നൽകുന്നതുമായ രീതിക്ക് പ്രധാന്യം നൽകുംവിധമുള്ള ചോദ്യോത്തരമാകണം.

കുട്ടികളെക്കാളുപരി അധ്യാപകർ മാറുന്ന ഈ സമ്പ്രദായത്തിന് അനുസൃതമായി പൊരുത്തപ്പെടണം. പ്രയോഗതലത്തിന് മുൻതൂക്കമുള്ള ഉത്തരം കിട്ടണമെങ്കിൽ ചോദ്യങ്ങളും അതിനനുസരിച്ചാകണമല്ലോ. അധ്യാപകർ അതിനനുസരിച്ച അധ്യാപന സമ്പ്രദായത്തിലേക്ക് ആദ്യം മാറണം. തുടർന്ന് ചോദ്യരീതിയും മാറ്റണം. ചുരുക്കത്തിൽ അധ്യാപനത്തിന്റെയും ചോദ്യം ചോദിക്കലിന്റെയും ഉത്തരമെഴുതലിന്റെയും മൂല്യനിർണയത്തിന്റെയും നിലവാരം മറ്റൊരു ഉയർന്ന തലത്തിലേക്ക് മാറണം. ഇക്കാര്യം ഒറ്റവാക്കിൽ പറയാമെങ്കിലും നിലവിലുള്ള അധ്യാപനസമ്പ്രദായം ഓൺലൈൻ പരീക്ഷയ്ക്കനുസരിച്ച സമ്പ്രദായത്തിലേക്ക് മാറ്റുന്നതിന് കടമ്പകളേറെയുണ്ടെന്നതാണ് യാഥാർഥ്യം.

വിദേശ സർവകലാശാലകളിലൊക്കെ നടപ്പാക്കിയ ഓപ്പൺ ബുക്ക് സമ്പ്രദായത്തിലേക്ക് നമുക്ക് ഇപ്പോഴും മാറാൻ കഴിഞ്ഞിട്ടില്ല. ഓപ്പൺ ബുക്ക് സമ്പ്രദായത്തിൽ ചോദ്യത്തിന്റെ നിലവാരം അതിനനുസരിച്ച രീതിയിൽ ഉയരേണ്ടതുണ്ടെന്നത് ഓർമിപ്പിക്കാൻ വേണ്ടിമാത്രം പ്രതിപാദിക്കുന്നു. ഓൺലൈൻ പരീക്ഷയ്ക്ക് പാകമായ നിലയിൽ പാഠ്യപദ്ധതിയും സിലബസും അധ്യാപനവും മൂല്യനിർണയവും മാറിവരുമ്പോൾ സോഫ്റ്റ്വേറിനെക്കുറിച്ച് ശങ്കിക്കേണ്ട കാര്യമില്ല. അവ ലഭ്യമാണ്. അല്ലെങ്കിൽ സർവകലാശാലകൾക്കുതന്നെ വികസിപ്പിക്കാവുന്നതേയുള്ളൂ.

ഡോ. ജയശങ്കർ പ്രസാദ്,

മുൻ ഡയറക്ടർ, ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്വേർ,സി.ഇ.ഒ., ടി.ആർ.ഇ.എസ്.ടി. റിസർച്ച് പാർക്ക്

Content Highlights: How to conduct online exams says Experts

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chetan Ahimsa

1 min

'ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകൾക്കുമേൽ'; ട്വീറ്റിന്റെ പേരിൽ കന്നഡ നടൻ ചേതൻ അറസ്റ്റിൽ

Mar 21, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023

Most Commented