വി.ശിവൻകുട്ടി | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം:കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന തന്റെ പരാമര്‍ശത്തില്‍ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും കോവിഡ് കാലത്ത് നടത്തിയ കഠിന പ്രയത്‌നത്തിന്റെ ഫലമാണ് ഈ വിജയശതമാനം. ആ അംഗീകാരത്തെ കളിയാക്കുന്നത് ശരിയല്ല, വേണമെങ്കില്‍ നിങ്ങളെന്നെ കളിയാക്കിക്കോളൂ എന്നാണ് നിയമസഭയില്‍ പറഞ്ഞതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഉയര്‍ന്ന വിജയശതമാനം ഉന്നതവിദ്യാഭ്യാസത്തിന് അംഗീകരിക്കാന്‍ തയ്യാറല്ലെന്ന് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ വക്താക്കള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം അത്തരമൊരു പരാമര്‍ശമുണ്ടായത്. അത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ വിവാദ പ്രസ്താവന.ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയ തലത്തില്‍ തമാശയായി. എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നുമായിരുന്നു നിയമസഭാ ഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങിനിടെ മന്ത്രിയുടെ പരാമര്‍ശം.
മന്ത്രിയുടെ വാക്കുകള്‍
'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 125509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെക്കന്‍ഡറിക്കും ഇതേ നിലവാരമുണ്ട്'
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..