പ്രതീകാത്മക ചിത്രം | ഫോട്ടോ:പി.ടി.ഐ
കൊച്ചി: സി.ബി.എസ്.ഇ. പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാൽ തുടർപഠനം ആശങ്കയിലായി വിദ്യാർഥികൾ.
ജൂലായ് ആദ്യവാരം പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ. അറിയിച്ചിരുന്നതെങ്കിലും പ്രസിദ്ധീകരിച്ചിട്ടില്ല. ഏതാനും മണിക്കൂറിൽ എത്തുമെന്ന് കാത്തിരുന്ന വിദ്യാർഥികളെ കൂടുതൽ ആശങ്കയിലേക്കാക്കിയാണ് പിന്നീട് സി.ബി.എസ്.ഇ.യുടെ പ്രസ്താവനയെത്തിയത്. ജൂലായ് അവസാനത്തേക്കു മാത്രമേ ഫലമെത്തുകയുള്ളൂ എന്നാണ് അനൗദ്യോഗിക വിവരം. ഈ വർഷം രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടത്തിയത്. ആദ്യഘട്ടം നവംബർ - ഡിസംബർ സമയത്തും രണ്ടാംഘട്ടം മേയ് - ജൂൺ മാസങ്ങളിലുമായിരുന്നു. പരീക്ഷാഫലങ്ങൾ ഇനിയും വൈകാൻ സാധ്യതയുണ്ടെന്നത് ഉപരിപഠനത്തിന് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ.
എന്നാൽ, ഫലം വരുന്നതുവരെ സർവകലാശാല പ്രവേശനം തുടങ്ങരുതെന്ന് സി.ബി.എസ്.ഇ. യു.ജി.സി.ക്ക് കത്തയച്ചു.
പത്താംക്ലാസുകാർക്ക് നേരിട്ട് സി.ബി.എസ്.ഇ.യിൽ തന്നെ പ്രവേശനം നേടാൻ സാധിക്കുമെങ്കിലും പന്ത്രണ്ടാംക്ലാസിൽ പല സർവകലാശാലകളിലും പ്രവേശന പരീക്ഷ നടത്തുമെന്നത് വിദ്യാർഥികൾക്ക് തിരിച്ചടിയാണ്.
പരീക്ഷാഫലം വന്നാൽമാത്രം പോര സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള നടപടികളും വേഗത്തിൽ തീർക്കേണ്ടതായുണ്ട്. മാർക്കുണ്ടെങ്കിലും ഇഷ്ടവിഷയവും സ്ഥാപനവും ഇതിലൂടെ നഷ്ടമാകുമെന്ന ആശങ്കയാണ് കുട്ടികൾക്കും മാതാപിതാക്കൾക്കുമുള്ളത്.
രണ്ട് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷകളുടെ മാർക്കുകൾ കൂട്ടിച്ചേർത്തപ്പോൾ വന്ന വ്യക്തതക്കുറവാണ് ഇതിന് കാരണമാകുന്നതെന്ന് കേരള സിബി.എസ്.ഇ. സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി.പി. ഇബ്രാഹിംഖാൻ പറഞ്ഞു. അസോസിയേഷന്റെ നേതൃത്വത്തിൽ അടുത്ത ദിവസം കേന്ദ്രസർക്കാരിന് നിവേദനം സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഫലം എത്തുന്നതുവരെ മറ്റ് കുട്ടികളുടെ ഭാവിയും ചോദ്യ ചിഹ്നമാക്കാത്ത രീതിയിൽ പ്രവേശന നടപടികൾ നീട്ടിവയ്ക്കുകയോ, പരീക്ഷാഫലം വരുന്ന മുറയ്ക്ക് കുട്ടികൾക്ക് അവസരം കൊടുക്കുകയോ വേണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..