CBSE
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷയ്ക്ക് ഒരു ഹാളില്‍ പതിനെട്ട് കുട്ടികളെ മാത്രമേ പരീക്ഷയെഴുതാന്‍ അനുവദിക്കുകയുള്ളൂവെന്ന് ബോര്‍ഡിന്റെ നിര്‍ദേശം. വെള്ളക്കുപ്പികളോ മറ്റ് ഉപകരണങ്ങളോ പരീക്ഷാഹാളിനുള്ളില്‍ കൈമാറ്റം ചെയ്യരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ചൊവ്വാഴ്ച ആരംഭിക്കുന്ന പരീക്ഷയുടെ മാര്‍ഗനിര്‍ദേശങ്ങളിലാണ് സി.ബി.എസ്.ഇ. ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹാള്‍ടിക്കറ്റും ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്താനും സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
24 വിദ്യാര്‍ഥികളാണ് നേരത്തേ ഒരു ഹാളില്‍ പരീക്ഷയെഴുതിയിരുന്നത്. ഓരോ ഹാളിലും നാല് ഇന്‍വിജിലേറ്റര്‍മാരെവീതം നിയമിക്കും.
ഹാള്‍ടിക്കറ്റ്, പേന, വെള്ളക്കുപ്പി എന്നിവമാത്രമേ ഹാളില്‍ അനുവദിക്കുകയുള്ളൂ.പ്രൈവറ്റായി പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഫോട്ടോപതിച്ച സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. റെഗുലര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് പരീക്ഷയ്‌ക്കെത്തേണ്ടത്. സ്വകാര്യകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ ഇളംനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം. ഇവര്‍ ജാക്കറ്റ് ധരിക്കരുതെന്നും നിര്‍ദേശമുണ്ട്.
രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷവും പരീക്ഷാനടപടിക്രമങ്ങളില്‍ സി.ബി.എസ്.ഇ. അധികൃതര്‍ മാറ്റംവരുത്തിയിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ പശ്ചാത്തലത്തില്‍ 2021-2022 അധ്യയനവര്‍ഷംമുതല്‍ സി.ബി.എസ്.ഇ., സി.ഐ. എസ്.സി.ഇ. എന്നീ ബോര്‍ഡുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ രണ്ട് ടേമുകളിലായാണ് നടത്തിയത്. ഈ പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തിയത്. ഒരിടവേളയ്ക്കുശേഷമാണ് വിദ്യാര്‍ഥികള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നേരിട്ടെത്തി പരീക്ഷയെഴുതുന്നത്. ആദ്യ ടേം പരീക്ഷ കഴിഞ്ഞ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് നടത്തിയത്. അടുത്ത അധ്യയനവര്‍ഷംമുതല്‍ വീണ്ടും ഒറ്റത്തവണയായി പരീക്ഷകള്‍ നടത്താന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
Content Highlights: CBSE issues guidelines for term 2 board exam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..