-
വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളും ആശങ്കയിലാണ്. എത്രയും വേഗം നാട്ടിലേക്ക് എത്താൻ അവരും ആഗ്രഹിക്കുന്നു. മലയാളികളായ പതിനായിരക്കണക്കിന് വിദ്യാർഥികൾ വിദേശരാജ്യങ്ങളിൽ പഠിക്കുന്നുണ്ട്. നിലവിൽ സുരക്ഷിതരാണെങ്കിലും നാളെ എന്തും സംഭവിക്കാമെന്ന അരക്ഷിതാവസ്ഥ അവരെയും മാതാപിതാക്കളേയും ഭീതിയിലാഴ്ത്തുന്നു.
വിമാന സർവീസ് പുനരാരംഭിച്ചാൽ ഉടൻ നാട്ടിലെത്താൻ തന്നെയാണ് അവർ കാത്തിരിക്കുന്നത്. പാർട് ടൈം ജോലിയെടുത്താണ് വിദ്യാർഥി വിസയിൽ പോയവരെല്ലാം ചെലവ് കണ്ടെത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ അതിന് സാധിക്കാത്തതിനാൽ ഭൂരിഭാഗംപേരും ബുദ്ധിമുട്ടിലാണ്. കുടുങ്ങിപ്പോയ വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.
സുഹൃത്തുക്കൾ സഹായിക്കുന്നു
കാനഡയിലെ ടൊറന്റോയിലാണ് മകൻ മുഹമ്മദ് നിഹാൽ പഠിക്കുന്നത്. ആറുപേർ ഒരുമിച്ചാണ് അവിടെ താമസിക്കുന്നത്. പുറത്തിറങ്ങാതെ വീട്ടിൽത്തന്നെ സുരക്ഷിതമായി കഴിയാനാണ് മകനോടും മറ്റുള്ളവരോടും പറഞ്ഞിട്ടുള്ളത്. എനിക്ക് അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. അവർ കുട്ടികളുടെ കാര്യങ്ങൾ അന്വേഷിക്കുകയും ഭക്ഷണം ഉൾപ്പെടെയുള്ള സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ആശ്വാസം. അവധിയാകുമ്പോൾ മകനോട് നാട്ടിലേക്ക് കയറിപ്പോരാനാണ് സാധാരണ പറയാറ്. വിമാനസർവീസ് ഇല്ലാത്തതിനാൽ ആകെ ആശങ്കയിലാണ്. മിക്കവരും പാർട് ടൈം ജോലിക്ക് പോയാണ് ചെലവുകണ്ടെത്തിയിരുന്നത്. പുറത്തിറങ്ങാൻ കഴിയാത്തതിനാൽ ജോലിക്കുപോകാൻ സാധിക്കുന്നില്ല. പരീക്ഷ ഓൺലൈൻ ആയി നടത്തുമെന്നാണ് അധികൃതർ പറയുന്നത്.
-കോട്ടയം നസീർ, സിനിമാതാരം.
യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത് 1500-ലധികം മലയാളി വിദ്യാർഥികൾ
യുക്രൈനിലെ കീവിലും ഖർഖീവിലുമായി 1500-ലേറെ മലയാളികളായ കുട്ടികൾ പഠിക്കുന്നുണ്ട്. മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് പഠനച്ചെലവ് കുറവായതിനാലാണ് ധാരാളം കുട്ടികൾ യുക്രൈനിലേക്ക് മെഡിസിൻ പഠിക്കാൻ പോകുന്നത്. മകൾ മാളവിക ലക്ഷ്മണൻ, വി.എൻ. കരാസിൻ ഖർഖീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്. വിഷ്ണുപ്രിയ, അർജുൻ, മീര ഷാജി, അതുൽരാജ് തുടങ്ങി ബന്ധുക്കളായ നാലുപേരും അവിടെയാണ് പഠിക്കുന്നത്. ഇവിടെതന്നെ 300-നും 500-നും ഇടയിൽ മലയാളികളായ കുട്ടികൾ പഠിക്കുന്നുണ്ട്.
യുക്രൈനിൽ കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്നു. കുട്ടികളെല്ലാം പരിഭ്രാന്തിയിലാണ്. അവിടെ സാമൂഹിക സുരക്ഷ വളരെക്കുറവാണെന്നാണ് കുട്ടികൾ പറയുന്നത്. ഭക്ഷണം വാങ്ങാൻപോലും നേരിട്ട് പോകേണ്ട അവസ്ഥയാണ്. പുറത്തിറങ്ങാൻ പേടിയാണ്. താമസിക്കുന്നിടത്ത് അടച്ചിട്ട് കഴിയുകയാണ്. അത്യാവശ്യകാര്യത്തിന് മാത്രമാണ് പുറത്തിറങ്ങുന്നത്. കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയപ്പോൾ ഇന്ത്യക്കാരായ വിദ്യാർഥികൾ ചേർന്ന് യുക്രൈനിലെ ഇന്ത്യൻ എംബസിയെ വിവരമറിയിച്ചിരുന്നു. നാട്ടിൽ എത്തിക്കാൻവേണ്ട നടപടികൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
കെ.പി. ലക്ഷ്മണൻ, വെസ്റ്റ് നടക്കാവ്, കോഴിക്കോട്.
യു.കെ.യിൽ ഒറ്റപ്പെട്ട്
മകൻ അസ്മൽ സിയോന യു.കെ.യിലെ ഈസ്റ്റ് ആമിൽ എം.എസ്സി. വിദ്യാർഥിയാണ്. മലപ്പുറം ജില്ലക്കാരായ പത്ത് വിദ്യാർഥികളും അസ്മലിനൊപ്പമുണ്ട്. ഒരു അപാർട്ട്മെന്റിൽ ഒരുമിച്ചാണ് എല്ലാവരും താമസിക്കുന്നത്. ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണെന്നാണ് അവർ ഫോൺ വിളിക്കുമ്പോൾ പറയുന്നത്. യു.കെ.യിൽ കൊറോണ വ്യാപനത്തിന്റെ കണക്കുകൾ കേൾക്കുമ്പോൾ ഏവരും ഭീതിയിലാണ്. റെസ്റ്റോറന്റിലും മറ്റും പാർട് ടൈം ജോലിചെയ്താണ് ചെലവുകണ്ടെത്തിക്കൊണ്ടിരുന്നത്. പുറത്തിറങ്ങാൻ സാധിക്കാത്തതിനാൽ ജോലിയില്ല. കൈയിലെ പണം മുഴുവൻ തീർന്നു. ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നത് കടംവാങ്ങിയാണ്. എത്രകാലം ഇങ്ങനെ പിടിച്ചുനിൽക്കാൻ കഴിയുമെന്ന് അറിയില്ല. പുറത്തിറങ്ങി എങ്ങോട്ടെങ്കിലും പോകാൻ പൊതുഗതാഗതസംവിധാനം ഉപയോഗിക്കണം. അതിനാൽ രോഗം പടരുമെന്ന ഭീതി എല്ലാവരിലുമുണ്ട്.
-മുഹമ്മദ് ബഷീർ കൊണ്ടേത്ത്, തിരൂർക്കാട്, മലപ്പുറം.
വന്നാൽ തിരിച്ചുപോക്ക് പ്രയാസം
വന്നാൽ തിരിച്ചുപോക്ക് പ്രയാസമായിരിക്കും. അതിനാൽ അവിടെ പിടിച്ചുനിൽക്കുകയാണെന്ന് പറയുന്നതാവും ഏറ്റവും ശരിയെന്നുതോന്നുന്നു. മകൾ ഉണ്ണിമായ കാനഡയിൽ പഠിക്കുന്നു. താമസിക്കുന്നിടത്തെ മുറിയിൽത്തന്നെ അടച്ചിരിക്കുകയാണ്. ക്ലാസുകൾ ഓൺലൈൻ വഴി നടക്കുന്നുണ്ട്. ഭക്ഷണസാധനങ്ങൾ റൂമിന്റെ ഉടമസ്ഥൻ എത്തിക്കുമെന്നതാണ് ഏക ആശ്വാസം. എത്രനാൾ അതുണ്ടാകുമെന്നറിയില്ല.
-ശ്രീജാ ബൈജുനാഥ്, താമരശ്ശേരി.
അസുഖംകൂടിയാലേ ആശുപത്രിയിൽ എത്തിക്കൂ
അയർലൻഡിലെ ഡബ്ലിനിലാണ് മക്കളായ അനീഷും സൂസനും കഴിയുന്നത്. പഠനശേഷം അവിടെ ജോലികിട്ടുകയും ചെയ്തു. കൊറോണ പടരുന്ന ആദ്യനാളുകളിൽ വലിയ ശ്രദ്ധയൊന്നും അധികൃതർ ചെയ്തിരുന്നില്ല. പരമാവധിപേരെ വീടുകളിൽതന്നെ ഐസൊലേറ്റ് ചെയ്യുകയാണ് ചെയ്തത്. അസുഖം മൂർച്ഛിച്ചാൽ മാത്രമേ ഇപ്പോഴും ആശുപത്രിയിലെത്തിക്കൂ എന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. രണ്ടുമണിക്കൂർ ഒക്കെ വരിനിന്നാൽ മാത്രമേ ഭക്ഷണസാധനങ്ങൾ വാങ്ങാൻ സാധിക്കൂ.
-പൊന്നമ്മ, മല്ലപ്പള്ളി.
ആരോഗ്യവകുപ്പുകാർ വീട്ടിൽവന്നു നോക്കും
കിടത്തിച്ചികിത്സ വളരെക്കുറവാണൈന്ന് കാനഡയിലെ ഒന്റാറിയോയിൽ പഠിക്കുന്ന മകൻ ജോയൽ ജോയി പറയുന്നു. ആരോഗ്യവകുപ്പ് അധികൃതർ വീട്ടിൽവന്നാണ് പരിശോധനയൊക്കെ നടത്തുക. രോഗം ഗുരുതരമാണെങ്കിൽ മാത്രം ആശുപത്രിയിലേക്ക് മാറ്റും. പാർട് ടൈം ആയി 372 മണിക്കൂർ എങ്കിലും ജോലിചെയ്തവർക്ക് സർക്കാർ സഹായധനം നൽകുന്നുണ്ട്. എന്നാൽ, പുതുതായിവന്ന കുട്ടികൾ ബുദ്ധിമുട്ടിലാണ്.
-ലീനാ ജോയി, നെടുങ്കണ്ടം.
(തയ്യാറാക്കിയത്: രാജേഷ് കെ. കൃഷ്ണൻ)
Content Highlights: Due to covid-19 foreign students under pressure
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..