പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബിരുദ കോഴ്സുകളിലെ ഭാഷാപഠനം പരിമിതപ്പെടുത്തി കോളേജ് പാഠ്യപദ്ധതി പരിഷ്കാരം. നിലവിൽ നാലുസെമസ്റ്ററുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ള ഭാഷാപഠനം രണ്ടുസെമസ്റ്ററുകളിലേക്കു ചുരുക്കാനാണ് ശുപാർശ. ഭാഷ കൂടുതലായി പഠിക്കാൻ താത്പര്യമുള്ളവർക്ക് പ്രത്യേകം തിരഞ്ഞെടുക്കാവുന്ന കോഴ്സുകളും ക്രമീകരിക്കും. മുഖ്യവിഷയങ്ങൾ ആഴത്തിൽ പഠിക്കാനാകുന്ന വിധത്തിൽ ബിരുദപഠനം പരിഷ്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ ‘മാതൃഭൂമി’യോടു പറഞ്ഞു.
ഒന്നാംഭാഷ, രണ്ടാംഭാഷ, മുഖ്യവിഷയം എന്നതാണ് നിലവിലെ രീതി. ഇതുപരിഷ്കരിച്ച് ഫൗണ്ടേഷൻ കോഴ്സുകളാക്കും. നിർബന്ധിതം, വിഷയാധിഷ്ഠിതം, ഐച്ഛികം എന്നിങ്ങനെ ഫൗണ്ടേഷൻ കോഴ്സുകളെ ക്രമീകരിക്കും. വിഷയാധിഷ്ഠിത കോഴ്സുകൾ ശാസ്ത്രം, സാമൂഹികശാസ്ത്രം, ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായിരിക്കും. മുഖ്യവിഷയങ്ങൾക്കു (മേജർ) പ്രാധാന്യം നൽകിയാകും പുതിയ പാഠ്യപദ്ധതി.
മുഖ്യവിഷയങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ ഭാഷാപഠന കോഴ്സുകൾക്കുണ്ടാവുന്ന കുറവുനികത്താൻ മൈനർ, ഓപ്ഷണൽ, ഇലക്ടീവ് കോഴ്സുകൾ കൊണ്ടുവരും. ഭാഷയിൽ താത്പര്യമുള്ളവർക്ക് ഇവ തിരഞ്ഞെടുക്കാം. മികച്ചരീതിയിൽ ഭാഷ കൈകാര്യംചെയ്യാനാകുന്ന കോഴ്സുകൾ രൂപകല്പനചെയ്തു ഭാഷാപഠനം ഗൗരവമുള്ളതാക്കും.
ഫൗണ്ടേഷൻ, സ്കിൽ, ജനറൽ ഇലക്ടീവ്, കോർ, ഇലക്ടീവ് എന്നീ വിഭാഗങ്ങൾ ഉൾപ്പെടുത്തിയുള്ള കോഴ്സ് ബാസ്കറ്റുകളാണ് പാഠ്യപദ്ധതി പരിഷ്കാരത്തിലെ മറ്റൊരു പ്രത്യേകത. വിദ്യാർഥികൾ അവരുടെ താത്പര്യമനുസരിച്ച് ആവശ്യമായ അത്രയും കോഴ്സുകൾ തിരഞ്ഞെടുക്കാൻ ഇതുവഴി സാധിക്കും.
എല്ലാവിഷയങ്ങളിലും ഫൗണ്ടേഷൻ കോഴ്സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഓരോവിദ്യാർഥിയും പ്ലസ്ടുവിന് എന്തുപഠിച്ചെന്നു കണക്കാക്കി ആവശ്യമായ ഫൗണ്ടേഷൻ കോഴ്സുകൾ നിശ്ചയിക്കും. പ്ലസ്ടുവിൽ പഠിക്കാത്ത വിഷയങ്ങൾക്ക് വലിയ ഫൗണ്ടേഷനും നൽകും. ഇതിനെല്ലാം വഴിയൊരുക്കുന്നതാകും പുതിയ പാഠ്യപദ്ധതി.
Also Read
Content Highlights: College Curriculum Reforms Limits Language Studies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..