ഫോട്ടോ:മാതൃഭൂമി
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉത്തരക്കടലാസുകള്‍ വീണ്ടും കാണാതായി. ബി.കോം ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഒരു കെട്ട് ഉത്തരക്കടലാസുകളാണ് കാണാതായത്. 2021 ഡിസംബറില്‍ നടന്ന പരീക്ഷയാണിത്.
പരീക്ഷാഫലം 25-ന് സര്‍വകലാശാല പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ചില കോളേജുകളിലെ ഫലം ഇതുകാരണം തടഞ്ഞു. ഉത്തരക്കടലാസുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് പരീക്ഷാവിഭാഗം നല്കുന്ന വിവരം.
ഈ പരീക്ഷയുടെ വിദൂര വിഭാഗം ബി.കോം ഒന്നാം സെമസ്റ്റര്‍ മൂല്യനിര്‍ണയം നടക്കുകയാണ്. ഇതില്‍ ഉത്തരക്കടലാസുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് സിന്‍ഡിക്കേറ്റ് പരീക്ഷാ സ്ഥിരംസമിതി ചെയര്മാന് ഡോ. ജി. റിജുലാല്‍ പറഞ്ഞു. നേരത്തേ രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ 83 ഉത്തരക്കടലാസുകള്‍ കാണാതായിരുന്നു. ഇവര്‍ക്ക് പ്രത്യേക പരീക്ഷ നടത്താനാണ് പിന്നീട് സര്‍വകലാശാല തീരുമാനിച്ചത്.
മൊകേരി ഗവ. കോളേജ് ബി.എസ്സി. മാത്സ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല
കോഴിക്കോട് സര്‍വകലാശാല ബി.എസ്സി. അവസാനവര്‍ഷ കണക്ക് പരീക്ഷാഫലം ബുധനാഴ്ച പുറത്തുവന്നിട്ടും, മൊകേരി ഗവ. കോളേജിലെ 42 വിദ്യാര്‍ഥികളുടെ ഫലം പ്രസിദ്ധീകരിച്ചില്ല. ഡിഫറെന്‍ഷ്യല്‍ ഇക്വേഷന് പേപ്പര്‍ മൂല്യനിര്‍ണയം നടത്താത്തതാണ് പരീക്ഷാഫലം തടഞ്ഞുവെക്കാന്‍ കാരണം. ഈ ഉത്തരക്കടലാസിന്റെ ബണ്ടില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ കൊണ്ടുപോകാന്‍ മറന്നതാണ് മൂല്യനിര്‍ണയം നടക്കാത്തതിന് കാരണമെന്നാണ് ആരോപണം. അധ്യാപകരുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഇതുസംബന്ധിച്ച് അധ്യാപകര്‍തന്നെ പരാതിപറയുന്ന ശബ്ദസന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍, ഉത്തരക്കടലാസ് കോളേജില്‍ മറന്നുവെച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. അഷ്റഫ് പറഞ്ഞു. ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ യൂണിവേഴ്സിറ്റി അധികൃതര്‍ ഒപ്പിട്ടുവാങ്ങിയതിന്റെ രേഖ കോളേജിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം തടഞ്ഞ വിവരം അറിഞ്ഞ ഉടനെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
എം.എസ്സി. പ്രവേശനത്തിനുള്ള സമയമായിരിക്കെ, പരീക്ഷാഫലം വൈകുന്നത് ഉപരിപഠനസാധ്യതയെ ബാധിക്കുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍. ഉത്തരക്കടലാസ് എത്രയുംപെട്ടെന്ന് മൂല്യനിര്‍ണയം നടത്തി ഫലം പ്രസിദ്ധീകരിക്കാനും മറ്റ് യൂണിവേഴ്സിറ്റികളിലെ പി.ജി. പ്രവേശനത്തിന്റെ സമയം ദീര്‍ഘിപ്പിക്കാനും നടപടിയുണ്ടാകണമെന്ന ആവശ്യമാണ് രക്ഷിതാക്കളും വിദ്യാര്‍ഥികളും ഉന്നയിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..