Image: Mathrubhumi.com
ജോയന്റ് സീറ്റ് അലോക്കേഷന് അതോറിറ്റി (ജോസ) യുടെ അലോട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം, എന്‍.ഐ.ടി.+ സംവിധാനത്തില്‍ (എന്‍.ഐ.ടി., ഐ.ഐ.ഐ.ടി., ജി.എഫ്.ടി.ഐ. എന്നിവ) ഉള്ള ഒഴിവുകള്‍ നികത്താന്‍ സെന്‍ട്രല്‍ സീറ്റ് അലോക്കേഷന് ബോര്‍ഡ് (സിസാബ്) നടത്തുന്ന സ്പെഷ്യല്‍ റൗണ്ട് അലോട്ട്മെന്റ് നടപടികള്‍ www.csab.nic.in ല്‍ നവംബര്‍ 27ന് തുടങ്ങും.
രണ്ട് സ്പെഷ്യല്‍ റൗണ്ടുകള്‍
രണ്ട് സ്പെഷ്യല്‍ റൗണ്ടുകളാണ് സിസാബ് നടത്തുക. ഐ.ഐ.ടി.യിലെ ഒഴിവുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. ജോസ അലോട്ട്മെന്റിനു ശേഷമുള്ള എന്‍.ഐ.ടി. + വിഭാഗം ഒഴിവുകള്‍ നവംബര്‍ 27ന് പ്രസിദ്ധപ്പെടുത്തും. രജിസ്ട്രേഷന്, പാര്‍ട്ടിസിപ്പേഷന്‍/പ്രൊസസിങ് ഫീസ് അടയ്ക്കല്‍, ചോയ്സ് ഫില്ലിങ് എന്നിവ 28 മുതല്‍ 30 വരെ നടത്താം.
എന്‍.ഐ.ടി. + സംവിധാനത്തില്‍ ജോസവഴി അലോട്ട്മെന്റ് കിട്ടി, ഭാഗികമായ അഡ്മിഷന് ഫീസ് അടച്ചവര്‍ക്ക്, പ്രൊസസിങ് ഫീസായി 2000 രൂപ അടച്ച് ഈ പ്രക്രിയയില്‍ രജിസ്റ്റര്‍ചെയ്യാം. ഇവരുടെ ജോസ സീറ്റ് നിലനിര്‍ത്തും. പക്ഷേ, സ്പെഷ്യല്റൗണ്ടില് ഒരു സീറ്റ് ലഭിച്ചാല്‍ ജോസ സീറ്റ് നഷ്ടമാകും.
ജോസ വഴി സീറ്റ് ലഭിച്ച്, സീറ്റ് അക്സപ്റ്റന്‍സ് ഫീസ് അടച്ചിട്ട്, സീറ്റ് വേണ്ടന്നുവച്ചവര്ക്കും 2000 രൂപ അടച്ച് പ്രക്രിയയില്‍ പങ്കെടുക്കാം. പക്ഷേ, അവര്‍ പിന്‍വാങ്ങിയത് എന്‍.ഐ.ടി. + സംവിധാനത്തിലെ ഒരു സീറ്റില്‍ നിന്നുമായിരിക്കണം എന്നുമാത്രം. ഐ.ഐ.ടി. സംവിധാനത്തില്‍നിന്നും പിന്‍വാങ്ങിയവര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.
ജോസ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍, രജിസ്ടര്‍ ചെയ്ത് സീറ്റ് ലഭിക്കാത്തവര്‍, സീറ്റ് ലഭിച്ച ശേഷം സീറ്റ് അക്സപ്റ്റന്‍സ് ഫീ അടയ്ക്കാത്തവര്‍, എക്സിറ്റ് ഓപ്ഷന് സ്വീകരിച്ചവര്‍, ഐ.ഐ.ടി.യില്‍ സീറ്റ് അലോട്ട് ചെയ്യപ്പെട്ടവര്‍ എന്നിവര്‍ക്കും സിസാബ് റൗണ്ടില്‍ പങ്കെടുക്കാം. ഇവരൊക്കെ പാര്‍ട്ടിസിപ്പേഷന്‍ ഫീസായി 37,000 രൂപ (പട്ടിക/ഭിന്നശേഷിക്കാരെങ്കില്‍ 17,000 രൂപ) അടയ്ക്കണം.
നിശ്ചിത ഫീസ് അടച്ചശേഷം പങ്കെടുക്കുന്ന എല്ലാവരും പുതിയ ചോയ്സുകള്‍ നല്‍കണം. ജോസ റൗണ്ടില്‍ നല്കിയവ നിലനില്‍ക്കില്ല.
ആദ്യ അലോട്ട്മെന്റ് ഫലം രണ്ടിന്
ആദ്യ സ്പെഷ്യല്‍ റൗണ്ട് സീറ്റ് അലോട്ട്മെന്റ് ഫലം ഡിസംബര്‍ രണ്ടിന് പ്രഖ്യാപിക്കും. അതിന്റെ അടിസ്ഥാനത്തില്‍ സീറ്റ് ലഭിക്കുന്നവര്‍ ഇവയിലൊന്ന് നടത്തണം (i) ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് (നടപടികള്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷറില്‍) നടത്തി
സീറ്റ് സ്വീകരിക്കുക ഫ്രീസ്/സ്ലൈഡ്/ഫ്ലോട്ട് എന്നിവയിലൊന്ന് തിരഞ്ഞെടുക്കുക (ii) ലഭിച്ച സീറ്റ് സറണ്ടര്‍ ചെയ്ത് രണ്ടാംറൗണ്ടില്‍ പങ്കെടുക്കുക (iii) ലഭിച്ച സീറ്റ് സറണ്ടര്‍ ചെയ്ത് രണ്ടാംറൗണ്ടില്‍ പങ്കെടുക്കാതിരിക്കുക.
സീറ്റ് ലഭിക്കാത്തവര്‍ക്ക് പ്രക്രിയയില്‍നിന്ന് പുറത്തു പോകാം. രണ്ടാംറൗണ്ടില്‍ പങ്കെടുക്കാതിരിക്കാം. ഈ ഓപ്ഷന് നല്കാത്തവരെ രണ്ടാം സ്പെഷ്യല്റൗണ്ടില് അലോട്ട്മെന്റിനായി പരിഗണിക്കും
റിപ്പോര്‍ട്ടിങ് നടപടികള്‍
ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് നടപടികള്‍ ഡിസംബര്‍ രണ്ടിന് വൈകീട്ട് അഞ്ചുമുതല്‍ നാലിന് ഉച്ചയ്ക്ക് 12വരെ നടത്താം. രേഖാപരിശോധനാ വേളയില്‍ ഉണ്ടാകുന്ന അധികൃതരുടെ സംശയങ്ങള്‍ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനകം ദൂരീകരിക്കണം.
രണ്ടാംറൗണ്ട് അലോട്ട്മെന്റ് ഏഴിന് പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിങ് ഏഴിന് ഉച്ചയ്ക്ക് 12 മുതല്‍ ഒന്‍പതിന് ഉച്ചയ്ക്ക് 12 വരെ നടത്താം. സംശയ ദൂരീകരണം ഒന്‍പതിന് വൈകീട്ട് അഞ്ചിനകം.
രണ്ടു റൗണ്ടുകളിലായി സീറ്റ് ഉറപ്പാക്കിയവര്‍ സ്ഥാപനതല റിപ്പോര്‍ട്ടിങ് ഏഴിനും 13നും ഇടയ്ക്ക് പൂര്‍ത്തിയാക്കണം. ജോസ ആറാംറൗണ്ടില്‍ സീറ്റ് സ്വീകരിച്ചവരും ഈ സമയപരിധിയില്‍ സ്ഥാപനത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം.
വിവരങ്ങള്‍ക്ക്: www.csab.nic.in
Content Highlights: CSAB Alottment 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..