arya vm
ആദ്യത്തെ തവണ പ്രിലിംസ് പോലും കടക്കാന്‍ കഴിയാതെ വന്നപ്പോള്‍ തെല്ലൊന്ന് പകച്ചു. എന്നാല്‍ പാതി വഴിയില്‍ തന്റെ സ്വപ്നത്തെ വിട്ടുകളയാന്‍ ആര്യ ഒരുക്കമായിരുന്നില്ല. കഠിനാധ്വാനം ചെയ്തു. രണ്ടാം ശ്രമത്തില്‍ നേടിയത് 36ാമത്തെ റാങ്ക്. തന്റെ 26 ാമത്തെ വയസിലാണ് തിരുവനന്തപുരം സ്വദേശിനിയായ ആര്യ സിവില്‍ സര്‍വീസില്‍ ഈ മിന്നും വിജയം കരസ്ഥമാക്കിയത്.
ആദ്യം പരാജയം രണ്ടാമത് 36ാം റാങ്ക്
രണ്ടാമത്തെ ശ്രമത്തിലാണ് എനിക്ക് റാങ്ക് ലഭിക്കുന്നത്. ആദ്യ തവണ പ്രിലിംസ് പോലും പാസാവാന്‍ സാധിക്കാതെയായപ്പോള്‍ ശരിക്കും വല്ലാത്തൊരു ടെന്‍ഷന്‍ കയറികൂടിയിരുന്നു. രണ്ടാം വട്ടം പ്രിലിംസ് പാസായപ്പോള്‍ തന്നെ ആത്മവിശ്വാസം കൂടി. പിന്നീട് രണ്ടും കല്‍പ്പിച്ചുള്ള പഠനമായിരുന്നു.
പഠിച്ചത് ഇംഗ്ലീഷ്സാഹിത്യം
ഇംഗ്ലീഷ് ലിറ്ററേച്ചറായിരുന്നു ബിരുദത്തിന് വിഷയം. സിവില്‍ സര്‍വീസില്‍ ഓപ്ഷണല്‍ വിഷയവും ഇംഗ്ലീഷായിരുന്നു. പി.ജി പഠനത്തിന് ശേഷം ഒരു കൊല്ലത്തോളം ഗസ്റ്റ് അധ്യാപികയായി ജോലി നോക്കിയിരുന്നു. ഇവിടെ മാത്രം ഒതുങ്ങി നില്‍ക്കാനുള്ളതല്ല എന്റെ ജീവിതമെന്ന തോന്നലാണ് സിവില്‍ സര്‍വീസ് പരിശീലനത്തിന് പോവാന്‍ ധൈര്യം ലഭിച്ചത്. ചെറുപ്പം മുതല്‍ തന്നെ സിവില്‍ സര്‍വീസെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എന്നെ പോലൊരു സാധാരണക്കാരിയായ പെണ്‍കുട്ടിക്ക് ഇതിനെല്ലാം സാധിക്കുമോയെന്ന ഭയം എന്നെ വല്ലാതെ അലട്ടിയിരുന്നു. പിന്നീട് ആഗ്രഹത്തിന് വീട്ടുകാരും ഒപ്പം നിന്നതോടെ പഠനം ആരംഭിച്ചു.
പരീശീലനകാലത്തും ആശങ്കയുണ്ടായിരുന്നു
പരീശീലനം തുടരുമ്പോഴും ഇത് എനിക്ക് ലഭിക്കുമോയെന്ന് സംശയം നിരന്തരം വേട്ടയാടിയിരുന്നു. സിവില്‍ സര്‍വീസിനായി പഠിക്കുമ്പോഴും PSC, SSC എന്നീ പരീക്ഷകള്‍ എഴുതുന്നുണ്ടായിരുന്നു ഇവയിലൊന്നും എനിക്ക് മികച്ച റാങ്ക് ലഭിച്ചിട്ടില്ല. അവസാനം എഴുതിയ SSC പരീക്ഷയില്‍ പോലും രണ്ടാം ഘട്ടത്തില്‍ പരാജയപ്പെട്ടു. ഇതെല്ലാം എന്റെ ആത്മവിശ്വാസം കെടുത്തുന്നുണ്ടായിരുന്നു. നിശ്ചയദാര്‍ഢ്യത്തോടെ കഠിനാധ്വാനം ചെയ്താല്‍ ഫലം ലഭിക്കാതിരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു. ആ ഒരു ഉറപ്പായിരുന്നു എന്നെ മുന്നോട്ട് നയിച്ചത്.
റിവിഷനാണ് താരം
പഠനത്തില്‍ പ്രധാനമായും സഹായിച്ചത് റിവിഷനായിരുന്നു. കൃത്യമായ ഇടവേളകളില്‍ റിവിഷന്‍ ചെയ്യുന്നതില്‍ വീഴ്ച്ച വരുത്തിയിരുന്നില്ല. ഇതോടൊപ്പം തന്നെ മുന്‍കാല ചോദ്യപേപ്പറുകള്‍ പഠിക്കുന്നതും ശീലമാക്കിയിരുന്നു. ടൈം ടേബിള്‍ കൃത്യമായി പിന്തുടരാന്‍ ശ്രമിച്ചിരുന്നു. വിശ്രമവും ആരോഗ്യത്തോടെയുള്ള ഭക്ഷണശീലവും പിന്തുടര്‍ന്നു. പഠനത്തോടൊപ്പം ശാരീരികവും മാനസികവുമായി ആരോഗ്യവും പരിപാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആര്യ പറയുന്നു
അച്ഛന്‍ വെങ്കിടേശ്വരൻ പോറ്റി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനാണ്. അമ്മ മിനി റിട്ടയറേര്‍ഡ് അധ്യാപികയാണ്
Content Highlights: civil service topper arya v m
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..