.jpg?$p=88c94d5&f=16x10&w=856&q=0.8)
കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി
കോഴിക്കോട്: അധ്യാപകപരിശീലനകേന്ദ്രങ്ങളുടെ അംഗീകാരം റദ്ദാക്കിയതിനെതിരായ അപ്പീല്‍ തങ്ങളുടെ വാദം കേള്‍ക്കാതെയാണ് തള്ളിയതെന്ന് കാലിക്കറ്റ് സര്‍വകലാശാല. ദേശീയ അധ്യാപക വിദ്യാഭ്യാസകൗണ്‍സില്‍ (നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്എന്.സി.ടി.ഇ.) കേന്ദ്ര അപ്പലറ്റ് അതോറിറ്റിയുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനുള്ള നടപടി സര്‍വകലാശാല തുടങ്ങി.
എന്‍.സി.ടി.ഇ. ദക്ഷിണമേഖലാസമിതിയാണ് കാലിക്കറ്റിലെ 11 കേന്ദ്രങ്ങളുടെയും അംഗീകാരം റദ്ദാക്കിയത്. ഇതിനെതിരേ കേന്ദ്ര അപ്പലറ്റ് അതോറിറ്റിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ തയ്യാറാവാതെ മേഖലാസമിതിയുടെ തീരുമാനം ശരിവെക്കുകയാണ് അപ്പലറ്റ് അതോറിറ്റി ചെയ്തതെന്നാണ് സര്‍വകലാശാലയുടെ നിലപാട്.
'അപ്പീലിന്റെ വിചാരണാവേളയില്‍ സര്‍വകലാശാലയുടെ 11 അധ്യാപകപരിശീലനകേന്ദ്രങ്ങളുടെയും സൗകര്യങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ എട്ടുമിനിറ്റ് മാത്രമാണ് ലഭിച്ചത്. മാനദണ്ഡമനുസരിച്ച് എല്ലാം സജ്ജമാണെന്ന് വ്യക്തമാക്കുന്ന പവര്‍പോയന്റ് പ്രസന്റേഷന് അവതരിപ്പിക്കാന്‍ അനുവാദമുണ്ടായില്ല. സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാനും തയ്യാറായില്ല' സര്‍വകലാശാല സ്വാശ്രയ കോഴ്സസ് ഡയറക്ടര്‍ ഡോ. എ. യൂസുഫ് പറഞ്ഞു.
അംഗീകാരം റദ്ദാക്കിയതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയാസമുണ്ടാവാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് ഡോ. എ. യൂസുഫ് പറഞ്ഞു. അടുത്ത അധ്യയനവര്‍ഷം പ്രവേശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയെ സമീപിച്ച് അപ്പലറ്റ് അതോറിറ്റിയുടെ നടപടി സ്റ്റേചെയ്യിക്കാനാണ് ശ്രമം. എന്‍.സി.ടി.ഇ.യുടെ 2014ലെ മാനദണ്ഡമനുസരിച്ചുള്ള സൗകര്യങ്ങളും യോഗ്യരായ അധ്യാപകരുമൊക്കെ എല്ലാ കേന്ദ്രങ്ങളിലുമുണ്ട്. അക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിക്കും. എന്‍.സി.ടി.ഇ. സംഘം വീണ്ടും സന്ദര്‍ശിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടണമെന്നാണ് ആവശ്യപ്പെടുക. 2014ല്‍ എന്‍.സി.ടി.ഇ. മാനദണ്ഡപ്രകാരമുള്ള സൗകര്യങ്ങളുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് പ്രശ്നമായതെന്ന് ഡയറക്ടര്‍ പറഞ്ഞു. ഇക്കുറി മാപ്പപേക്ഷയോടെ ഈ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്.
അധ്യാപകയോഗ്യതയുടെ കാര്യത്തില്‍ 2014നുമുമ്പ് നിയമിക്കപ്പെട്ടിട്ടുള്ളവര്‍ക്കും അതിനുശേഷമുള്ള മാനദണ്ഡം ബാധകമാക്കുന്നതാണ് പ്രശ്നം. കേന്ദ്രങ്ങള്‍ തുടങ്ങിയ കാലംമുതല്‍ ജോലിചെയ്യുന്നവരെ ഒഴിവാക്കാന്‍ പ്രയാസമുണ്ടെന്ന് എന്‍.സി.ടി.ഇ. പ്രതിനിധികളോട് വ്യക്തമാക്കിയതാണ്. 2014നുശേഷം നിയമിക്കപ്പെട്ട അധ്യാപകരെല്ലാം നിര്ദിഷ്ടയോഗ്യതയുള്ളവരാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..