പ്രതീകാത്മക ചിത്രം | Photo-Gettyimages
ബിരുദതല ആയുർവേദ, സിദ്ധ, യുനാനി, ഹോമിയോപ്പതി കോഴ്സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിങ് കമ്മിറ്റി (എ.എ.സി.സി.സി.) നടത്തുന്ന അഖിലേന്ത്യാ അലോട്മെൻറ് രണ്ടാംറൗണ്ട് നടപടികൾ https://aaccc.gov.in -ൽ തുടങ്ങി. ഡിസംബർ അഞ്ചിന് മൂന്നുമണിവരെ രജിസ്ട്രേഷൻ നടത്താം. വൈകീട്ട് ആറുവരെ ഫീസടയ്ക്കാം. രാത്രി 11.55 വരെ ചോയ്സ് ഫില്ലിങ് നടത്താം. മൂന്നുമുതൽ രാത്രി 11.55 വരെ ചോയ്സ് ലോക്ക് ചെയ്യാം. അലോട്മെൻറ് എട്ടിന് പ്രഖ്യാപിക്കും. 17-നകം പ്രവേശനം നേടണം.
ആർക്കൊക്കെ പങ്കെടുക്കാം
ആദ്യ റൗണ്ടിന് രജിസ്റ്റർചെയ്യാത്തവർ, ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്ത് ചോയ്സ് ഫില്ലിങ് നടത്തി സീറ്റ് കിട്ടാത്തവർ, കിട്ടിയ സീറ്റ് വേണ്ടെന്ന് വെച്ച് ഫ്രീ എക്സിറ്റ് എടുത്തവർ, രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷൻ വേണമെന്ന് അറിയിച്ചവർ, പ്രവേശനം നേടിയശേഷം രണ്ടാംറൗണ്ട് നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് അത് വേണ്ടെന്നുവെച്ചവർ തുടങ്ങിയവർക്ക് പങ്കെടുക്കാം. പുതുതായി രജിസ്റ്റർചെയ്യുന്നവർ മാത്രമേ രജിസ്ട്രേഷൻ ഫീസും സെക്യൂരിറ്റി തുകയും അടയ്ക്കേണ്ടതുള്ളൂ. അതിനുശേഷമേ അവർക്ക് ചോയ്സ് ഫില്ല് ചെയ്യാൻകഴിയൂ. മറ്റുള്ളവർ വീണ്ടും രജിസ്റ്റർചെയ്യേണ്ട, ഫീസും അടയ്ക്കേണ്ട. എന്നാൽ, രണ്ടാംറൗണ്ടിലേക്ക് പുതിയ ചോയ്സ് ഫില്ലിങ് നടത്തണം. ആദ്യ റൗണ്ടിലേക്ക് നൽകിയ ചോയ്സുകൾ/അവശേഷിക്കുന്ന ചോയ്സുകൾ നിലനിൽക്കില്ല.
ആദ്യറൗണ്ട് സീറ്റ് സ്വീകരിച്ച് കോളേജിൽ പ്രവേശനം നേടിയ രണ്ടാംറൗണ്ടിലേക്ക് അപ്ഗ്രഡേഷൻ കൊടുത്തവർക്ക് ഒരുമാറ്റം വന്നാൽ അതു സ്വീകരിക്കണം. ആദ്യറൗണ്ട് സീറ്റ് നിലനിൽക്കില്ല. എന്നാൽ, രണ്ടാംറൗണ്ടിൽ അവർക്ക് ഒരു മാറ്റം വരാതിരിക്കുകയോ രണ്ടാംറൗണ്ടിലേക്ക് അവർ പുതിയ ചോയ്സുകൾ നൽകാതിരിക്കുകയോ ചെയ്താൽ അവരുടെ ആദ്യറൗണ്ട് സീറ്റ് നിലനിൽക്കും.
രണ്ടാംറൗണ്ടിൽ ചേരുന്നവർക്ക് മൂന്നാം/മോപ് അപ് റൗണ്ടിൽ അപ്ഗ്രഡേഷന് താത്പര്യമുണ്ടെങ്കിൽ രണ്ടാംറൗണ്ട് സീറ്റിൽ ചേരുന്ന വേളയിൽ അറിയിക്കണം. രണ്ടാംറൗണ്ടിൽ സീറ്റ് അപ്ഗ്രേഡ്ചെയ്ത് ലഭിക്കുന്നവർ ആദ്യറൗണ്ട് അടിസ്ഥാനമാക്കി പ്രവേശനം നേടിയ സ്ഥാപനത്തിൽനിന്ന് ഓൺലൈൻ റിലീവിങ് ലെറ്റർ വാങ്ങി പുതുതായി അലോട്മെൻറ് ലഭിച്ച സ്ഥാപനത്തിൽ പ്രവേശനം നേടണം.
രണ്ടാംറൗണ്ടിലെ അപ്ഗ്രഡേഷൻ അലോട്മെൻറ് കാറ്റഗറി മാറ്റംവഴി ആദ്യറൗണ്ട് അടിസ്ഥാനമാക്കി പ്രവേശനം നേടിയ സ്ഥാപനത്തിൽ തന്നെയാണെങ്കിലും നടപടിക്രമങ്ങൾ പാലിച്ച് പുതിയ അഡ്മിഷൻ എടുക്കണം. വിശദമായ നിർദേശങ്ങൾ https://aaccc.gov.in -ലെ യു.ജി. ലിങ്കിലെ ഇൻഫർമേഷൻ ബുള്ളറ്റിനിൽ.
Content Highlights: AYUSH Counselling 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..