പ്രതീകാത്മക ചിത്രം | ഫോട്ടോ: റിഥിൻ ദാമു
പാലക്കാട്: സ്‌കൂളുകളില്‍ വിദ്യാര്‍ഥികളെ അധ്യാപകര്‍ 'പോടാ', 'പോടീ' എന്നുവിളിക്കുന്നത് വിലക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇത്തരം പ്രയോഗങ്ങള്‍ വിലക്കാനൊരുങ്ങുന്നത്.
ഇത്തരം പ്രയോഗങ്ങള്‍ വിലക്കി തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ (ഡി.ഡി.ഇ.) നിര്‍ദേശം നല്‍കിക്കഴിഞ്ഞു. മറ്റുജില്ലകളിലും ഉടന്‍ നിര്‍ദേശമിറങ്ങും.
അധ്യാപകര്‍ വിദ്യാര്‍ഥികളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കരുത്, വിദ്യാര്‍ഥികള്‍ക്കു മാതൃകയാകേണ്ട തരത്തിലുള്ള വാക്കുകളും പെരുമാറ്റവും മാത്രമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കാനാവശ്യമായ നിര്‍ദേശം എല്ലാ അധ്യാപകര്‍ക്കും നല്‍കണം എന്നിങ്ങനെ തിരുവനന്തപുരത്ത് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. തിരുവനന്തപുരം വെട്ടുകാട് ഓറഞ്ച്വില്ലയില്‍ സുധീഷ് അലോഷ്യസ് റൊസാരിയോ എന്നയാള്‍ നല്‍കിയ പരാതിയിലാണ് വിദ്യാഭ്യാസവകുപ്പിന്റെ നടപടി.
കുട്ടികളെ നല്ലവാക്കുകള്‍ പ്രയോഗിക്കാനും മറ്റുള്ളവരോട് നല്ലതുപോലെ പെരുമാറാനും പ്രാപ്തരാക്കുന്ന ഇടംകൂടിയാവണം വിദ്യാലയങ്ങളെന്ന് സുധീഷ് നല്‍കിയ പരാതിയില്‍ പറയുന്നു. അധ്യാപകര്‍ ബഹുമാനം നല്‍കുന്നവരാണ് എന്നതോന്നല്‍ വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകുന്ന രീതിയിലാകണം പെരുമാറേണ്ടതെന്നും പരാതിയില്‍ പറയുന്നു.
അധ്യാപകരുടെ ഇത്തരം പ്രയോഗങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി ബന്ധുവായ വിദ്യാര്‍ഥിനി മുമ്പ് തന്നോട് പരാതിപറഞ്ഞിരുന്നതായി സുധീഷ് പറയുന്നു. അധ്യാപകര്‍ കുട്ടികളോട് പോടാ, പോടീ പ്രയോഗങ്ങള്‍ നടത്തിയത് തനിക്ക് നേരിട്ട് അനുഭവമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സുധീഷ് 'മാതൃഭൂമി'യോടു പറഞ്ഞു.
Content Highlights: Code of conduct for teachers, school education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..