-
തൃശ്ശൂർ: പ്ലസ് വൺ, പ്ലസ്ടു പരീക്ഷകളുടെ ഉത്തരസൂചികയുടെ ചർച്ചയും അന്തിമരൂപം നൽകലും ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പിൽ. മുൻവർഷങ്ങളിൽ എറണാകുളത്ത് ഒരു വിഷയത്തിന് ഒരു ജില്ലയിൽനിന്ന് ഒരാൾ എന്ന കണക്കിൽ യോഗം വിളിച്ച് നടത്തിയിരുന്ന സംവിധാനമാണ് സുഗമമായി വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നടക്കുന്നത്.
ഹയർ സെക്കൻഡറി ഉദ്യോഗസ്ഥരും അധ്യാപകരും അടക്കം അറുനൂറോളംപേർ എത്തിയിരുന്ന യോഗമായിരുന്നു ഇത്. കോവിഡ് പശ്ചാത്തലത്തിൽ ഇത്തരം നടപടി സ്വീകരിച്ചതിലൂടെ മൂന്നുലക്ഷം രൂപയോളം സർക്കാരിന് ലാഭിക്കാനുമായി. അധ്യാപകരുടെ ടി.എ., ഡി.എ. തുടങ്ങിയവ അടക്കമുള്ള ചെലവുകളാണ് ലാഭിക്കാനായത്. വരുംവർഷങ്ങളിലും ഇത് നടപ്പാക്കാനാണ് സാധ്യത.
പ്ലസ്വണ്ണിനും പ്ലസ്ടുവിനും 16 വിഷയങ്ങൾ വീതമാണുള്ളത്. ഇവയുടെ ചോദ്യകർത്താക്കൾ തയ്യാറാക്കിയ ഉത്തരസൂചികകളിലുള്ള ചർച്ചയാണ് നടത്തുന്നത്. ഒരു വിഷയത്തിന് ജില്ലകളിൽനിന്നുള്ള 14 പേരും ഒരു ലീഡറും ഹയർ സെക്കൻഡറി വിഭാഗം ജോയിന്റ് ഡയറക്ടറും അടങ്ങുന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ് രൂപവത്കരിച്ചത്. ഓരോ ദിവസവും പ്രത്യേകസമയം നിശ്ചയിച്ചാണ് ചർച്ച. ലീഡർ എല്ലാം ഏകോപിപ്പിച്ച് അന്തിമ ഉത്തരസൂചികയ്ക്ക് രൂപം നൽകും.
മൂല്യനിർണയം തുടങ്ങുന്നതിനുമുമ്പ് ഉത്തരസൂചിക ഹയർ സെക്കൻഡറി വകുപ്പിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. വിഷയങ്ങളുടെ ലീഡർമാരുമായി സൂം ആപ്പിൽ ഹയർ സെക്കൻഡറി ആസ്ഥാനത്തുനിന്ന് വീഡിയോ കോൺഫറൻസ് നടത്തിയിരുന്നെങ്കിലും സൂം ആപ്പിന്റെ ഉപയോഗത്തിൽ കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതോടെ അത് ഉപേക്ഷിച്ചു.
കഴിഞ്ഞ പരീക്ഷകളുടെ ഉത്തരസൂചിക തീർപ്പാക്കലാണ് ഇപ്പോൾ നടക്കുന്നത്. പ്ലസ്വണ്ണിനും പ്ലസ്ടുവിനും രണ്ടുവീതം പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. എല്ലാ പരീക്ഷകളും തീർന്നശേഷമേ മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങൂ.
Content Highlights: Higher Secondary answer key discussion will be made through whatsapp, lock down, Covid-19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..