കാലിക്കറ്റ് സർവകലാശാല | ഫോട്ടോ:സതീഷ് കുമാർ കെ.ബി
കോഴിക്കോട്: പഠിക്കാൻ സമയം നൽകാതെ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദാനന്തരബിരുദ പരീക്ഷ. അവസാന സെമസ്റ്ററിന് ആകെ ഒന്നരമാസത്തെ ക്ലാസ് മാത്രമാണ് കിട്ടിയത്. വിപുലമായ സിലബസുള്ള കോഴ്സിൽ പാഠ്യഭാഗങ്ങൾ തീർക്കാതെയും പഠിക്കാൻ സമയംനൽകാതെയും പരീക്ഷ നടത്തുന്നുവെന്നാണ് ആക്ഷേപം.
ജൂലായ് 11-ന് പരീക്ഷ തുടങ്ങുകയാണ്. മാർച്ച് പകുതി പിന്നിട്ടശേഷമാണ് കോളേജുകളിൽ ക്ലാസ് തുടങ്ങിയത്. മധ്യവേനലവധിക്ക് കോളേജുകൾ അടച്ചതിനാൽ ആ രണ്ടുമാസം ക്ലാസുണ്ടായില്ല. ജൂണിലാണ് പിന്നെ ക്ലാസുകൾ കിട്ടിയത്. വിശദവും സമഗ്രവുമായ പഠനം നടക്കേണ്ട അവസാനസെമസ്റ്ററിന് ക്ലാസുകൾ തീരേ കിട്ടാതെ പരീക്ഷയെഴുതേണ്ടി വരുന്നതിൽ ആശങ്കയിലാണ് വിദ്യാർഥികൾ.
അഞ്ചുമാസമെങ്കിലും നടക്കേണ്ട ക്ലാസുകളാണ് ഒന്നരമാസം നടത്തി പരീക്ഷയിലേക്ക് കടക്കുന്നത്. സർവകലാശാലയുടെ അക്കാദമിക് കലണ്ടർ പിന്തുടരാത്ത കോളേജുകളിലെ വിദ്യാർഥികൾക്കേ പ്രശ്നമുള്ളൂ എന്നാണ് പരീക്ഷാ കൺട്രോളർ വിശദീകരിക്കുന്നത്. അക്കാദമിക് കലണ്ടറിൽ ജനുവരി 20-ന് നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങണമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ചിലാണ് മൂന്നാംസെമസ്റ്റർ പരീക്ഷ നടന്നതെന്നിരിക്കെ നാലാം സെമസ്റ്ററിന്റെ ക്ലാസ് എങ്ങനെ ജനുവരിയിൽ തുടങ്ങാനാവുമെന്നാണ് ചോദ്യം.
ജൂൺ 30-ന് ക്ലാസുകൾ അവസാനിപ്പിക്കണമെന്നാണ് സർവകലാശാലയുടെ നിർദേശം. അതിനകം ഇന്റേണൽ മാർക്കുകൾ അപ്ലോഡ് ചെയ്യണമെന്നും പറഞ്ഞിട്ടുണ്ട്. സെമിനാർ, വൈവ, ക്ലാസ് ടെസ്റ്റ് തുടങ്ങിയവയിലൂടെ വേണം ഇത് കണക്കാക്കാൻ. ക്ലാസിനുതന്നെ സമയമില്ലാത്തപ്പോൾ ഇവയൊന്നും നടത്താതെ ഊഹക്കണക്കിൽ മാർക്ക് നൽകേണ്ട സ്ഥിതിയാണെന്ന് അധ്യാപകർ പറയുന്നു.
പി.ജി. രണ്ടാം സെമസ്റ്റർ വിദ്യാർഥികളും ക്ലാസ് കിട്ടാതെ പരീക്ഷയെഴുതേണ്ട സ്ഥിതിയിലാണ്. ജൂണിലാണ് ക്ലാസ് തുടങ്ങിയതെങ്കിലും പരീക്ഷാഫീസടയ്ക്കാൻ നിർദേശം വന്നുകഴിഞ്ഞു.
ഓഗസ്റ്റിൽ പരീക്ഷയുണ്ടാകും. കഷ്ടിച്ച് രണ്ടുമാസത്തെ ക്ലാസ് മാത്രമേ കിട്ടൂയെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
സമയത്ത് പരീക്ഷാഫലം വന്നില്ലെങ്കിൽ വിദ്യാർഥികളുടെ ഭാവിസാധ്യതകളെ ബാധിക്കുമെന്നതിനാലാണ് പരീക്ഷകൾ കഴിവതും കൃത്യസമയത്ത് നടത്താൻ ശ്രമിക്കുന്നതെന്ന് പരീക്ഷാ കൺട്രോളർ ഡോ. ഗോഡ് വിൻസാംരാജ് പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..