Representational image
ശാസ്ത്രത്തിന്റെ വിവിധതലങ്ങൾ കണ്ടുമനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കുകയാണ് കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി-സിസ്). വ്യത്യസ്തതരത്തിലുള്ള പരീക്ഷണങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും വിദ്യാർഥികളിൽ ശാസ്ത്രാഭിരുചി വളർത്തുകയാണ് സെന്ററിന്റെ ലക്ഷ്യം.
സയൻസ് പാർക്ക്
ഊഞ്ഞാലാടുന്നതിലൂടെയും സീസോയിലൂടെയുമെല്ലാം ഗ്രാവിറ്റിയും കൈനെറ്റിക് എനർജിയും റെസൊണൻസുമെല്ലാം കുട്ടികൾക്ക് മനസ്സിലാക്കാൻ സാധിച്ചാലോ? കളിയിലൂടെ അല്പം ശാസ്ത്രവും അവരുടെ മനസ്സിലേക്കെത്താൻ ഇതിലൂടെ സാധിക്കും. പന്തുകളും കളിക്കോപ്പുകളും മോഡലുകളുമെല്ലാം നിറഞ്ഞയിടമാണ് സയൻസ് പാർക്ക്.
ഐ.എസ്.ആർ.ഒ. പവിലിയൻ
ഇന്ത്യൻ ബഹിരാകാശഗവേഷണകേന്ദ്രത്തിന്റെ (ഐ.എസ്.ആർ.ഒ.) പ്രധാനനേട്ടങ്ങൾ വിവരിക്കുന്ന പവിലിയനിൽ, ഇപ്പോൾ ഗവേഷണം നടന്നുകൊണ്ടിരിക്കുന്ന പുനരുപയോഗ വിക്ഷേപണവാഹനത്തിന്റെ മാതൃകയുണ്ട്. റോക്കറ്റുകളുടെ മാതൃകകൾ, അവയുടെ സവിശേഷതകൾ എന്നിവയെല്ലാം മനസ്സിലാക്കാം.
ശാസ്ത്ര-ഗണിത ലാബുകൾ
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ആസ്ട്രോലാബ്, കംപ്യൂട്ടർ, മാത്സ് പരീക്ഷണശാലകളിലൂടെ ശാസ്ത്രത്തിന്റെ വിവിധമേഖലകളിലെ പരീക്ഷണങ്ങൾ അടുത്തറിയാനും നിരീക്ഷിക്കാനും അവസരമുണ്ട്.
ഔഷധസസ്യോദ്യാനവും ശലഭോദ്യാനവും
ഇരുനൂറിലേറെ ഔഷധസസ്യങ്ങളാണ് ഇവിടെയുള്ളത്. അവയുടെ നാമവും പ്രാധാന്യവുമെല്ലാം മനസ്സിലാക്കാം. ഒപ്പം ചിത്രശലഭങ്ങൾക്ക് ഇഷ്ടമായ ചെടികൾ നട്ടുപിടിപ്പിച്ച ചിത്രശലഭോദ്യാനവുമുണ്ട്. വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങളെ ഇവിടെ കാണാം.
വിവിധപരിപാടികൾ
ഏകദിന സമ്പർക്കപരിപാടി, സയൻസ് ടാലന്റ് ആൻഡ് ടോട്ടൽ കപ്പാസിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം, യങ് സയന്റിസ്റ്റ് ഫോറം എന്നിങ്ങനെ മൂന്നുപരിപാടികളാണ് ശാസ്ത്രസമൂഹകേന്ദ്രത്തിൽ നടത്തുന്നത്.
നേരത്തേ ബുക്കുചെയ്ത് കുട്ടികൾക്കും അധ്യാപകർക്കും സെന്ററിലെത്തി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുക എന്നതാണ് പരിപാടികളുടെ ലക്ഷ്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..