ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പാലം: പുതിയ അധ്യയനവര്‍ഷത്തെ പ്രവേശനത്തിന് എന്‍.സി.ടി.ഇ. അനുമതി ലഭിക്കാത്തതിനാല്‍ കാലിക്കറ്റ് സര്‍വകലാശാല നേരിട്ട് നടത്തുന്ന 11 സെന്ററുകളിലെ ബി.എഡ്. പ്രവേശനത്തിലെ അനിശ്ചിതാവസ്ഥ ഇനിയും മാറിയില്ല. അടുത്തിടെ 2022 വരെയുള്ള സെന്ററുകളുടെ അംഗീകാരം പുനഃസ്ഥാപിച്ചെങ്കിലും പുതിയ പ്രവേശനം തടഞ്ഞുള്ള എന്‍.സി.ടി.ഇ. അപ്പലറ്റ് കമ്മിറ്റിയുടെ ഉത്തരവ് നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരേ കോടതിയെ സമീപിക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.
കോടതിയില്‍നിന്ന് അനുകൂല വിധി ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികളിലേറെയും വന്‍തുക ഫീസ് നല്കി സ്വാശ്രയ കോളേജുകളെ ആശ്രയിക്കേണ്ടിവരും. സര്‍വകലാശാലാ ബി.എഡ്. സെന്ററുകളില്‍ കുറഞ്ഞ ഫീസില്‍ പഠനം പ്രതീക്ഷിച്ചെത്തുന്നവരാണ് ഏറെയും. ഇവിടെ 35,000 രൂപയാണ് ഫീസ്. സ്വാശ്രയ ബി.എഡ്. സെന്ററുകളില്‍ മെറിറ്റ് സീറ്റിന് 45,000, മാനേജ്മെന്റ് സീറ്റിന് 60,000 എന്നിങ്ങനെയാണ് ഫീസ്.
സര്‍വകലാശാലാ സെന്ററുകളെ മാറ്റിനിര്‍ത്തി അപേക്ഷ സ്വീകരിക്കുന്നത് സ്വാശ്രയ കോളേജുകളെ സഹായിക്കാനാണെന്ന് പ്രതിപക്ഷ സിന്‍ഡിക്കേറ്റ് അംഗം ഡോ. പി. റഷീദ് അഹമ്മദ് ആരോപിച്ചു. എന്‍.സി.ടി.ഇ. ആവശ്യപ്പെട്ടപ്രകാരം കൃത്യമായ നടപടികള്‍ സ്വീകരിക്കാത്തതാണ് അംഗീകാരം നഷ്ടമാകാന്‍ കാരണം. കോടതിയെ സമീപിക്കാന്‍ വൈകുന്നതിലും ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന ബി.എഡ്. സെന്ററുകളിലെ പ്രവേശനത്തിനായി കോടതിയെ സമീപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സിന്‍ഡിക്കേറ്റംഗം അഡ്വ. ടോം കെ. തോമസ് പറഞ്ഞു. നിയമവിദഗ്ധരുമായുള്ള ആലോചന ആരംഭിച്ചു. കോടതിയുടെ അനുകൂല വിധി ലഭിച്ചാല്‍ ഉടന്‍ പതിനൊന്ന് സെന്ററുകളിലേക്കും പ്രവേശനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാല ബി.എഡ്. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി നടത്തുന്നതൊഴികെയുള്ള ബി.എഡ്. സെന്ററുകളിലേക്കാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. സര്‍വകലാശാല നേരിട്ട് നടത്തുന്ന പതിനൊന്ന് സെന്ററുകളിലെ പ്രവേശനത്തിന് എന്‍.സി.ടി.ഇ. അനുമതിയായിട്ടില്ല. അനുമതി തേടി സര്‍വകലാശാല കോടതിയെ സമീപിച്ചിട്ടുണ്ട്. അനുകൂല വിധി ലഭിച്ചാല്‍ അവിടെയും പ്രവേശന നടപടി ആരംഭിക്കും.
സര്‍വകലാശാലയ്ക്ക് കീഴിലെ 57 സ്വാശ്രയ ബി.എഡ്. സെന്ററുകളിലേക്കും രണ്ട് ഗവ. സെന്ററുകളിലേക്കും രണ്ട് എയ്ഡഡ് സെന്ററുകളിലേക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന അവസാന തീയതി ഓഗസ്റ്റ് 19. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 200 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയുമാണ് അപേക്ഷാഫീസ്. വിശദവിവരങ്ങള്‍ പ്രവേശനവിഭാഗം വെബ്സൈറ്റില്‍ (admission.uoc.ac.in). ഫോണ്‍: 0494 2407017, 2660600.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..