-
ന്യൂഡൽഹി: ഓൺലൈൻ പഠനം, പരീക്ഷകൾ എന്നിവ പ്രോൽസാഹിപ്പിക്കാനായി കമ്മിറ്റി രൂപീകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. ഇഗ്നോ വൈസ് ചാൻസലറായ പ്രൊഫസർ. നാഗശ്വേര റാവു അധ്യക്ഷനായ കമ്മിറ്റിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. എല്ലാ കേന്ദ്ര സർവകലാശാലകളിലെയും വൈസ് ചാൻസിലറുമാരുമായി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാൽ നിഷാങ്ക് നടത്തിയ ചർച്ചയിലാണ് കമ്മിറ്റി രൂപീകരണമുണ്ടായത്.
യു.ജി.സി ചെയർമാൻ അധ്യക്ഷനായ അക്കാദമിക് കലണ്ടർ കമ്മിറ്റിയും ഇതിന്റെ ഭാഗമായി രൂപീകരിച്ചു. കോവിഡ്- 19 വൈറസ് ബാധയെത്തുടർന്ന് വൈകിയ അക്കാദമിക് മേഖലയെ പൂർവസ്ഥിതിയിലാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുകയാണ് ഈ കമ്മിറ്റിയുടെ ലക്ഷ്യം. വൈറസ് വ്യാപനം മൂലം തടസ്സപ്പെട്ട അധ്യായനം എങ്ങനെ പുനരാരംഭിക്കാമെന്നുള്ള കാര്യങ്ങളും ചർച്ചചെയ്യണമെന്ന് സ്ഥാപന മേധാവികളോട് മന്ത്രി ആവശ്യപ്പെട്ടു.
ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന കുട്ടികളുടെ ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങളും ഈ യോഗത്തിൽ ചർച്ച ചെയ്തു. കോവിഡ്-19 രോഗബാധയ്ക്ക് സാധ്യതയുള്ളവർ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സർവകലാശാലകൾ ബോധവൽക്കരണം നടത്തണമെന്നും കമ്മിറ്റിയിൽ നിർദേശം വന്നു.
മിക്ക സർവകലാശാലകളും ഓൺലൈനായി ക്ലാസ്സുകൾ ഉടൻ ആരംഭിക്കുമെന്ന് ചർച്ചയിൽ വ്യക്തമാക്കി. 'സ്വയം മൂക്' കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർത്ഥികളെ പ്രോൽസാഹിപ്പിക്കാണമെന്നും ആവശ്യമെങ്കിൽ അത്തരം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
വൈറസ് ബാധയെ തടയുന്നതിനായി 40 ഐസോലേഷൻ മുറികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയും അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയും അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ല സർവകലാശാലകളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകണമെന്നും വൈസ്ചാൻസിലർമാരോട് മന്ത്രി അഭ്യർത്ഥിച്ചു.
Content Highlights: Education ministry constitutes committee to promote online education and examination
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..