-
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പ്ലസ്ടുഫലം പ്രസിദ്ധീകരിക്കാത്തതിനാല്‍ ബിരുദപ്രവേശനത്തിന്റെ അപേക്ഷാതീയതി ദീര്‍ഘിപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് യുജിസി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി പരീക്ഷാഫലം വന്നതിന് ശേഷമുള്ളതായിരിക്കണമെന്നും യു.ജി.സി നിര്‍ദേശിച്ചു. ഫലം വരുന്നതുവരെ പ്രവേശനം തുടങ്ങരുതെന്ന് കാണിച്ച് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചിരുന്നു.
പ്ലസ്ടുഫലം പ്രതീക്ഷിക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് യുജിസി നിര്‍ദേശം ആശ്വാസമാകും. എന്നാല്‍ മറ്റ് മേഖലകളില്‍ ഉപരിപഠനം നടത്താനാഗ്രഹിക്കുന്നവര്‍ ഇപ്പോഴും ആശങ്കയിലാണ്. ജൂലായ് ആദ്യവാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ. അറിയിച്ചിരുന്നതെങ്കിലും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
കോവിഡ് പ്രതിസന്ധികാരണം ഈ വര്‍ഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബര്‍ - ഡിസംബര്‍ സമയത്തും രണ്ടാംഘട്ടം മേയ് - ജൂണ്‍ മാസങ്ങളിലുമായിരുന്നു. പത്താംക്ലാസുകാര്‍ക്ക് നേരിട്ട് സി.ബി.എസ്.ഇ.യില്‍ തന്നെ പ്രവേശനം നേടാന്‍ സാധിക്കുമെങ്കിലും പന്ത്രണ്ടാംക്ലാസില്‍ പല സര്‍വകലാശാലകളിലും പ്രവേശന പരീക്ഷ നടത്തുമെന്നത് വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാണ്. ഫലം വരാന്‍ ഒരുമാസത്തോളം സമയമെടുക്കുമെന്നാണ് യുജിസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്
രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷകളുടെ മാര്‍ക്കുകള്‍ കൂട്ടിച്ചേര്‍ത്തപ്പോള്‍ വന്ന വ്യക്തതക്കുറവാണ് ഫലം വൈകുന്നതിന് കാരണമാകുന്നതെന്ന് കേരള സിബി.എസ്.ഇ. സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് പ്രസിഡന്റ് അഡ്വ. ടി.പി. ഇബ്രാഹിംഖാന്‍ പറഞ്ഞു.
പരീക്ഷാഫലം വന്നതുകൊണ്ടായില്ല സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള നടപടികളും വേഗത്തില്‍ തീര്‍ക്കേണ്ടതായുണ്ട്. മാര്‍ക്കുണ്ടെങ്കിലും ഇഷ്ടവിഷയവും സ്ഥാപനവും ഇതിലൂടെ നഷ്ടമാകുമെന്ന ആശങ്കയാണ് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..