ന്യൂഡല്‍ഹി: സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കിയെന്ന് കേന്ദ്രസര്‍ക്കാര്‍. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് റദ്ദാക്കിയിരിക്കുന്നത്.
ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ഥികളുടെ മാര്‍ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില്‍ ഏതെങ്കിലും വിദ്യാര്‍ഥിക്ക് പരാതിയുണ്ടെങ്കില്‍ ആ കുട്ടിക്ക് ഇംപ്രൂവ്മെന്റിന് പിന്നീട് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കി.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസിലെ പരീക്ഷകളില്‍ ബാക്കിയുള്ളത് ജൂലായില്‍ നടത്തുന്നതിനെതിരേ ഡല്‍ഹിയിലെ ഒരുകൂട്ടം രക്ഷിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.
ജൂലായ് ഒന്നു മുതല്‍ 15 വരെയാണ് ബാക്കിയുള്ള പരീക്ഷകള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ജൂലായില്‍ കോവിഡ് കേസുകളുടെ എണ്ണം പരമാവധിയെത്തുമെന്ന് എയിംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ദശലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു.
അതേസമയം 10-ാം ക്ലാസിലെ വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം നിലവില്‍ അവരുടെ പരീക്ഷകള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ ഏതെങ്കിലും മേഖലകളില്‍ പരീക്ഷകള്‍ നടക്കാനുണ്ടെങ്കില്‍ അവ റദ്ദാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍സുപ്രീം കോടതിയെ അറിയിച്ചു.
നേരത്തെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന സൂചനകളെ തുടര്‍ന്ന് പരീക്ഷ നടത്താന്‍ സാധിക്കില്ലെന്ന് മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങള്‍ സിബിഎസ്ഇയെ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മാറ്റിവെച്ച പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തില്‍ നല്കുന്ന മാര്‍ക്കിനോട് ആക്ഷേപമുള്ള വിദ്യാര്‍ഥികള്‍ക്ക് വീണ്ടും അവസരം നല്‍കും. എന്നാണോ കോവിഡ് വ്യാപനത്തിന്റെ സാഹചര്യങ്ങള്‍ മാറുന്നത് അന്ന് മാത്രമേ മാര്‍ക്ക് കൂടുതല്‍ വേണമെന്ന് കരുതുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷയുണ്ടാകൂ.
വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ രണ്ട് അവസരങ്ങളാണ് സിബിഎസ്ഇ നല്‍കുക. ഒന്നുകില്‍ കഴിഞ്ഞ മൂന്ന് പരീക്ഷകളുടൈ അടിസ്ഥാനത്തില്‍ സി.ബി.എസ്.ഇ നിശ്ചയിക്കുന്ന മാര്‍ക്ക് സ്വീകരിക്കാം, അല്ലെങ്കില്‍ കൂടുതല്‍ മാര്‍ക്കിനായി ഇംപ്രൂവ്മെന്റിന് ശ്രമിക്കാം. എന്നാല്‍ ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ എന്ന് നടക്കുമെന്ന് കൃത്യമായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിട്ടില്ല. സാഹചര്യങ്ങള്‍ അനുകൂലമാവുന്ന ഏറ്റവും അടുത്ത സമയത്തുതന്നെ പരീക്ഷകള്‍ നടക്കുമെന്നാണ് അദ്ദേഹം കോടതിയുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി നല്‍കിയത്.
12-ാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഈ സൗകര്യം. 10-ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകളോ നടക്കാനിരിക്കുന്ന പരീക്ഷകളോ റദ്ദാക്കുമെന്നും സി.ബി.എസ്.ഇ പറഞ്ഞു.
സി.ബി.എസ്.ഇയുടെ പാത പിന്തുടര്ന്ന് പരീക്ഷ റദ്ദാക്കാമെന്ന് ഐ.സി.എസ്.ഇയും അറിയിച്ചു. മൂല്യനിര്‍ണയത്തിന് സി.ബി.എസ്.ഇ യുടെ രീതി പിന്തുടരുമെന്നും ഐ.സി.എസ്.ഇ കോടതിയെ അറിയിച്ചു.
അതേസമയം മൂല്യനിര്‍ണയത്തിന്റെ കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും ഫലപ്രഖ്യാപനത്തിന്റെ സമയക്രമം അടക്കം വ്യക്തമാക്കുന്ന വിജ്ഞാപനം വേണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരീക്ഷകള്‍ സംബന്ധിച്ച വിഷയത്തില്‍ സുപ്രീം കോടതി നാളെ അന്തിമ വിധി പുറപ്പെടുവിക്കും.
Content Highlights: CBSE 10 and 12th class exams caceled
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..